അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് ഡിജിപി

അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.

നേരത്തെ പ്രഖ്യാപിച്ച ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡല്‍ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡലുള്ളത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ വിതരണം ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്.

18 മാസത്തിൽ 30 ലക്ഷം യാത്രക്കാർ: മിന്നും നേട്ടത്തിൽ വാട്ടർമെട്രോ

18 മാസത്തിൽ 30 ലക്ഷം യാത്രക്കാർ: മിന്നും നേട്ടത്തിൽ വാട്ടർമെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയാണ് വാട്ടർ മെട്രോ. പദ്ധതി തുടക്കം കുറിച്ചതുമുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മന്ത്രി പി രാജീവ്. 18 മാസത്തിനുള്ളിൽ വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്തിനു തന്നെ വാട്ടർ മെട്രോ അഭിമാനമായി മാറി എന്നാണ് രാജീവ് കുറിക്കുന്നത്.

പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നതായി രാജീവ് പറഞ്ഞു.

ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്- ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.- രാജീവ് കുറിച്ചു.

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍(95) കാതോലിക്ക ബാവ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം.

യാക്കോബായ സഭയെ ഏറെ പ്രതിസന്ധികളിലും കരുതലോടെ നയിച്ച അദ്ദേഹം ആത്മീയ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ള നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു.

ശ്രേഷ്ഠബാവായുടെ കബറടക്കം ശനിയാഴ്ച മൂന്നുമണിക്ക് പുത്തൻ കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ഇന്നുരാത്രി പത്തുമണിയോടെ ഭൗതികദേഹം കോതമംഗലത്തേക്ക് കൊണ്ടുപോകും. പുത്തൻകുരിശിൽ നാളെ നാലുമണിയോടെ ഭൗതിക ശരീരമെത്തിക്കും.

1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ശ്രേഷ്‌ഠ കാതോലിക്കയായി അഭിഷിക്‌തനായി.

1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി തോമസ് പ്രഥമൻ ബാവ വാഴിക്കുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമാണുണ്ടായിരുന്നത്. ഇന്ന് സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വമാണ്. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും 1000വൈദികരും ഇന്ന് ഈ സഭയിലുണ്ട്.

1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിച്ചു.

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനം സേവന ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനം സേവന ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ 82-ആം ജന്മദിനത്തിൽ – സേവന ദിനമായി ആചരിച്ചുകൊണ്ട് – ദളിത് കോൺഗ്രസ്- മംഗലാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ – മംഗലപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ- ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ദളിത് കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ ഷിജുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.

ദളിത് കോൺഗ്രസ് മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് സനിൽ ബാംസുരി സ്വാഗതം ആശംസിച്ചു. എസ്. കെ. സുജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മൻസൂർ
(മംഗലപുരം), ഉദയകുമാരി (ചെമ്പകമംഗലം), നിസാർ എ ആർ (പെരുംകുഴി), കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനിൽകുമാർ എസ് ജി, വേങ്ങോട് മുൻ. മണ്ഡലം പ്രസിഡന്റ് സാഗർ ഖാൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഞ്ജു കുമാരി, അഖിലേഷ്, ഐ എൻ ടി യു സി നേതാക്കളായ രാജൻ ജി കെ, സാജൻപോൾ, പ്ലാവറ മണികണ്ഠൻ, പ്രിജി, സജു തുടങ്ങിയവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. സതീഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം ആഘോഷിച്ചു

എൻ എസ് എസ്സിന്റെ 110 ആം പതാക ദിനം തോട്ടവാരം കരയോഗത്തിൽ ആഘോഷിച്ചു. സമുദായാചാര്യന്റെ മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കരയോഗം പ്രസിഡന്റ് എസ് ശശിധരൻ നായർ പതാക ഉയർത്തി. ശേഷം പ്രതിജ്ഞ പുതുക്കലും നടന്നു. അജിത് പ്രസാദ്, ശശിധരൻ നായർ, സുരേഷ് കുമാർ വി ജെ, രാജൻപിള്ള, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി

സഹ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ ഓഫ്‌ ആർട്ടിസ്റ്റിക്‌ ഹോമിയോപതി ഫോർ യങ്ങ്സ്റ്റേർസ് ആൻഡ്‌ അഡൽറ്റ്സ്‌ (സഹ്യ) യുടെ ഈ വർഷത്തെ അവാർഡുകൾ സമ്മാനിച്ചു. ഏറ്റവും മികച്ച വനിതാ ഡോക്റ്റർക്കുള്ള അവാർഡ്‌ ആറ്റിങ്ങൽ സാന്ത്വന ഹോമിയോപതി ഹോസ്പിറ്റലിലെ ഡോ. സൗമ്യ കൃഷ്ണനും ജൂനിയർ ഡോ. പുരസ്കാരം തിരുവനന്തപുരം മെഡ്‌വിൻ ഹോമിയോപതി സ്പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ.അഖിൽ ശാന്ത ഷാജിക്കും നൽകി ആദരിച്ചു. ചെറുതുരുത്തി റിവർ റിട്രീറ്റിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ഫിലിം മേക്കർ ഡോ. ഡി ബിജുകുമാർ പുരസ്കാരങ്ങൾ നൽകി.