‘ഇനി അല്‍പ്പം റിവേഴ്‌സിട്ട് പോകാം’; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ

‘ഇനി അല്‍പ്പം റിവേഴ്‌സിട്ട് പോകാം’; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപ കുറഞ്ഞതോടെയാണിത്. 57,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 7220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 11 ദിവസത്തിനിടെ ഏകദേശം 1300 രൂപയാണ് കുറഞ്ഞത്. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരാമവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. വോട്ട് പിടിക്കാനായി കൂടുതൽ നേതാക്കൾ ഓരോ മുന്നണിക്ക് വേണ്ടിയും ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടർ റാലികളും നടക്കുന്നുണ്ട്

വയനാട്ടിൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രണ്ടിടത്തും ഇരുവരും ഒന്നിച്ച് റോഡ് ഷോയ്‌ക്കെത്തും

എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് കൽപ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ് ഷോയിൽ പങ്കെടുക്കും.

ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം കെപിസിസി പ്രസിഡന്റ് കെ സുധാകരനും എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനൊപ്പം പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിനും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.

സീപ്ലെയിൻ കൊച്ചിയിൽ; ഇനി മാട്ടുപ്പെട്ടിയിലേക്ക് പറക്കും

സീപ്ലെയിൻ കൊച്ചിയിൽ; ഇനി മാട്ടുപ്പെട്ടിയിലേക്ക് പറക്കും

കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ ‘ഡിഹാവ്‌ലന്‍ഡ് കാനഡ’ കൊച്ചി കായലില്‍ ബോള്‍ഗാട്ടി പാലസിനും നഗരത്തിനുമിടയിലെ പാലസ് വാട്ടര്‍ഡ്രോമില്‍ ഇറങ്ങി.

17 സീറ്റുള്ള വിമാനത്തിന്‍റെ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ സര്‍വീസ് തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും.

ഞായറാഴ്ച പകല്‍ 11 മണിക്കാണ് വിമാനം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നാണ് കൊച്ചി കായലിൽ വിമാനം പറന്നിറങ്ങിയത്.

കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയല്‍ മോണ്‍ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാര്‍.

സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, വ്യോമായാന സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടര്‍ പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സീപ്ലെയിനിന് കൊച്ചിയിൽ സ്വീകരണം നല്‍കി.

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

വിക്കറ്റ് കാത്ത് സ്റ്റബ്‌സ്; ഇന്ത്യയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഡര്‍ബന്‍: ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ തോല്‍വി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആറു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ഇന്നിംഗ്‌സ് ആണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. 44 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മണത്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഒരു ഭാഗത്ത് വിക്കറ്റ് കളയാതെ 47 റണ്‍സ് നേടിയാണ് സ്റ്റബ്‌സ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 125 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.

45 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവരും നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് -ഹര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. ആറ്റിങ്ങൽ പാർവതിപുരം ഗ്രാമം ലിറ്റിൽ ബീസ് സ്കൂളിൽ നടന്ന മത്സരം മുൻ കെ.പി.സി.സി സെക്രട്ടറിയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാനുമായ എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.

നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ കൊളാഷ് സുരേഷ് ബാബു, മംഗലപുരം ഗ്രാമപഞ്ചായത്തംഗം ശ്രീചന്ദ്, നെഹ്റു സാംസ്കാരിക വേദി സെക്രട്ടറി സജിൻ, ലിറ്റിൽ ബീസ് സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ആറ്റിങ്ങൽ എസ്.ഐ സുനിൽ വിതരണം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനം നെഹ്റു അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ

കടയ്ക്കാവൂരിൽ മോഷണ കേസിലെ പ്രതി അറസ്റ്റിൽ. വക്കം ഇറങ്ങുകടവ് വാടയിൽ വീട്ടിൽ മീരയുടെ വീട്ടിൽ കഴിഞ്ഞ അഞ്ചാം തീയതി രാത്രി 11 മണിയോടുകൂടി വീടിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഓട്ട് വിളക്കും ഉരുളിയും മോഷ്ടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിയായ വക്കം കൊന്ന വിളാകം വീട്ടിൽ നിഷാന്ത് (37) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.