by Midhun HP News | Oct 27, 2024 | Latest News, കേരളം
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തിങ്കളാഴ്ച വയനാട്ടിലെത്തുന്ന പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.
ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മല്‍ മൂന്നരയ്ക്ക് വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പി അനില്‍ കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ നിയോജകമണ്ഡലം കൺവെൻഷനുകളും പഞ്ചായത്ത് തല കൺവെൻഷനുകളും യുഡിഎഫ് പൂർത്തിയാക്കിയിരുന്നു. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പ്രവർത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ എത്തുന്നത്. സിപിഐയിലെ സത്യൻ മൊകേരി, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ.


by Midhun HP News | Oct 27, 2024 | Latest News, കേരളം
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തില്‍ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന്‍ സാനുവിനെ പൊന്നാടയണിയിക്കും.
എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പകല്‍ 11 ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ എം കെ സാനുവിന്റെ പുതിയ പുസ്തകം ‘അന്തിമേഘങ്ങളിലെ വര്‍ണഭേദങ്ങള്‍’ പ്രകാശിപ്പിക്കും. സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘ഗുരവേ നമഃ’ പുസ്തകവും പുറത്തിറക്കും. എം കെ സാനു പുരസ്‌കാരസമിതി പകല്‍ 3.30ന് ബിടിഎച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ എം കെ സാനു ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്, തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ ഇഗ്നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവും ചേര്‍ന്ന് സമ്മാനിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടം, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവയും അരങ്ങേറും.


by Midhun HP News | Oct 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് സൂചിപ്പിച്ചു. മകന്‍ എറണാകുളത്താണ് പഠിക്കുന്നത്. കഴിഞ്ഞദിവസം മകന്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Oct 27, 2024 | Latest News, കേരളം
കൊച്ചി: എച്ച്എംടി ജംഗ്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംഗ്ഷനിലേക് പ്രവേശനമുണ്ടാകില്ല.
പാലാരിവട്ടം, വൈറ്റില ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ 9 മുതൽ രാത്രി 9 വരെ ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി കളമശേരിയിലെത്തി ആലുവ ഭാഗത്തേക്ക് പോകണം. എച്ച്എംടി ജംഗ്ഷനിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


by Midhun HP News | Oct 26, 2024 | Latest News, കേരളം
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. പാലക്കാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തുള്ള ബേക്കറിയില്‍ ഹഫീസ് ഒളിപ്പിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത മറുനാടന്‍ മലയാളി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ഹഫീസുമായി ബന്ധപ്പെട്ട എഡിറ്റര്‍ ഷാജന്‍ സ്‌കറിയ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും പണം ലഭിച്ച ശേഷമെ വിഡിയോ ഡിലീറ്റ് ചെയ്യുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. യൂട്യൂബിലും ഫേസ്ബുക്കിലും നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുകയാണ് ഷാജന്‍ സ്‌കറിയയുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയെ ഒക്ടോബര്‍ 21ന് അറസ്റ്റ് ചെയ്തിരുന്നു. എം.എല്‍.എക്കു നേരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഷാജനെ പിന്നീട് വിട്ടയച്ചു.
യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ ഒക്ടോബര്‍ 18ന് കേസെടുത്തിരുന്നു. ആലുവ സ്വദേശിയായ സിനിമ നടി നല്‍കിയ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ ചാനലിലൂടെ വാര്‍ത്ത നല്‍കിയെന്നാണ് കേസ്.
by Midhun HP News | Oct 26, 2024 | Latest News, കേരളം
കൊല്ലം: പള്ളിക്കൽ ആറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയടി സ്‌റ്റേഷനിൽ (പള്ളിക്കൽ നദി) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.


Recent Comments