by Midhun HP News | Nov 27, 2024 | Latest News, കേരളം
തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് പദവി ഉള്‍പ്പടെ ഒഴിഞ്ഞ് കെ സച്ചിദാനന്ദന്‍. എഡിറ്റിങ് ജോലികള്‍, എല്ലാ ഫൗണ്ടേഷന്റെയും ഭാരവാഹി സ്ഥാനം ഒഴിഞ്ഞതായും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു.
‘എനിക്ക് ഭുമിയിലെ സമയം വളരെ കുറവാണ്. ഇതിനകം തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലാപ് ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. സംഘടനകളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുകയാണ്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി തുടങ്ങിയ എല്ലാ ചുമതലകളില്‍ നിന്ന് ഒഴിയുന്നുവെന്നും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ എഡിറ്റിങ് ജോലികളില്‍ നിന്നും പിന്‍വാങ്ങുന്നു’ സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിയുന്നുന്നതായി അറിയിച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. വിശ്രമം വേണമെന്ന് സച്ചിദാനന്ദന്‍ അറിച്ചതായും അദ്ദേഹം പറഞ്ഞു.
പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും ( Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പംനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.
by Midhun HP News | Nov 27, 2024 | Latest News, കേരളം
തൃശൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.
ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു.കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.
by Midhun HP News | Nov 27, 2024 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും തിരുമുറ്റത്തും സോപാനത്തിന് മുന്നിലും ഭക്തര്‍ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പതിനെട്ടാംപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതില്‍ കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല തീര്‍ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും.
പൊലീസിന്റെ സേവനം സ്തുത്യര്‍ഹമാണെങ്കിലും ഇത്തരം പ്രവണത ആശാസ്യമല്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒട്ടേറെ പ്രത്യേകതയുള്ള ശബരിമലയില്‍ ക്ഷേത്ര മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉച്ചയ്ക്ക് ഇടവേളയിലാണ് ഫോട്ടോ എടുത്തതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ശബരിമലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ സുരക്ഷ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പമ്പ, ശബരിമല, നിലയ്ക്കല്‍, സന്നിധാനം, തീര്‍ഥാടന പാത എന്നിവിടങ്ങളില്‍ കച്ചവടക്കാര്‍ അമിതവില ഈടാക്കുകയോ മോശം ഭക്ഷണം നല്‍കുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

by Midhun HP News | Nov 27, 2024 | Latest News, കേരളം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6 ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. ഈ അന്വേഷണ സംഘത്തെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. അതില്‍ സത്യം ഉണ്ടായിരിക്കില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നവിധം കെട്ടിച്ചമച്ച തെളിവുകളായിരിക്കും കുറ്റപത്രത്തില്‍ ഉണ്ടാവുക എന്നും മഞ്ജുഷ ആരോപിച്ചു. സത്യം കണ്ടെത്താന്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി.
ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണന്‍ 33609 വോട്ടുകള്‍ നേടി.
രാഹുല്‍ ചരിത്രവിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

by Midhun HP News | Nov 27, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പൊലിസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
26കാരിയായ ചിത്താപ്പുര്‍ സ്വദേശി കസ്തൂരി തിങ്കളാഴ്ചയാണ് കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയോടെ തട്ടിപ്പുസംഘം നഴ്‌സിന്റെ വേഷത്തില്‍ അമ്മയ്ക്ക് സമീപത്ത് എത്തുകയും രക്തപരിശോധനയ്‌ക്കെന്ന വ്യാജേനെ നവജാതശിശുവിനെ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നാതിരുന്ന കുടുംബം കുഞ്ഞിനെ കൈമാറി.
ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കിട്ടാതിരുന്നതോടെ കുടുംബം ഡോക്ടറെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ ഒരു നഴ്‌സും കുട്ടിയെ എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയലെത്തിയത് കണ്ടെത്തി. ഒപ്പം സഹായിക്കാനായി മറ്റൊരു സത്രീയെയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിനായി നാല് സംഘങ്ങള്‍ രൂപികരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് അമ്മ കസ്തൂരിക്ക് മന്ത്ര ശരണ്‍ പ്രകാശ് പാട്ടില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ 24 മണിക്കൂറിനകം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണമികവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

Recent Comments