ഷോക്കടിക്കുമോ! വൈദ്യുതി നിരക്ക് വർധനയിൽ ഇന്ന് തീരുമാനം

ഷോക്കടിക്കുമോ! വൈദ്യുതി നിരക്ക് വർധനയിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അം​ഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.

നിരക്ക് വർധന മുഖ്യമന്ത്രിയെ അറിയിക്കും. ഇതിനു ശേഷം വിജ്ഞാപനം ഇറക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി, റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അം​ഗീകരിക്കാൻ ഇടയില്ല. വേനൽ കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ താരിഫ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

വൈദ്യുതി നിരക്ക് കൂടുന്നത് സാധാരണക്കാരനു ഇരുട്ടടിയാകും. നിരക്ക് വർധനയ്ക്ക് നിരവധി കാരണങ്ങളാണ് ബോർഡ് പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിലെ ചെലവ് വർധന, പ്രവർത്തന, പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർധനവിലെ കാരണങ്ങളായി പറയുന്നത്.

എച്ച്പിസിഎൽ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന

എച്ച്പിസിഎൽ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന

കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അഥോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദ​ഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്പിസിഎൽ വ്യക്തമാക്കി.

ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകീട്ട് ആറ് മണിയോടെയാണ് ഡീസൽ ചോർച്ച കണ്ടെത്തിയത്. അര കിലോമീറ്ററോളം ദൂരം ഡീസൽ ഒഴുകിയെത്തി.

ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ ശേഖരിക്കാൻ നാട്ടുകാർ കൂടിയതും ആശങ്കയ്ക്കിടയാക്കി. നാട്ടുകാരുടെ പരാതിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നു. ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോർന്നുവെന്നാണ് വിവരം.

അതിനിടെ ജനങ്ങൾ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. മുമ്പും ഇത്തരത്തിൽ ഇന്ധനച്ചോർച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.

സില്‍വര്‍ലൈന്‍: ഇന്ന് നിര്‍ണായക യോഗം; ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും

സില്‍വര്‍ലൈന്‍: ഇന്ന് നിര്‍ണായക യോഗം; ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കും. ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും.

നിലവിലെ പദ്ധതി രേഖയിലെ അടിസ്ഥാന കാര്യങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്ന് വ്യക്തമാകും. വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്‌ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്‌സ്‌ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം.

വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദ്ദേശങ്ങളും റെയില്‍വേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. സിൽവർ ലൈനിൽ റെയിൽവേയുടെ നയം അറിയണമെന്ന് കെ റെയിൽ ആവശ്യപ്പെട്ടേക്കും. നയപരമായി അം​ഗീകരിച്ചാൽ മാത്രം ഡിപിആർ പരിഷ്കരണമെന്നാണ് കെ റെയിൽ അധികൃതരുടെ നിലപാട്. സിൽവർ ലൈനിന്റെ കാര്യത്തിൽ മൂന്നുവട്ടം ദക്ഷിണ റെയിൽവേയുമായി കെ-റെയിൽ ചർച്ചകൾ നടത്തിയിരുന്നു. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

ആലപ്പുഴ അപകടം; കാറോടിച്ച വിദ്യാർഥി പ്രതി

ആലപ്പുഴ അപകടം; കാറോടിച്ച വിദ്യാർഥി പ്രതി

ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കാറോടിച്ച ​ഗൗരിശങ്കറിനെയാണ് പ്രതിയാക്കുക.

കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.

വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്. അപകടത്തിൽ പരിക്കേറ്റ് ​ഗൗരിശങ്കർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി; പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

ആറ്റിങ്ങൽ: നിരവധി ഗതാഗത പ്രശ്നങ്ങളും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ട പരിഹാരം കണ്ടെത്താൻ മോട്ടാർ വാഹന വകുപ്പ് സമഗ്ര പരിശോധനയുമായി രംഗത്ത്. സ്വകാര്യ ബസ് ജീവനക്കാർക്ക് നൈം ബോർഡ് നിർബന്ധമാക്കി. ബസിനുള്ളിലെ ഡ്രൈവറുടെ ക്യാബിനുള്ളിൽ മറ്റുള്ളവർക്ക് കർശന വിലക്ക്. വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടര കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരു രൂപയാണ് ചാർജ്. 5 കിലോമീറ്ററാണെങ്കിൽ 2 രൂപയും കൂടുതൽ ചാർജ് ഈടാക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

സ്പീഡ് ഗവേൺ, എയർ ഹോൺ, ടയർ എന്നിവ അടക്കമുള്ള പരിശോധനകൾ മോട്ടോർ വെഹിക്കിൾ വിഭാഗം പരിശോധന നടത്തി. നിലവിൽ പരിശോധനയും ബോധവത്ക്കരണവും, നിർദ്ദേശങ്ങളുമാണ് ബന്ധപ്പെട്ടവർ നൽകിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന അധികൃതർ പറഞ്ഞു.

സ്വകാര്യ ബസുകൾകളുടെ പരിശോധനയ്ക്കൊപ്പം കെ.എസ്.ആർ.ടി. ബസുകളിലും അധികൃതർ പരിശോധന നടത്തി. തുടർന്ന് നിർദ്ദേശങ്ങൾ നടപ്പിലാകാത്ത സ്വകാര്യ ബസ് കസ്റ്റഡിലെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കഴിഞ്ഞ 27 ന് സ്വകാര്യ ബസ് തട്ടി 3 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത് മുതൽ കഴിഞ്ഞ ദിവസം രാത്രി സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് പോയ പത്താം ക്ലാസുകാരൻ്റെ കാലിൽ കാർ കയറി പരിക്കേറ്റതടക്കം നിരവധി വാഹനാപകടങ്ങൾ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി

ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റ് 2024 ജില്ലാതല മത്സരത്തിൽ 100% മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗവ. യു പി എസ് വഞ്ചിയൂരിലെ വിദ്യാർത്ഥി
ആദിനാരായൺ വി എം.