ദന ചുഴലിക്കാറ്റ് നാളെ കരതൊടും; ഏതൊക്കെ ജില്ലകളെ നേരിട്ട് ബാധിക്കും

ദന ചുഴലിക്കാറ്റ് നാളെ കരതൊടും; ഏതൊക്കെ ജില്ലകളെ നേരിട്ട് ബാധിക്കും

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ സഞ്ചാര പാത നിരീക്ഷിക്കുകയാണെന്നും ബംഗ്ലാദേശിനെയോ ഒഡീഷയെയോ ആണോ ചുഴകാറ്റ് കൂടുതല്‍ ബാധിക്കുകയെന്ന് അധികൃതര്‍ നിരീക്ഷിക്കുകയാണ്. കേന്ദ്രപാറ, ബാലസോര്‍, ഭദ്രക് തുടങ്ങിയ മൂന്ന് ജില്ലകളെ ആകും ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ദന ചുഴലിക്കാറ്റ് ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവയില്‍ നിന്നുള്ള ടീമുകളെ സജ്ജീകരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

മഴവെള്ളം വേഗത്തില്‍ ഒഴുക്കി വിടുന്നത് ഉറപ്പാക്കാന്‍ എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ദന ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളിലെ എനര്‍ജി ഗ്രിഡുകളും എമര്‍ജന്‍സി ട്രാന്‍സ്മിഷന്‍ ടവറുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്‌ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്‌സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതുണ്ട്. 7 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്ക്കും 20 സെന്റിമീറ്ററില്‍ കൂടുതല്‍ ശക്തമായ മഴയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തി ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ഒഡിഷയില്‍ ഒക്‌ടോബര്‍ 23 മുതല്‍ 25 വരെ 14 ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. ഒക്‌ടോബര്‍ 23 ന് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ പുര്‍ബ, പശ്ചിമ മേദിനിപൂര്‍, വടക്ക്, തെക്ക് 24 പര്‍ഗാനാസ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെ. മുരളീധരൻ നായർ (84) അന്തരിച്ചു

കെ. മുരളീധരൻ നായർ (84) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് കുന്നുംപുറത്ത് തൊടിയിൽ വീട്ടിൽ കെ. മുരളീധരൻ നായർ (84) അന്തരിച്ചു.

ഭാര്യ: പി ശാന്തമ്മ.
മക്കൾ: എസ് പത്മകുമാരി, എസ് ഭാസുരാംബിക, എസ് ഷീജ, എസ് രശ്മി (ആശാവർക്കർ), എസ് രജനി, പരേതനായ എം പത്മകുമാർ.
മരുമക്കൾ: എസ് ജയചന്ദ്രൻ, കെ മോഹനൻ, എസ് വിനോദ്, കെ സരുൺ, പരേതനായ എസ് വേണു കുമാർ.

‘ഗുരുജ്യോതി’ പുരസ്‌കാരം ടി ആർ ബാലമുരളീ കൃഷ്ണക്ക്

‘ഗുരുജ്യോതി’ പുരസ്‌കാരം ടി ആർ ബാലമുരളീ കൃഷ്ണക്ക്

പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ സംസ്ഥാന അധ്യാപക അവാർഡ് ‘ഗുരുജ്യോതി പുരസ്‌കാരം’ കിഴുവിലം ഗവണ്മെന്റ് യു പി സ്കൂളിലെ സംസ്കൃതം അധ്യാപകൻ ടി ആർ ബാലമുരളീ കൃഷ്ണ നേടി. പാട്ടുകാരനും പ്രഭാഷകനുമായ ശാസ്താംകോട്ട രാമചന്ദ്രന്റെയും സരോജിനിയുടെയും മകനാണ്. 2009 ൽ അധ്യാപകൻ ആയി സർവീസിൽ പ്രവേശിച്ചു.
കുട്ടികൾക്കു വേണ്ടി മുപ്പതോളം നാടകങ്ങൾ എഴുതി സാമൂഹിക വിപത്തുകൾക്ക് എതിരെ പത്തോളം തെരുവ് നാടകങ്ങൾ വിവിധ വിദ്യാലയങ്ങളിലൂടെ അവതരിപ്പിച്ചു.

1997 ൽ ആദ്യമായി കലാകൗമുദിയിൽ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് തുടർച്ചയായി ആനുകാലികങ്ങളിൽ എഴുതുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി, പാട്ടും കവിതയും കുട്ടികളും എന്ന പരിപാടി ഇരുന്നൂറോളം സ്കൂളുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ചൊല്ലരങ്ങ് ഇന്ത്യയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിച്ചു. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട കൃതികൾ കോർത്തിണക്കി ‘ഗേയം’ എന്ന സംഗീത പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.

കർണാട്ടിക് മ്യൂസിക്, നാടൻ പാട്ടുകൾ, ഗസൽ, കവിതകൾ, നാടക ഗാനങ്ങൾ
എന്നിവയെല്ലാം ഒറ്റവേദിയിൽ ‘രവം’എന്ന പേരിലും അവതരിപ്പിക്കുന്നുണ്ട്. നാലു ഷോട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. മലയാള കവിതയെ പ്രതിനിധീകരിച്ചു ഭാരതത്തിന്റെ വിവിധ ഇടങ്ങളിൽ കവിത ചൊല്ലിയിട്ടുണ്ട്. യേശു ദേവൻ, മുഹമ്മദ്‌ നബി എന്നിവരെ കുറിച്ചുള്ള സംസ്‌കൃത കൃതികൾ കർണാറ്റിക് മ്യൂസികിൽ ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു

കഴിഞ്ഞ മാസം 25നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10 മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, റേഡിയോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി, മൈക്രോബയോളജി, നഴ്‌സിംഗ് വിഭാഗം എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സാധ്യമാവില്ല എന്ന ഒരു പൊതുബോധത്തെ മാറ്റിമറിച്ച രണ്ടുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം മെഡിക്കല്‍ കോളജിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കി.

സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

ചടയമംഗലം: സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി ബൈക്ക് യാത്രികനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി.പി.എം പോരേടം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പോരേടം വടക്കേലഴികത്ത് വീട്ടിൽ എം. രാധാകൃഷ്ണപിള്ളയാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് അർക്കന്നൂരിന് സമീപം ബൈക്കിനെ സ്വകാര്യ ബസ് മറികടക്കുന്നതിനിടെയായിരുന്നു അപകടം.

ബസിന്റെ മുൻഭാഗം ഹാൻഡിലിൽ തട്ടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി. ബസിനടിയിൽപ്പെട്ട രാധാകൃഷ്ണപിള്ളയുടെ ശരീരത്തിലൂടെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. പരേതനായ മാധവൻ പിള്ളയുടെയും ഓമനയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം. ബാബുരാജിന്റെ സഹോദരനാണ്.

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ പ്രവർത്തക കൺവെൻഷൻ കെ.എസ്.കെ.റ്റി.യു സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡന്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു.

ഏര്യാ സെക്രട്ടറി ആർ രാജു, ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ എസ് അനൂപ്,എസ് സതീഷ് കുമാർ,വി വിശ്വംഭരൻ, സതീഷ് ശർമ,എ നജാം എന്നിവർ പങ്കെടുത്തു.