സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

പൊത്തില്‍ പാമ്പിനെ തിരഞ്ഞപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്

പൊത്തില്‍ പാമ്പിനെ തിരഞ്ഞപ്പോള്‍ കിട്ടിയത് സ്വര്‍ണമടങ്ങിയ പഴ്‌സ്

തൃശ്ശൂര്‍: പൊത്തില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് സ്വര്‍ണമടങ്ങിയ പഴ്‌സ്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് കിട്ടിയത്.

സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍നില്‍ക്കുമെന്ന് കഥകളില്‍ പറയുന്നുണ്ടെങ്കിലും ഇതാദ്യമായാകും ഇത്തരമൊരു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും കണ്ടു. പിന്നീട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തെത്തിയ പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് കണ്ടു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.

മേയര്‍ക്കെതിരെ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും

മേയര്‍ക്കെതിരെ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മേയര്‍ക്കെതിരായ പരാതി കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോഡിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. അതേസമയം തനിക്കെതിരെ മേയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അതിവേഗമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും യദു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. പാളയത്തുവെച്ച് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആർടിസി ബസിന് കുറുകെ ഇട്ട് വാഹനം തടയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഡ്രൈവർ അശ്ലീല ആം​ഗ്യം കാണിച്ചത് ചോദിക്കാൻ വേണ്ടിയാണ് ബസ് തടഞ്ഞതെന്നാണ് മേയർ വിശദീകരിച്ചത്.

കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നത് എക്‌സൈസ് ഓഫീസില്‍, കുടുങ്ങി

കഞ്ചാവു ബീഡി കത്തിക്കാൻ തീ ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നത് എക്‌സൈസ് ഓഫീസില്‍, കുടുങ്ങി

അടിമാലി: വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി വലിക്കാന്‍ തീ തേടി ചെന്നത് എക്‌സൈസ് ഓഫീസില്‍. തൃശൂരിലെ സ്‌കൂളില്‍ നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ ചില വിദ്യാര്‍ത്ഥികളാണ് കഞ്ചാവ് ബീഡി വലിക്കാന്‍ തീ അന്വേഷിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

പിന്‍വശത്തു കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഓഫീസിലെത്തിയത്. അതിനാല്‍ എക്‌സൈസ് ഓഫീസിന്റെ ബോര്‍ഡ് കുട്ടികള്‍ കണ്ടില്ല. മുറിയില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ തടിതപ്പാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഞ്ചാവു ബീഡി കത്തിക്കാന്‍ തീ തേടിയെത്തിയതാണെന്ന് വ്യക്തമായത്.

ഒരു കുട്ടിയുടെ പക്കല്‍ നിന്ന് 5 ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കേസില്‍ പിടിച്ച വാഹനങ്ങള്‍ ഓഫിസിന്റെ പിന്‍വശത്തു കിടക്കുന്നതുകണ്ട് വര്‍ക്ഷോപ്പാണെന്ന് കരുതിയാണ് കയറിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിനോദയാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു കൗണ്‍സലിങ്ങും നല്‍കി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എക്‌സൈസ് കേസുമെടുത്തിട്ടുണ്ട്.

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി; വന്‍ സ്വീകരണം ഒരുക്കി നേവി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി; വന്‍ സ്വീകരണം ഒരുക്കി നേവി

കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന. റഷ്യയുമായി സമുദ്ര സഹകരണം ശക്തമാക്കുന്നതിന്റെ നീക്കമാണിത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘അചഞ്ചലമായ സൗഹൃദം’, പ്രത്യേകിച്ച് നാവിക സഹകരണ മേഖലയില്‍ എടുത്തുകാണിക്കുന്നതായി എക്‌സ് ഹാന്‍ഡിലായ കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. ‘റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേനയുടെ ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്റെ പ്രതീകമാണ്, സമുദ്രസഹകരണം ശക്തമായി തുടരുന്നു,’ നാവികസേന എക്‌സ് പോസ്റ്റില്‍ പറഞ്ഞു

നവീന്‍ബാബു അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നവീന്‍ബാബു അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58 ന്; ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ അയച്ചത്. നവീന്‍ബാബു മരിച്ചിട്ട് ഇന്ന് ഒരാഴ്ചയായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം നവീന്‍ ബാബുവിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ മരണസമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

യാത്രയയപ്പു യോഗത്തിനു ശേഷം മുനിശ്വരന്‍ കോവില്‍ ഭാഗത്തേക്കാണ് നവീന്‍ബാബു പോയതെന്നാണ് ഡ്രൈവറുടെ മൊഴി. നേരെ ക്വാര്‍ട്ടേഴ്‌സിലേക്കല്ല പോയത്. സുഹൃത്ത് വരുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുനിശ്വരന്‍ കോവില്‍ ഭാഗത്ത് എഡിഎമ്മിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.