പെന്‍ഷന്‍ അനര്‍ഹരെ കണ്ടെത്താന്‍ എംവിഡി, രജിസ്‌ട്രേഷന്‍ ഡാറ്റ ഉപയോഗിക്കാന്‍ സര്‍ക്കാര്‍

പെന്‍ഷന്‍ അനര്‍ഹരെ കണ്ടെത്താന്‍ എംവിഡി, രജിസ്‌ട്രേഷന്‍ ഡാറ്റ ഉപയോഗിക്കാന്‍ സര്‍ക്കാര്‍

തിരുവന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചിരുന്നു. സാമൂഹിക പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ഡാറ്റകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കാനാണ് തീരുമാനം.

വാഹനം, വലിയ വീട്, വലിയ അളവില്‍ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും. ഇതിനായി മോട്ടര്‍ വാഹനം, റവന്യു, റജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആഡംബരക്കാര്‍ ഉടമകളെ കണ്ടെത്തുന്നതിനായി എംവിഡിയുടെ ഡാറ്റ സഹായിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ള ആളുകളെ ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസിലെ ഡാറ്റ ഗുണകരമാകുമ്പോള്‍ രജിസ്‌ട്രേഷന്‍, റവന്യൂ വകുപ്പുകളുമായുള്ള ഡാറ്റ ഗുണഭോക്താക്കളുടെ ആസ്തികള്‍ വെളിപ്പെടുത്താന്‍ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍, പട്ടികയിലുള്ള ആള്‍ അനര്‍ഹനാണെന്നു കണ്ടെത്തിയാല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തിരികെ ഈടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.

ഗസറ്റഡ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പടെ 1458 സര്‍ക്കാര്‍ ജീവനക്കാരെ അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നുയ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താന്‍ ധനവകുപ്പ് പരിശോധന തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കോട്ടക്കല്‍ നഗരസഭയില്‍ 38 അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി.

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീ മരിച്ചു, 2 പേരുടെ നില ​ഗുരുതരം

പുഷ്പ 2 റിലീസിനിടെ തിക്കും തിരക്കും; ഒരു സ്ത്രീ മരിച്ചു, 2 പേരുടെ നില ​ഗുരുതരം

ഹൈ​ദരാബാദ്: അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് ​ഗുരുതര പരിക്കേറ്റത്.

പ്രീമിയർ ഷോയ്ക്കിടെയാണ് ​ദാരുണ സംഭവം. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽ‌പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ച സ്ത്രീ ഭർത്താവിനും 7, 9 വയസുള്ള കുട്ടികൾക്കുമൊപ്പമാണ് സിനിമ കാണാൻ എത്തിയത്. ഇതിൽ ഒരു കുട്ടിയുടെ നിലയാണ് ​ഗുരുതരമായത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ വീണു പോയി. ഇവർക്ക് പൊലീസ് എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ​ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.

ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ​ഗോളുകളുമായി അരയ്ജിത് സിങ് ​​ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.

കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ​ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ​ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ​ഗോളുകൾ നേടി. ശേഷിച്ച ​ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ​​ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.

നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.

കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.പ്രത്യേക ജാ​ഗ്രതാ നിർദേശം

തെക്കു കിഴക്കൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോടുചേർന്ന ലക്ഷദ്വീപ് പ്രദേശം, അതിനോടു ചേർന്ന മധ്യകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷന്‍; നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷന്‍; നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍

തിരുവനന്തപുരം: രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില്‍ എത്തിയ 76 പോലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.

വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

17കാരിയായ മകൾ ​ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിച്ചില്ല; അമ്മയ്ക്കെതിരായ പോക്സോ കേസ് റദ്ദാക്കി

17കാരിയായ മകൾ ​ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിച്ചില്ല; അമ്മയ്ക്കെതിരായ പോക്സോ കേസ് റദ്ദാക്കി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ​ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സംഭവങ്ങളിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്നു കോടതി നിരീക്ഷിച്ചു.

17കാരിയായ മകൾ 18 ആഴ്ച ​ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവിട്ടത്. തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്. വയറു വേദനയെ തുടർന്നു മകളെ 2021 മെയ് 31നു ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ​ഗർഭിണിയാണെന്നു അറിഞ്ഞത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3ന് ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കുട്ടിയെ പീഡനത്തിനു ഇരയാക്കിയ ആളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവം വിവരം പൊലീസിനെ അറിയിച്ചില്ല എന്ന പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകൾ ​ഗർഭിണിയാണ് എന്നറിയുമ്പോഴുള്ള അമ്മയുടെ ഞെട്ടലും മാനസിക വ്യഥയും കണക്കിലെടുക്കണമെന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി കണക്കിലെടുത്തു.