by Midhun HP News | Oct 28, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസുകൾ. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക.
കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തുന്നത്. ശാന്തിനഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കുക. സീറ്റ് റിസർവേഷനു കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.


by Midhun HP News | Oct 28, 2024 | Latest News, കേരളം
കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. നവാസിനെ കത്തി കൊണ്ട് മുതുകത്ത് കുത്തിയ സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അന്‍സാരി, ഷെഫീക്ക്, നൂര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.
രാത്രിയില്‍ തന്നെ ഇവര്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. അക്രമമുണ്ടായ പ്രദേശത്തു രാത്രി പത്തരയോടെ വിവരം തിരക്കാനെത്തിയ നവാസിനെ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.


by Midhun HP News | Oct 28, 2024 | Latest News, കേരളം
കൊച്ചി: കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സ്‌ഫോടനത്തില്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.
കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന്, വിചാരണ നടപടികൾക്കായി കേസ് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

by Midhun HP News | Oct 28, 2024 | Latest News, കേരളം
തിരുവനന്തപുരം: ഈ മാസം 31 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ഒക്ടോബർ 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം: അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി.
പലരും കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. അധികൃതരെ വിവമറിയിച്ചു. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങിയതായും പ്രദേശവാസികൾ അറിയിച്ചു.

by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം. മംഗലാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 20 കാരിയായ വിദ്യാർത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേർ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തി ഇരുവരും പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സ്വദേശികളായ രണ്ട് പേരെ മംഗലാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേബിൾ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഈ പ്രദേശത്ത് എത്തിയിരുന്നത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.


Recent Comments