by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നിര്‍ത്തിവെച്ച് കോടതി. പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു.
കെഎം ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നുമുതലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ഇന്ന് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെക്ഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അപേക്ഷ സമര്‍പ്പിച്ചത്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് കേസ് താഴത്തെ നിലയിലെ മറ്റേതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്.
അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി വിചാരണനടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. തീയതി നിശ്ചയിച്ച് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചതെല്ലാം മരവിപ്പിക്കുകയും ചെയ്തു. ഇനി പുതിയ കോടതിയാണ് വിചാരണ എന്നു തുടങ്ങുമെന്ന് തീരുമാനിക്കുക.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് പ്രതി ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഇതിനുമുന്‍പ് കുറ്റപത്രം വായിക്കുന്നതും ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജാരാകത്തതിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ കരണമാണ് ശ്രീറാമിന് എത്തിച്ചേരാന്‍ സാധിക്കാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
by Midhun HP News | Dec 2, 2024 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജലഗതാഗത രംഗത്തേയ്ക്കും സേവനം വ്യാപിപ്പിച്ച് ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഊബര്‍. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ആപ്പ് ഉപയോഗിച്ച് ശിക്കാര ബുക്ക് ചെയ്യാനുള്ള സേവനമാണ് ഊബര്‍ ആരംഭിച്ചത്. ഏഷ്യയില്‍ ആദ്യമായാണ് ഊബര്‍ ജലഗതാഗത സേവനം നല്‍കുന്നത്.
‘സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാര്‍ക്ക് അവരുടെ ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഊബര്‍ ശിക്കാര. കശ്മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ ആക്‌സസ് ലഭ്യമാക്കാനും വേണ്ടി പുതിയ സേവനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’- ഊബര്‍ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിങ് പറഞ്ഞു.
ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയില്‍ തന്നെ ആദ്യമാണെന്നും ഊബര്‍ വക്താവ് സ്ഥിരീകരിച്ചു. ഇറ്റലിയിലെ വെനീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ ജലഗതാഗത ബുക്കിങ് സേവനം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ തുടക്കത്തില്‍ ഏഴ് ശിക്കാരകളിലാണ് സേവനം നല്‍കുക. സേവനത്തിന്റെ പുരോഗതി അടിസ്ഥാനമാക്കി ക്രമേണ ശിക്കാര ബുക്കിങ് സേവനം വിപുലപ്പെടുത്തും. ഊബര്‍ ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ശിക്കാര ബുക്ക് ചെയ്യാന്‍ കഴിയും. ഊബര്‍ അതിന്റെ ശിക്കാര പങ്കാളികളില്‍ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും മുഴുവന്‍ തുകയും അവര്‍ക്ക് കൈമാറുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
ഓരോ ഊബര്‍ ശിക്കാര റൈഡിനും രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ 1 മണിക്കൂര്‍ സമയത്തേക്ക് ബുക്ക് ചെയ്യാം. ശിക്കാര ഘട്ട് നമ്പര്‍ 16ല്‍ നിന്ന് 4 യാത്രക്കാരെ വരെ അനുവദിക്കും. ഊബര്‍ ശിക്കാര റൈഡുകള്‍ 12 മണിക്കൂര്‍ മുമ്പും 15 ദിവസം മുമ്പും ബുക്ക് ചെയ്യാം.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കൊച്ചി: എരൂര്‍ ജികെഎം യുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയ പി റിനില്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് മന്ത്രി പി ശിവന്‍ കുട്ടി. ‘നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്..!’ എന്ന കുറിപ്പോടെയാണ് മന്ത്രി വിഡിയോ പങ്കിട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം അനയ മനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. അനയാസമായി ചുവടു വയ്ക്കുന്ന അനയയുടെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്. കഴിഞ്ഞ ദിവസം ഫ്രീ പിരീയഡ് സമയത്ത് കുട്ടികളെ ക്ലാസ് റൂമില്‍ നിന്ന് പുറത്തിറക്കിയിരുന്നു. മൈതാനത്ത് എത്തിയ കുട്ടികള്‍ക്കായി പാട്ടുംവെച്ചു കൊടുത്തിരുന്നു. ഈ സമയത്താണ് വിദ്യാര്‍ഥികള്‍ നൃത്തം ചെയതത്.
അനയ മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നത് കണ്ട സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ കെ ശ്രീലതയാണ് ഫോണില്‍ വിഡിയോ പകര്‍ത്തിയത്. ബിആര്‍സി ട്രെയ്‌നര്‍ ടി വി ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂര്‍ സ്വദേശയായ പി റിനിലിന്റെയും രാജിയുടെയും ഇളയമകളാണ് അനയ.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം പ്രിൻസിപാളിന് കൈമാറി. സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് എൽ സി സെക്രട്ടറി സി ചന്ദ്രബോസ്, എൽ സി അംഗങ്ങളായ ടി ദിലീപ് കുമാർ, ബിജു പാറയിൽ, തച്ചൂർ കുന്ന്ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. പ്രശ്നത്തിൽ നടപടി ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു.
by Midhun HP News | Dec 2, 2024 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വനിതാ ജംഗ്ഷൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്‌ടർ അനുകുമാരി നിർവ്വഹിച്ചു. പ്രസിഡന്റ് എം. ഹസീന, ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ഐ സി ഡി എസ് സൂപ്പർവൈസർ ബിനു, അശ്വതി, പദ്മ, ചെയർപേഴ്സൺ പത്മ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Dec 2, 2024 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍ പക്ഷി വേട്ട. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ പിടിച്ചെടുത്തത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പക്ഷികളെ കണ്ടെത്തിയത്.
ചിറകടി ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെയാണ് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറി. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തും.
പിടിച്ചെടുത്തവയില്‍ മൂന്ന് തരത്തില്‍പെട്ട പക്ഷികളാണ് ഉണ്ടായിരുന്നത്. 25,000 മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളുണ്ട്. 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്. നടപടികള്‍ക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോള്‍ ഡോക്ടര്‍മാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികള്‍.
Recent Comments