വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മന്ത്രവാദിനിയായ യുവതി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശി ജിന്നുമ്മ എന്ന ഷെമീമ (38), ഭര്‍ത്താവ് ഉബൈദ്, പൂച്ചക്കാട് സ്വദേശി അന്‍സിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്റെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തി സ്വര്‍ണം തട്ടിയെടുത്തിരുന്നു. 596 പവന്‍ സ്വര്‍ണമാണ് സംഘം തട്ടിയെടുത്തത്. മന്ത്രവാദത്തിനു ശേഷം പലതവണയായി കൈപ്പറ്റിയ സ്വര്‍ണം തിരിച്ചു ചോദിച്ചപ്പോള്‍ ഗഫൂറിന്റെ തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിയെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാണ് ആയിഷയെന്ന് പൊലീസ് സൂചിപ്പിച്ചു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയില്‍ എം സി അബ്ദുല്‍ ഗഫൂറിനെ (55) 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നുവെന്നാണ് പൊലീസില്‍ നല്‍കിയ മൊഴിയിലും പരാതിയിലും വ്യക്തമാക്കിയിരുന്നത്.

സ്വാഭാവിക മരണമാണെന്നാണ് ആദ്യം പൊലീസും വീട്ടുകാരും കരുതിയത്. ഇതേത്തുടര്‍ന്ന് സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്നും 600 പവനോളം സ്വര്‍ണം കാണാതായത് മനസ്സിലായതോടെ മരണത്തില്‍ സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. എന്നാല്‍ അബ്ദുള്‍ ഗഫൂറിന്റേത് കൊലപാതകമാണെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മിറ്റി സമരം നടത്തിയിരുന്നു. തങ്ങളുടെ ആരോപണം സത്യമാണെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.

ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍

ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്നും ടീ കോം (ദുബായ് ഹോള്‍ഡിങ്സ്) കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് ടീകോമിനെ ഒഴിവാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.

ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയില്‍ നിന്നും പിന്മാറാല്‍ ടീകോം കമ്പനി സര്‍ക്കാരിനെ താല്‍പ്പര്യം അറിയിച്ചിരുന്നു. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ടീ കോം ഒഴിയുന്ന സാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചു.

യുഎഇക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള ധാരണ.

നഷ്ട പരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു 2011 ല്‍ ഒപ്പിട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്‌സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തത് കണക്കിലെടുത്ത് പിന്മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ പലവട്ടം ടീകോമുമായി ചര്‍ച്ച നടത്തിയിരുന്നു.

‘നിങ്ങള്‍ അറസ്റ്റിലായെന്ന് അറിഞ്ഞു, ചീത്തപ്പേരുണ്ടാക്കിതന്നതിനു നന്ദി’

‘നിങ്ങള്‍ അറസ്റ്റിലായെന്ന് അറിഞ്ഞു, ചീത്തപ്പേരുണ്ടാക്കിതന്നതിനു നന്ദി’

കൊച്ചി: വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തെന്ന തരത്തില്‍ തന്റെ ഫോട്ടോ ഉള്‍പ്പെടുത്തി വാര്‍ത്ത നല്‍കിയതില്‍ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി. കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍ എന്ന വാര്‍ത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം തെറ്റായി നല്‍കിയത്. വാര്‍ത്തക്കെതിരെ വിഡിയോ സന്ദേശവുമായി സാമൂഹ്യമാധ്യമത്തില്‍ മണികണ്ഠന്‍ രംഗത്തെത്തി.

‘വാര്‍ത്തയില്‍ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല.’

വാര്‍ത്തയ്ക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും നടന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നു. വാര്‍ത്തക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും മണികണ്ഠന്‍ ആചാരി വിഡിയോയില്‍ പറഞ്ഞു.

‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷന്‍

‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷന്‍

‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ’. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹോട്ടല്‍ ഭക്ഷണ വിലവിവരപ്പട്ടികയാണിത്. എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്തത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി അസോസിയേഷന്‍ പറഞ്ഞു.

ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതുനിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നുമുണ്ട്- ഭാരവാഹികള്‍ പറഞ്ഞു.

പിന്‍ ഇല്ലാതെ തന്നെ ദിവസം 5000 രൂപ വരെ കൈമാറാം, ഇടപാട് പരിധി ആയിരം; യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി

പിന്‍ ഇല്ലാതെ തന്നെ ദിവസം 5000 രൂപ വരെ കൈമാറാം, ഇടപാട് പരിധി ആയിരം; യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയര്‍ത്തി

ന്യൂഡല്‍ഹി: പിന്‍- ലെസ് ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയുമായും ഉയര്‍ത്തി റിസര്‍വ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇതോടെ ഇത് ഉടന്‍ തന്നെ വിവിധ യുപിഐ പ്ലാറ്റ്‌ഫോമുകളില്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്.

നിലവില്‍ 500 രൂപയില്‍ താഴെ ഒരു ദിവസം നിരവധി പിന്‍- ലെസ് ഇടപാടുകള്‍ നടത്താനാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം നടത്താന്‍ കഴിയുന്ന പരമാവധി ഇടപാട് പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയര്‍ത്തുന്നത് വഴി ഓഫ്‌ലൈന്‍ ഇടപാട് കൂടുതല്‍ സുഗമമായി നടത്താന്‍ സഹായിക്കും. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തുന്നതും ഉപയോക്താവിന് സൗകര്യമാകും.

അതായത് ഇനിമുതല്‍ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയില്‍ താഴെ വരുന്ന ഇടപാടുകള്‍ പിന്‍ ലെസ് ഫോര്‍മാറ്റില്‍ ഒരു ദിവസം നിരവധി തവണ ചെയ്യാം. ഒരു ദിവസത്തെ മൊത്തത്തിലുള്ള പരിധി 5000 കടക്കരുത് എന്ന് മാത്രം. യുപിഐ ലൈറ്റ് ഇടപാടുകള്‍ ഓഫ്ലൈന്‍ മോഡിലാണ്. അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍ (എഎഫ്എ) ആവശ്യമില്ല. കൂടാതെ ഇടപാട് അലര്‍ട്ടുകള്‍ തത്സമയം അയക്കുകയുമില്ല.

സ്വര്‍ണവില വീണ്ടും കൂടി; 57,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും കൂടി; 57,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം വീണ്ടും തിരിച്ചുകയറി. ചൊവ്വാഴ്ച പവന് 320 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.