പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. എസിപി ഓഫീസിലാകും ചോദ്യം ചെയ്യല്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രാവിലെ ദിവ്യയെ പൊലീസ് ഹാജരാക്കിയത്.

കേസില്‍ പി പി ദിവ്യയെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിച്ചിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്തശേഷം മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍, കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്നാണ് പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.നവീന്‍ബാബുവിന്റെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ പി പി ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യ ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ദിവ്യയുടെ ജാമ്യഹര്‍ജിയെ എതിര്‍ക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

ദീപാവലി ആഘോഷം; അമിട്ട് പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ‌മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.

നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചു. തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിൽ മാംസം ചിതറിപ്പോയതിനാൽ കൈപ്പത്തി മുറിച്ചു മാറ്റുകയായിരുന്നു.

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍: ഇന്നുമുതല്‍ 60 ദിവസം മുമ്പ് മാത്രം

ന്യൂഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍.120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അതനുസരിച്ച് യാത്ര ചെയ്യാം.

അതായത് ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു. അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു റെയില്‍വേ സമയപരിധി നീട്ടിയത് എന്ന തരത്തില്‍ അന്ന് ചിലര്‍ വാദിച്ചിരുന്നു.

ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഐആര്‍സിടിസി അടുത്തിടെ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിങ് ലിസ്റ്റ് എന്ന ദീര്‍ഘകാല പ്രശ്നം ഇല്ലാതാക്കി ഓരോ യാത്രക്കാരനും സ്ഥിരമായ ബെര്‍ത്ത് ഉറപ്പാക്കുക അടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് ഐആര്‍സിടിസി തുടക്കമിട്ടത്.ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് പുറമേ, ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ അധിഷ്ഠിത കാമറ ഉപയോഗിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. യാത്രക്കാരുടെ സീറ്റ് സംബന്ധിച്ച് പരിശോധിക്കാന്‍ എഐ മോഡല്‍ പ്രയോജനപ്പെടുത്തിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

മലയാള നാടിന് ഇന്ന് 68-ാം പിറന്നാൾ

മലയാള നാടിന് ഇന്ന് 68-ാം പിറന്നാൾ

കൊച്ചി: ഇന്ന് നവംബർ 1, കേരളപ്പിറവി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. കേരള സംസ്ഥാനം രൂപീകരിച്ചത്തിൻ്റെ ഓർമ്മയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 68ാം പിറന്നാളാണ് കേരളത്തിന് ഇന്ന്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളാലും സമ്പന്നമാണ്.

കേരളം ജനിച്ചതിന് പിന്നിൽ ധാരാളം പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.

സർവകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകൾ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.

സ്ത്രീകൾ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും ധരിക്കാറുണ്ട് കേരളപ്പിറവി ദിനത്തിൽ. അഞ്ചു ജില്ലകൾ മാത്രമായാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോ​ഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചാണ് കേരളം മുന്നേറുന്നത്. എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ; 59,000ന് മുകളില്‍ തന്നെ

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ; 59,000ന് മുകളില്‍ തന്നെ

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ സഡന്‍ ബ്രേക്ക്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 59,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് ഇന്ന് തിരിച്ചിറങ്ങിയത്. കഴിഞ്ഞ ദിവസം 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന

പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.