കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു; കേസിന് പിന്നാലെ നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു; കേസിന് പിന്നാലെ നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍

പാലക്കാട്: കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെന്‍ഷന്‍. ഒക്ടോബര്‍ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് നടന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തത്ത്.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കോഴിക്കോട്ടെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബര്‍ 29നു റെയ്ഡ് നടന്നത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് മണികണ്ഠന്‍.

പള്ളികള്‍ വിട്ടു നല്‍കണമെന്ന വിധി അന്തിമം; സഭാ കേസില്‍ സുപ്രീം കോടതി, ആറു പള്ളികള്‍ കൈമാറാന്‍ നിര്‍ദേശം

പള്ളികള്‍ വിട്ടു നല്‍കണമെന്ന വിധി അന്തിമം; സഭാ കേസില്‍ സുപ്രീം കോടതി, ആറു പള്ളികള്‍ കൈമാറാന്‍ നിര്‍ദേശം

ഡൽഹി: യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീർണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. സാമ്പത്തിക ഭരണകാര്യങ്ങൾ കൂടി ഏറ്റെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി വി പ്രശാന്തിനും കോടതി നോട്ടീസ്

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി വി പ്രശാന്തിനും കോടതി നോട്ടീസ്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്നില്ലെന്നും, ലഭിച്ച തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായ സാഹചര്യത്തില്‍ നവീന്‍ബാബു സഞ്ചരിച്ചിരുന്ന വഴിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാത്തരം തെളിവുകളും സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എഡിഎം താമസിച്ച സ്ഥലത്ത് സിസിടിവി കാമറകൾ ഇല്ലയെന്നുമാണ് പ്രോസിക്യൂഷൻ പറ‍ഞ്ഞത്.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മരച്ചീനി വിളവെടുപ്പ് നടന്നു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മരച്ചീനി വിളവെടുപ്പ് നടന്നു

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് പി ടി എ പ്രസിഡന്റ് ഇ നസീർ നിർവഹിച്ചു. വിളവെടുത്ത 15 കിലോഗ്രാം മരച്ചീനി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്, യു പി എസ് ആർ ജി കൺവീനർ കല കരുണാകരൻ സീഡ്‌ കോഡിനേറ്റർമാരായ സൗമ്യ എസ്,ഷാബി മോൻ എസ് എൻ, എന്നിവർ പങ്കെടുത്തു.

ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

ഉള്ളുനീറി വണ്ടാനം മെഡിക്കൽ കോളേജ്; പ്രതീക്ഷയോടെ എത്തിയ കലാലയത്തിൽ നിന്നും ചേതനയറ്റ് മടക്കം

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. മരണത്തിലും ഒരുമിച്ചായിരുന്ന കൂട്ടുകാർക്ക് നെഞ്ച് പൊട്ടിയാണ് വണ്ടാനം മെഡിക്കല്‍ കോളേജിലെ സഹപാഠികൾ വിട നൽകിയത്. വിദ്യാര്‍ത്ഥികളായ ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് കോളേജിലെത്തിയത്.

പ്രിയപ്പെട്ടവർക്ക് വണ്ടാനം മെഡിക്കൽ കോളേജ് വിടനൽകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളും, പ്രിയപ്പെട്ട സഹപാഠികളുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുമാണ് മെഡിക്കല്‍ കോളേജില്‍ തടിച്ചുകൂടിയത്. മന്ത്രി വീണ ജോര്‍ജ്, സജി ചെറിയാന്‍ തുടങ്ങി നിരവധി ജനപ്രതിനിധകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

കഴിഞ്ഞ ദിവസം ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.

പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. സിനിമയ്ക്ക് പോകാന്‍ വേണ്ടിയായിരുന്നു ഇവര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് കാഴ്ച മങ്ങിയതോ ബ്രേക്ക് കിട്ടാതിരുന്നതോ ആകാം അപകടത്തില്‍ കലാശിച്ചതെന്നാണ് എംവിഡി ഉദ്യോഗസ്ഥരുടെ നിഗമനം.

ബാഡ്മിന്റൻ സൂപ്പർതാരം പി.വി.സിന്ധു വിവാഹിതയാകുന്നു; വിവാഹം ഡിസംബർ 22ന് ഉദയ്പുരിൽ

ബാഡ്മിന്റൻ സൂപ്പർതാരം പി.വി.സിന്ധു വിവാഹിതയാകുന്നു; വിവാഹം ഡിസംബർ 22ന് ഉദയ്പുരിൽ

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ചാണ് വിവാഹം. 24ന് ഹൈദരാബാദിൽ റിസപ്ഷൻ.

രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ പറഞ്ഞു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ പറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു.