മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ യുവാക്കളുടെ അപകട യാത്ര

മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ യുവാക്കളുടെ അപകട യാത്ര

തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി ഇരുന്ന് യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിലായിരുന്നു അപകടകരമായ യാത്ര നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മണ്ണുത്തി ദേശീയപാതയിലും ചിറക്കക്കോട് ഭാഗത്തുമാണ് യുവാക്കള്‍ അപകടകരമായ യാത്ര നടത്തിയത്. അപകടകരമായ യാത്ര നടത്താന്‍ യുവാക്കള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയതിനാണ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കേസെടുത്തത്. മണ്ണുത്തി ദേശീയപാതയില്‍ നിന്ന് ചിറക്കക്കോട് ഭാഗത്തേയ്ക്ക് ബസ് തിരിഞ്ഞപ്പോള്‍ വഴിയാത്രക്കാരാണ് മണ്ണുത്തി പൊലീസിനെ വിവരം അറിയിച്ചത്.

തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന് മണ്ണുത്തി പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസും മൂന്ന് യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

നാലാമത്തെ ആണവ അന്തര്‍വാഹിനി ഇന്ത്യ പുറത്തിറക്കി; വഹിക്കുന്നത് കെ-4 ബാലിസ്റ്റിക് മിസൈലുകള്‍

നാലാമത്തെ ആണവ അന്തര്‍വാഹിനി ഇന്ത്യ പുറത്തിറക്കി; വഹിക്കുന്നത് കെ-4 ബാലിസ്റ്റിക് മിസൈലുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്.

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.

ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.

നാലാമത്തെ എസ്എസ്ബിഎന്നിന് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 75ശതമാനവും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ലംബമായ വിക്ഷേപണ സംവിധാനങ്ങളിലൂടെ തൊടുക്കാന്‍ കഴിയും. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തില്‍ ഉള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ഇതിനകം ആഴക്കടല്‍ പട്രോളിങ്ങിലാണ്. കൂടാതെ റഷ്യന്‍ ആകുല ക്ലാസിന്റെ ഒരു ആണവോര്‍ജ്ജ ആക്രമണ അന്തര്‍വാഹിനി 2028 ല്‍ സേനയുടെ ഭാഗമാകും. പാട്ടത്തിനാണ് ഇത് എടുക്കുന്നത്.

ഇന്ത്യയുടെ ആദ്യ ആണവ ആക്രമണ അന്തര്‍വാഹിനിക്ക് ട1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആണവ ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് ചക്രയുടെ കോഡ് നാമമാണ് ട1. ഇത് പാട്ടത്തിന് എടുത്തതാണ്. ഐഎന്‍എസ് അരിഹന്ത് ട2, ഐഎന്‍എസ് അരിഘാത് s3, ഐഎന്‍എസ് അരിധാമാന്‍ ട4 എന്നിങ്ങനെയാണ് മറ്റു അന്തര്‍വാഹിനികള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പുതുതായി ലോഞ്ച് ചെയ്ത അന്തര്‍വാഹിനിക്ക് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഔപചാരിക പേര് ഇതുവരെ നല്‍കിയിട്ടില്ല. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി നിര്‍മ്മിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ അടുത്ത നീക്കം.

‘സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ പറഞ്ഞത് അച്ചടക്കത്തിന്റെ പേരില്‍’; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

‘സ്‌കൂള്‍ യൂണിഫോം ധരിക്കാന്‍ പറഞ്ഞത് അച്ചടക്കത്തിന്റെ പേരില്‍’; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ വഴക്കു പയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ സ്‌കൂളില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനുമാണ് സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് എന്തുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയെ വീട്ടിലേയ്ക്ക് തിരികെ വിട്ടുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടർ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ കൂട്ടിച്ചേര്‍ത്തു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.

അതിനിടെ, നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.

ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ട‍ര്‍ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല.

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

തിരുവനന്തപുരം: ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുന്നത്.

ഭൂമി കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യാൻ ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്കെച്ച്, ഭൂമി തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ പോർട്ടൽ വഴി ലഭിക്കും. റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ചേർന്നാണ്‌ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്‌.

രാജ്യത്ത്‌ ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ സംവിധാനമാണിത്. ഓഫീസ്‌ സന്ദർശിക്കാതെതന്നെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗവും വർധിപ്പിക്കാനാകും. സേവനങ്ങൾക്ക്‌ സുതാര്യതയും സുരക്ഷയും ഉറപ്പാക്കും. ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ സംരക്ഷണം ലഭിക്കും. ഭൂരേഖാ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. കാസർകോട്‌ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും.

‘അകറ്റാം അകലാം’; ലഹരി വിരുദ്ധ സംവാദം സംഘടിപ്പിച്ചു

‘അകറ്റാം അകലാം’; ലഹരി വിരുദ്ധ സംവാദം സംഘടിപ്പിച്ചു

തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടുകൂടി കുടവൂർ ശ്രീ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ‘അകറ്റാം അകലാം’ലഹരി വിരുദ്ധ സംവാദം സംഘടിപ്പിച്ചു. സംവാദം നയിച്ചത് മംഗലപുരം സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ആണ്. പിടിഎ പ്രസിഡൻറ് ഇ നസീർ, എസ്എംസി ചെയർമാൻ ജി ജയകുമാർ, എസ് എം സി അംഗം സുജി എസ് കെ, വിനയ്, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ്, സീനിയർ അസിസ്റ്റൻറ് ജാസ്മിൻ എച്ച് എ, പിടിഎ അംഗം ഷമികുമാർ, മറ്റ് പിടിഎ ഭാരവാഹികൾ, വിമുക്തി ക്ലബ്ബ് ചുമതലയുള്ള ബിസിനി വി എസ്, മഹേഷ് കുമാർ, എസ് പി സി ചുമതലയുള്ള സ്വപ്ന എസ് എസ്,സജീന ബീവി, മറ്റ് അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സംശയങ്ങൾ സബ് ഇൻസ്പെക്ടർ രാജീവ് എസ് എസ് ദൂരീകരിച്ചു.