ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരണം നാലായി

ദന ചുഴലിക്കാറ്റ്: ബംഗാളില്‍ കനത്ത നാശം, മരണം നാലായി

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ചന്ദന്‍ ദാസ് (31) എന്ന സിവില്‍ വോളന്റിയര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്പോഴായിരുന്നു സംഭവം.

മറ്റൊരപകടത്തില്‍ ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പഥര്‍പ്രതിമയിലും തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ തീരത്ത് വീശിയ ദന ചുഴലിക്കാറ്റ് കനത്ത മഴക്കും അതിവേഗ കാറ്റിനും കാരണമായി. മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലംപതിച്ചു. ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല ഇടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ഓടെ ഭിതാര്‍കനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച കാറ്റ് ഇന്ന് രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി; പരിഭ്രാന്തരായി നാട്ടുകാര്‍

കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി; പരിഭ്രാന്തരായി നാട്ടുകാര്‍

തൃശൂര്‍: കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു.

ആനയെ കുളിപ്പിക്കാനായി വടം അഴിച്ചപ്പോളാണ് ആന ഇടഞ്ഞത്. ഒന്നരക്കിലോമീറ്ററോളം ദുരം ആന ഇടഞ്ഞ് ഓടി. ഇത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കി. കല്ലുംപുറ, കൊരട്ടിക്കര, കോത്തോളിക്കുന്ന് ഭാഗത്തേക്ക് ഓടിയ ആന പാടത്തേക്ക് ഇറങ്ങി. പൊറവൂര്‍ അമ്പലത്തിന് സമീപം പാടത്തുവച്ച് ആനയെ തളച്ചു. ആന നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇടഞ്ഞ് ഓടിയ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് പരിക്കേറ്റത്. തുമ്പിക്കൈകൊണ്ടു അടിച്ചുവീഴ്ത്തുകയായിരുന്നു. അദ്ദേഹത്തെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

19 കാരിയായ ഗർഭിണിയെ കൊന്ന് കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും

19 കാരിയായ ഗർഭിണിയെ കൊന്ന് കുഴിച്ചിട്ട് കാമുകനും സുഹൃത്തുക്കളും

ഹരിയാനയിലെ റോത്തകിൽ ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും. പശ്ചിമ ഡൽഹി നാൻഗ്ലോയ് സ്വദേശിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായ 19കാരിയോട് കുഞ്ഞിനെ ഗർഭഛിദ്രം നടത്തണമെന്ന് കാമുകൻ ഭീഷണിപ്പെടുത്തി. തന്നെ വിവാഹം ചെയ്യണമെന്ന് 19കാരിയും സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് കൊലപാതകം.

ഏഴ് മാസം ഗർഭിണിയാണെന്നും വിവാഹം ചെയ്യണമെന്നും സഞ്ജുവിനെ 19കാരി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ കലഹവും പതിവായിരുന്നു. തിങ്കളാഴ്ച വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങളുമായി സഞ്ജുവിനെ കാണാനായി പോയ 19കാരി പിന്നെ തിരികെ വരാത്തതിനെ തുടർന്നാണ് സഹോദരൻ പൊലീസിൽ പരാതിപ്പെട്ടത്.

‘പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

‘പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അതില്‍ ദുരൂഹതയുണ്ട്, ഇതിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം എന്നൊക്കെയാണ് ആവശ്യം. 2021 ജൂലൈ രണ്ടിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

അതിനു പിന്നാലെ പൊതു മേഖല സ്ഥാപനമായ സില്‍ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തികളും എല്ലാം ഒരേ സ്ഥാപനത്തിന് ഉപകരാര്‍ ലഭിക്കുന്നു. ഇത് സംശയകരമാണ്. സില്‍ക്കിന് ഈ ഇനത്തില്‍ ചെറിയ തുകയാണ് ലഭിച്ചത്. ബാക്കി 12 കോടി 44 ലക്ഷം രൂപയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഒരേ കമ്പനിക്ക് മാത്രം ഉപകരാര്‍ ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. വിജിലന്‍സ് അന്വേഷണം വേണം – എന്നെല്ലാമാണ് പരാതി.

റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; ജിആര്‍ അനില്‍

റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; ജിആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം ആളുകള്‍ മസ്റ്ററിങില്‍ പങ്കെടുത്തു. മസ്റ്ററിങില്‍ പങ്കെടുത്തില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി പറഞ്ഞു.

മസ്റ്ററിങിനുള്ള തീയതി നവംബര്‍ അഞ്ച് വരെ നീട്ടിയിട്ടുണ്ട്. 84 ശതമാനം ആളുകള്‍ മസ്റ്ററിങ്ങില്‍ പങ്കെടുത്തുകഴിഞ്ഞു. രണ്ടുമുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ അവരുടെ ആധാര്‍ പരിശോധയില്‍ കൃത്യതയില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതില്‍ എകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്നു. ആ പോരായ്മ പരിഹരിക്കുന്നതോടെ അവരും മസ്റ്ററിങിന്റെ ഭാഗമാകും. കിടപ്പുരോഗികളുടെ മസ്റ്ററിങ് പുരോഗമിക്കുമയാണ്.

അഞ്ചാം തീയതിക്കുള്ളില്‍ നല്ല ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയും. ബാക്കിയുള്ളവര്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുന്‍ഗണനാ കാര്‍ഡുകാരായിട്ടുള്ള ഒരുകോടി അന്‍പത്തിനാല് ലക്ഷം പേരാണ് മസ്റ്ററിങില്‍ പങ്കെടുക്കേണ്ടത്. വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്ന് ആരെയും ഒഴിവാക്കില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണ്’ മന്ത്രി പറഞ്ഞു.

മസ്റ്ററിങിനായി നേരിട്ട് എത്താനാകാത്ത ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് അതത് സംസ്ഥാനത്തെ/ ജില്ലകളിലെ ഏതെങ്കിലും റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്താം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മസ്റ്ററിങ് നടത്തുന്നത്.

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം

ഇറാനില്‍ ആക്രമണം തുടങ്ങി ഇസ്രയേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനമാണ് ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.

തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. അതേസമയം തങ്ങളുടെ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതായി യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് സീന്‍ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തില്‍ വൈറ്റ് ഹൗസ് മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

ലെബനനിലെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേല്‍ നടപടികളുടെ പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാന്റെ 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ശത്രുക്കളായ ഇരു രാജ്യങ്ങളും കാലങ്ങളായി തന്നെ അകല്‍ച്ചയില്‍ തുടരുകയാണ്. ഇറാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഇറാന്റെ വ്യോമപാതകള്‍ അടഞ്ഞുതന്നെ കിടക്കും. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.