by Midhun HP News | Oct 21, 2024 | Latest News, മരണം
ആറ്റിങ്ങൽ: കടുവയിൽ കാട്ടുംമ്പുറം ശാസ്തമംഗലത്തു വീട്ടിൽ (പ്ലാമൂട്) പരേതനായ റിട്ട: സുബൈദാർ കൃഷ്ണപിള്ള (ജി. കെ. പിള്ള) യുടെയും ലളിതമ്മയുടെയും മകൻ അനിൽകുമാർ (മണിയൻ -57) നിര്യാതനായി.
സഹോദരി: സലീന (റിട്ട: എച്ച്. എം. – ജി. വി. ആർ. എം. യു. പി. എസ്., കിഴുവിലം. സഞ്ചയനം: തിങ്കളാഴ്ച 8:00 മണിക്ക്.
by Midhun HP News | Oct 21, 2024 | Latest News, കേരളം
തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തിൽ 50കാരൻ പിടിയിൽ. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ് പിടിയിലായത്. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡേവിസ്. ആന കൊമ്പ് മോഷണം, സ്വർണം കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്.
ഡേവിസിനെതിരെ വെള്ളികുളങ്ങര, എണാകുളം സെൻട്രൽ, തൃശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തിക്കും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.
അടൂര്‍ ജനറല്‍ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.
പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ 4 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആയുഷ് മേഖലയില്‍ അധിക തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനമൊരുക്കും.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുഷ്പചക്രം അര്‍പ്പിച്ചു. സായുധരായ പോലീസ് സേനാംഗങ്ങള്‍ വീരചരമം പ്രാപിച്ച ഓഫീസര്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സല്യൂട്ട് ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം നഗരത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരിച്ച എന്‍ എസ് അജയകുമാറിന് പോലീസ് സേന ആദരവ് അര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചു. പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നായി രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 216 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക ജീവിതത്തിനിടെ വീരചരമം പ്രാപിച്ചത്. 1959ലെ ഇന്ത്യാചൈന തര്‍ക്കത്തില്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗില്‍ വച്ച് കാണാതായ പോലീസ് സേനാംഗങ്ങളെ തിരഞ്ഞ് പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ ചെറുത്തുനിന്ന പത്തു പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവന്‍ ത്യജിക്കേണ്ടിവന്നു. ഇവരുടെ സ്മരണാര്‍ത്ഥമാണ് ഒക്ടോബര്‍ 21ന് രാജ്യമെങ്ങും പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിലവിൽ നടന്ന പ്രവർത്തനങ്ങളുടെ അവലോകനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ അധ്യക്ഷതയിൽ ചേർന്നു. ക്യാമ്പയിൻ സെക്രട്ടറിയേറ്റ് ജില്ലാ കോർഡിനേറ്റർ ഹരികൃഷ്ണൻ വിഷയാവതരണം നടത്തി. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എസ് കുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി സി, പഞ്ചായത്ത് പ്രസിഡന്റ്മാരായ
എ നഹാസ്, ബീന എസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത ഓഫീസുകൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത കലാലയങ്ങൾ, ശുചിത്വ സൗന്ദര്യ ടൗണുകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, നീർച്ചാലുകളുടെ നവീകരണം, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകൾ, ജനകീയ ക്യാമ്പയിൻ വാർഡ് തല നിർവഹണ സമിതികൾ ചേർന്നവ, നവംബർ ഒന്നിന് പൂർത്തീകരിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. നവംബർ മാസത്തിലെ അവലോകന യോഗത്തിൽ കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി പങ്കെടുക്കണമെന്ന് അറിയിച്ചു.
by Midhun HP News | Oct 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സൗജന്യമായും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ അപേക്ഷ ക്ഷണിച്ചു. ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 ലെവല്‍ പാസ്സായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക് , OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും 2024 ഏപ്രിലിലോ അതിനു ശേഷമോ നേടിയ യോഗ്യത) അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച്, ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 31 നകം അപേക്ഷ നല്‍കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.
ഇതിനായുളള അഭിമുഖം 2025 മാര്‍ച്ചില്‍ നടക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ( 2025 മാര്‍ച്ച് ഒന്നിന്) ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 6 മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Recent Comments