by Midhun HP News | Nov 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിലെ നടപ്പാതയുടെയും കോളനിയുടെ നവീകരണ പ്രവർത്തനങ്ങളുടെയും ആദ്യഘട്ട ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ. ജെ രവികുമാർ അദ്ധ്യക്ഷനായിരുന്നു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വാർഡ് വികസനകമ്മിറ്റി അംഗം പി. ജയചന്ദ്രൻനായർ, മാധവൻനായർ, ഫസിലുദ്ദീൻ, മുരളി തുടങ്ങിയവർ പങ്കെടുത്തു.
പണയിൽ കോളനി നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വന്തം വീടുകളിലേക്ക് യാത്ര ചെയ്യാനുള്ള നടപ്പാത എന്നത്. നഗരസഭയുടെ ജനകീയ ആസൂത്രണംപദ്ധതി പ്രകാരം ലഭിച്ച വീടുകളാണ് പ്രദേശത്ത് ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. എന്നാൽ ശക്തമായ മഴപെയ്താൽ ചതിപ്പു വയലുകളുടെ കരകളിൽ സ്ഥിതിചെയ്യുന്ന വീടുകളിൽ എത്താൻ ചെളിനിറഞ്ഞ വയലുകളിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു ഇവർക്ക്.
കുട്ടികൾക്ക് സ്കൂളിൽ പോകുവാനും, പ്രായമായവർക്കും രോഗികൾക്കും മെയിൻ റോഡിൽ എത്തുവാനും ഏറെ പണിപ്പെടേണ്ട ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും പ്രദേശത്തെ അടിസ്ഥാന വികസന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ഫണ്ട് അനുവദിക്കുകയും പ്രദേശവാസികൾക്ക് അവരവരുടെ വീടുകളിൽ സുഗമമായി യാത്ര ചെയ്യുന്നതിനു വേണ്ടി പുതിയ നടപ്പാതയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കുകയും ചെയ്തു.

by Midhun HP News | Nov 11, 2024 | Latest News, ജില്ലാ വാർത്ത
കണിയാപുരം ഉപജില്ല കലോത്സവത്തിൽ ആതിഥേയരായ തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 89 എ ഗ്രേഡ് ഉൾപ്പെടെ 488 പോയിന്റ് നേടിയാണ് സ്കൂൾ മുന്നിലെത്തിയത്. ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം, ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം രണ്ടാം സ്ഥാനം, യു പി വിഭാഗത്തിൽ അഞ്ചാം സ്ഥാനം, അറബിക് കലോത്സവത്തിലെ മികച്ച വിജയം എന്നിവയാണ് സ്കൂളിന് ഓവറോൾ കിരീടം നേടി കൊടുത്തത്.
ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടവും സ്കൂൾ കരസ്ഥമാക്കി. ഏവർറോളിങ് ട്രോഫി അദ്ധ്യാപകരും പി.ടി.എ,എസ്.എം.സി പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പി. ടി. എ, എസ്, എം. സി അംഗങ്ങളും മുഖ്യാതിഥിയായി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാര ജേതാവ് എസ്. ആർ ലാലും പങ്കെടുത്തു. ട്രോഫി ഏറ്റുവാങ്ങിയ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി. ടി. എ, എസ്. എം. സി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആഹ്ലാദപ്രകടനവും നടത്തി.

by Midhun HP News | Nov 11, 2024 | Latest News, കേരളം
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി പി ദിവ്യ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്, എച്ച് ഒ ശ്രീജിത്ത് കോടേരിയുടെ മുൻപിൽ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി ഉത്തരവിട്ടിരുന്നു.
പി പി ദിവ്യ അര മണിക്കൂറോളമാണ് സ്റ്റേഷനിൽ ചിലവഴിച്ചത്. ദിവ്യ ഒപ്പിടാൻ എത്തുന്നുണ്ടെന്നറിഞ്ഞ് വൻ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ ടൗൺ സ്റ്റേഷന് മുൻപിൽ നിർത്തിയിട്ട കാറിൽ കയറി പോകുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ നീലക്കാറിൽ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകർ, പ്രദേശിക നേതാക്കൾ എന്നിവർ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കർശന വ്യവസ്ഥകളോടെയാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
by Midhun HP News | Nov 11, 2024 | Latest News, മരണം
ആറ്റിങ്ങൽ: സി.പി.ഐ.എം മുദാക്കൽ, ഇടയ്ക്കോട് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും , മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കൃഷ്ണ പിള്ള അന്തരിച്ചു.
ചിറയിൽകീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കേരള ഗ്രന്ഥശാല സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗം, ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ മുൻ പ്രസിഡന്റ്, ഇടയ്ക്കോട് ക്ഷീരോല്പാദക സഹകരണ സംഘം മുൻ പ്രസിഡൻന്റ് എന്നി നിലകളിലും പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച കൃഷ്ണപിള്ള.
സംസ്കാരം നാളെ (12/11/2024) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ നടക്കും.
by Midhun HP News | Nov 11, 2024 | Latest News, കേരളം
തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂരിൽ പ്രൊവിഷണൽ സ്റ്റോർ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തിൽ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂർ പാരഡൈസ് വീട്ടിൽ വിനോദ് കുമാർ(43) ആണ് ക്വട്ടേഷൻ നൽകിയത്.
കടയിലെത്തിയ തന്റെ പെൺസുഹൃത്തിനോട് രാജൻ മോശമായി പെരുമാറിയതിൽ പ്രകോപിച്ചായിരുന്നു ക്വട്ടേഷൻ. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുന്നത്തുകാൽ, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനിൽ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.
കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്. കടയടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന രാജനെ പിന്നിൽനിന്നും കാറിൽ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘം ഇടിച്ചിട്ടു. തുടർന്ന് വാളും ഇരുമ്പ് പൈപ്പുംകൊണ്ട് ആക്രമിച്ചു. ഈ സമയം രാജന്റെ കടയിലെ ജീവനക്കാരൻ പിന്നാലെ വരുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് ഇയാൾ തടയാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ വാൾവീശി ഭീഷണിപ്പെടുത്തിയശേഷം കടന്നുകളഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ നെടുമങ്ങാട്, മുണ്ടേല, കൊക്കോതമംഗലം, മേലെവിളവീട്ടിൽ രഞ്ജിത്(34), നെടുമങ്ങാട്, മഞ്ച, പത്താംകല്ല്, പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ(32), പാങ്ങോട്, കല്ലറ, തുമ്പോട്, ഒഴുകുപാറ, എസ്.ജി. ഭവനിൽ സാം(29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ആന്റണിയും വിനോദ്കുമാറും പിടിയിലാകുന്നത്. ഇരുവരും രാജനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്നു.

by Midhun HP News | Nov 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.
Recent Comments