ആശുപത്രിയിൽ വച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

ആശുപത്രിയിൽ വച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് ആയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്.കഴി‌ഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഗർഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയും കൊണ്ടാണ് അക്ബർ ഷാ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബർ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബർ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു.

അപ്പോൾ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യിൽ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബർഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തിൽ അക്ബർ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന് കൈമാറുകയായിരുന്നു. വർക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപം വച്ചായിരുന്നു കുത്തേറ്റത്. വൈകുന്നേരം 7 മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

2-3ന് ശ്രീനിധിയെ തകര്‍ത്തു; ഐലീഗില്‍ വിജയത്തുടക്കമിട്ട് ഗോകുലം കേരള

ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന്‍ ചാംപ്യന്‍മാരായ ഗോകുലം കേരള എഫ്‌സി. ആവേശം അവസാന സെക്കന്‍ഡ് വരെ നിന്ന ഉദ്ഘാടന പോരില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശ്രീനിധി ഡെക്കാനെ തകര്‍ത്തു.

ആദ്യ പകുതിയില്‍ ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.

ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വലയില്‍ പന്തെത്തിച്ചത്.

കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള്‍ 60ാം മിനിറ്റില്‍ ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 84ാം മിനിറ്റില്‍ അബെലെഡോ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് റമഡിന്‍താരയുടെ ഗോള്‍ ടീമിന്‍റെ ജയം ഉറപ്പിച്ചു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍

തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പ്രിസൈഡിങ് ഓഫീസറോ പോളിങ് ഓഫീസറോ മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

മരണം സ്ഥിരീകരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ചു; സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് യുവാവ്

മരണം സ്ഥിരീകരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ചു; സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉയിര്‍ത്തെഴുന്നേറ്റ് യുവാവ്

മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രോഹിതാഷിനെ ജുന്‍ജുനുവിലെ ബിഡികെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെ മരിച്ചതായി അറിയിച്ച ഡോക്ടര്‍മാര്‍ ഇയാളെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹം ചിതയില്‍ വെച്ച സമയത്ത് പെട്ടെന്ന് ഇയാള്‍ ഉണര്‍ന്നു. ശ്വാസം മുട്ടിയപ്പോഴാണ് കണ്ണു തുറന്നതെന്നാണ് രോഹിതാഷ് പറയുന്നത്.

ഇയാളെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ഡോ. യോഗേഷ് ജാഖര്‍, ഡോ.നവനീത് മീല്‍, ഡോ.സന്ദീപ് പച്ചാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ രൂപീകരിക്കാന്‍ മെഡിക്കല്‍ വകുപ്പ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ.മീണ പറഞ്ഞു.