യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നു, എഡിഎമ്മിന്‍റെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല: കലക്ടര്‍

യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നു, എഡിഎമ്മിന്‍റെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല: കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.

പൊലീസ് ഇന്നലെ വൈകീട്ടാണ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയത്. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. താന്‍ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. താന്‍ യോഗത്തിലേക്ക് ക്ഷണിച്ചു എന്നത് അവരുടെ ക്ലെയിം ആണല്ലോ എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇതേക്കുറിച്ച് താന്‍ ജഡ്ജ്‌മെന്റ് നടത്തുന്നതു ശരിയല്ല. നവീന്‍ബാബുവിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യോഗത്തിനു ശേഷം എഡിഎം നവീന്‍ബാബുവുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. താന്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല. സ്ഥലംമാറ്റത്തിനും അപേക്ഷ നല്‍കിയിട്ടില്ല. അതെല്ലാം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

എഡിഎം നവീന്‍ബാബുവുമായി നല്ല റിലേഷന്‍ഷിപ്പ് ആയിരുന്നു. അവധി നല്‍കാറുണ്ടായിരുന്നില്ലെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് ഇവിടെ പരിശോധിച്ചാല്‍ അറിയാമെന്ന് മറുപടി പറഞ്ഞു. വളരെ നല്ല വര്‍ക്കിങ് റിലേഷന്‍ഷിപ്പ് ആയിരുന്നു എഡിഎമ്മുമായിട്ട് ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താന്‍ നടത്തിയത്. അത് അന്വേഷണമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത് സര്‍ക്കാരാണ്. ഈ വിഷയങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അറിവുണ്ടായിരുന്നില്ല. ആരോപണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

ബലാത്സംഗക്കേസിൽ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരും

ഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്‍കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്. അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കിൽ വിഷയം ഉയർത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറ‍ഞ്ഞു.

എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസെന്നായിരുന്നു കോടതിയുടെ ചോദ്യം. ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്‍റെ സത്യവാങ്മൂലം. പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്.

ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നൽകിയ പരാതിയിൽ പൊലീസ് നൽകിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം നടിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെയാണ് സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിച്ചത്. സംഭവത്തിൽ പ്രതി ഒളിവിലായിരുന്നു. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ പ്രതി ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ഗോപകുമാർ. ജി, എസ് ഐ മാരായ സജിത്, ജിഷ്ണു, എസ് സി പി ഒ മാരായ ശരത് കുമാർ, നിധിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാന്റ് ചെയ്തു.

വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാഗരൂട്ടും സർപ്പ ബലിയും നടത്തുന്നു

വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാഗരൂട്ടും സർപ്പ ബലിയും നടത്തുന്നു

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച്ച (26/10) ആയില്യം നാളിൽ രാവിലെ 10 മണി മുതൽ നാഗരൂട്ടും വൈകിട്ട് 7 മണി മുതൽ സർപ്പബലിയും നടത്തും.

മുത്തശ്ശി പ്ലാവിന് രണ്ടാം വട്ടവും സുഖചികിത്സ.

മുത്തശ്ശി പ്ലാവിന് രണ്ടാം വട്ടവും സുഖചികിത്സ.

ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിലെ ചരിത്രശേഷിപ്പുകളിൽ ഒന്നായ മുത്തശി പ്ലാവിന്റെ രണ്ടാം വട്ടസുഖചികിത്സ ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ ആരംഭിച്ചു. 500 വർഷത്തിലേറെ പ്രായം കണക്കാക്കുന്ന പ്ലാവിന് വൃക്ഷായുർവേദ ചികിത്സാ രീതി അനുസരിച്ചാണ് പുതുജീവൻ നൽകുന്നത്. ചെമ്പഴന്തി വയൽവാരം വീടിന് സമീപം, ഗുരുകുലം ഓഫീസിനോട് ചേർന്നാണ് പ്ലാവ് സ്ഥിതിചെയ്യുന്നത്.

വൃഷത്തിന്റെ തായ്ത്തടിയുടെ കാതൽ നശിച്ചുതുടങ്ങിയെങ്കിലും ശേഷിക്കുന്ന പ്ലാവിന്റെ ശിഖരങ്ങളിൽ കായ്ഫലമുണ്ടാകാറുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ. വിഴാലരി, പശുവിൻപാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽപൂറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ പ്രത്യേക രീതിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞ് 7 ദിവസം തുടർച്ചയായി 3 ലിറ്റർ പാൽ തടിയിൽ സ്പ്രേ ചെയ്യുന്നതാണ് ചികിത്സാ രീതി.

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വെബ്‌സൈറ്റ് അടച്ചു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചതെന്നാണ് പുറത്തു വന്ന വിവരം. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്. യുപിഎ വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം വാങ്ങുന്നത്.

ഹാക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് അടച്ചുപൂട്ടിയതെന്നാണ് വിവരം. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് സാധാരണയായി ഒരു മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. എസ്എംഎസില്‍ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഔട്ട്‌ലെത്തിലെത്തി ഇത് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്.

തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ബെവ്‌കോ വെബ്‌സൈറ്റ് താത്ക്കാലികമായി അടച്ചത്. വളരെക്കുറച്ചുപേര്‍ മാത്രമേ ഈ വെബ്‌സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.