സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; 58,000ല്‍ താഴെ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ; 58,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അക്രമണം

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അക്രമണം

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അക്രമണം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്. രാത്രി 7. 45 ഓടെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഡിപ്പോയിലെത്തിയ യുവാക്കൾ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ജീവനക്കാരെ മർദ്ദിച്ചത്.
ആറ്റിങ്ങൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെത്തു.

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ് ട്വൻ്റി ഫോറിനോട് പറഞ്ഞു.പരാതി ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് പ്രൊഡ്യൂസേഴസ് അസോസിയേഷൻ നീക്കമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി

അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് നേരിട്ട ലൈംഗിക അധിക്ഷേപത്തിൽ പരാതി കൊടുത്തത് തന്നെയാണ് അസോസിയേഷൻ നടപടിക്ക് കാരണമെന്ന് സാന്ദ്ര തോമസ് ആവർത്തിച്ചു.ഉന്നയിച്ചത് എല്ലാ നിർമാതാക്കളും നേരിടുന്ന പ്രശ്‌നമാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.എന്നാൽ സാന്ദ്രയ്ക്ക് പിന്നാലെ വിശദീകരണ കത്ത് നൽകിയ ഷീല കുര്യനെതിരെയും അസോസിയേഷൻ നടപടി ഉടൻ ഉണ്ടാകും.മാധ്യമങ്ങളിലുടെ സംഘടനയെ ഇകഴ്ത്തിയെന്ന് ചൂണ്ടിക്കാട്ടി ഷീല കുര്യന് രണ്ടു തവണയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്.അതേസമയം, നിലവിലെ വിവാദത്തിൽ പ്രതികരിക്കേണ്ടതില്ല എന്നാണ് ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷൻ്റെ തീരുമാനം.

ഇനി പ്രസംഗിക്കാനില്ല, അത് സമയം കൊല്ലല്‍ മാത്രം; സച്ചിദാനന്ദന്‍

ഇനി പ്രസംഗിക്കാനില്ല, അത് സമയം കൊല്ലല്‍ മാത്രം; സച്ചിദാനന്ദന്‍

തൃശൂര്‍: പൊതുജീവിതം പതിയെ അവസാനിപ്പിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. പൊതുപരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ. താത്കാലിക മറവി രോഗത്തിന് ചികിത്സയിലാണെന്നും സമ്മര്‍ദ്ദം രോഗാവസ്ഥ കൂട്ടുന്നുവെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും’ സച്ചിദാനന്ദന്‍ കുറിപ്പില്‍ പറയുന്നു.

സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഞാന്‍ 7വര്‍ഷം മുന്‍പു ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia)വിധേയനായിരുന്നു. അന്നു മുതല്‍ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവമ്പര്‍1 ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ് – ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈരണ്ടാം അവതാരത്തിന് പ്രധാനകാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു.

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചിലപരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കേസില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുറ്റകൃത്യം ചെയ്തു എന്ന് ആരോപിക്കുന്ന ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി എം വര്‍ഗീസാണ് റിപ്പാര്‍ട്ട് നല്‍കിയത്. കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.

കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു നിവിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ യുവതി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ ദുബായിലായിരുന്നില്ലെന്ന് തെളിഞ്ഞു. നിവിന്‍ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. യുവതി പരാതിപ്പെട്ടതിന് പിന്നാലെ ആരോപണങ്ങള്‍ തള്ളി നിവിന്‍ രംഗത്തെത്തുകയായിരുന്നു. വാര്‍ത്ത പുറത്തുവന്ന രാത്രി തന്നെ നിവിന്‍ പോളി വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

പ്രമുഖ വിവര്‍ത്തകന്‍ എം പി സദാശിവൻ അന്തരിച്ചു

പ്രമുഖ വിവര്‍ത്തകന്‍ എം പി സദാശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു. ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായും പ്രവർത്തിച്ചു. ആയിരത്തൊന്ന് രാവുകള്‍, ഡ്രാക്കുള, ഡെകാമെറണ്‍ കഥകള്‍, ഇന്ത്യ അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട്, ഡോ ബി ആർ അംബേദ്കറുടെ സമ്പൂർണ കൃതികൾ തുടങ്ങി നിരവധി പുസ്തകങ്ങള്‍ വിവർത്തനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാഠി എന്നീ ഭാഷകളിൽ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്. ഭാഷയും പരിഭാഷയും, ഇന്ദ്രജാല സർവ്വസ്വം തുടങ്ങി 13 കൃതികൾ രചിച്ചിട്ടുണ്ട്. കെആർ നാരായണൻ, എപിജെ അബ്‌ദുൽ കലാം എന്നിവരുടെയുൾപ്പെടെ നൂറ്റിപ്പത്തോളം പുസ്തകങ്ങൾ വിവർത്തനം ചെയ്‌തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, അയ്യപ്പപണിക്കർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കന്യാകുമാരി മലയാള അക്ഷരലോകം അവാർഡ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

കൂടുതൽ പുസ്‌തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം നേടി. 2021 ൽ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.