ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്റ്റംബര്‍ വരെ കുടിശികയുണ്ടെന്ന് മന്ത്രി പറഞ്ഞു

തുല്യവേതനത്തിനായി പോരാടിയവര്‍ക്ക് ലോകകപ്പ് മധുരനേട്ടം, താരങ്ങളുടെ സമ്മാനത്തുക അറിയാം

തുല്യവേതനത്തിനായി പോരാടിയവര്‍ക്ക് ലോകകപ്പ് മധുരനേട്ടം, താരങ്ങളുടെ സമ്മാനത്തുക അറിയാം

വെല്ലിങ്ടണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീട ജേതാക്കളായ ന്യൂസിലന്‍ഡ് ടീമിന് 23 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുക. കലാശപ്പോരില്‍ 32 റണ്‍സിനാണ് ന്യൂസിലന്‍ഡ് എതിരാളികളെ പരാജയപ്പെടുത്തിയത്.

പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം തുല്യവേതനത്തിനായി വാദിക്കുന്ന വനിതാ താരങ്ങള്‍ക്ക് ഈ തുക വന്‍നേട്ടമാണ്. തുക തുല്യമായി പങ്കിട്ടാല്‍ ലോകകപ്പ് ടീമിലെ ഒരംഗത്തിന് ഏകദേശം 155,000 യുഎസ് ഡോളറാണ് ലഭിക്കുക.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലില്‍ എത്തിയാണ് കിവീസ് ആദ്യ കിരീടത്തില്‍ മുത്തമിടുന്നത്. 2009ലും 2010ലും റണ്ണറപ്പായി. അതേസമയം തുടര്‍ച്ചയായി രണ്ടാം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ കാലിടറി.

ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് തുടര്‍ച്ചയായി 10 ടി20 മത്സരങ്ങള്‍ തോറ്റിടത്തു നിന്നാണ് ന്യൂസിലന്‍ഡ് ടീമിന്റെ തിരിച്ചുവരവ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടീമിനെ ന്യൂസിലന്‍ഡ് ടീമിനെ പ്രശംസിച്ച് കായിക മന്ത്രി ക്രിസ് ബിഷപ്പ് രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ച ടീം സെമിഫൈനലിലേക്കുള്ള യാത്രയില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് തോറ്റത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആറ് തവണ ചാംപ്യന്‍മാരായ ഓസീസിനെ ദക്ഷിണാഫ്രിക്കയാണ് പുറത്താക്കിയത്.

കേരളത്തില്‍ ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

കേരളത്തില്‍ ശക്തമായ മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നേരത്തെ രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്ത് എത്തും. ഇതിന്റെ സ്വാധീനഫലമായി ഇരു സംസ്ഥാനങ്ങളിലും അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ എവിടെയാണ് കൃത്യമായി ചുഴലിക്കാറ്റ് കര തൊടുക എന്ന് ഇനിയും നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. സീസണിലെ ആദ്യ ചുഴലിക്കാറ്റിന് ‘ദന’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായിട്ടുള്ള മഴയും തുടരും

മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; രണ്ട് പേർ അറസ്റ്റിൽ

മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുകളിലൂടെ ഡ്രോൺ പറത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രന്‍ (34) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രോൺ പറത്തുന്നതിന് നിരോധനമുള്ള മേഖലയാണ് മട്ടാഞ്ചേരി സിന​ഗോ​ഗ്. ഇത് ലംഘിച്ചതിനാണ് അറസ്റ്റ്.

കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ നേവൽ ബേസ്, ഷിപ്‌യാഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോൾഗാട്ടി, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ഇല്ല. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്റെ മാർഗനിർദേശവും അനുസരിച്ചു മാത്രമേ റെഡ് സോണിൽ ഡ്രോൺ പറത്താനാകൂ. അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ്.

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ദീർഘകാലം സിപിഎം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലെനിൻ സെൻ്ററിൽ ഇന്നു വൈകിട്ട് നാലുമണി മുതൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് കലൂർ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും.

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട ജീവനക്കാരനാണ്. എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ, നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള ആഗിരണ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി പ്രശാന്തന്‍ വകുപ്പില്‍ ജോലിക്കാരനായി ഉണ്ടാകരുതെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പ്രശാന്തനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരു പഴുതും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് നിയമോപദേശം തേടിയിട്ടുള്ളത്. പ്രശാന്തന്‍ ഇനി സര്‍വീസില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഐഎഎസിനെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമാണ് കണ്ണൂരിലെത്തി പ്രശാന്തനുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുക. നാളെത്തന്നെ സംഘം കണ്ണൂരിലേക്ക് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രശാന്തനെ അടക്കം അക്കോമഡേറ്റ് ചെയ്തതായിട്ടാണ് കണ്ണൂരില്‍ നിന്നും അറിയിച്ചത്. അതുപ്രകാരം ഇയാള്‍ക്ക് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ടലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നവീന്‍ബാബുവിനെ തനിക്ക് നേരിട്ട് അറിയാവുന്നയാളാണ്. വിദ്യാര്‍ത്ഥി ജീവിതകാലത്തുമുതലേ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും വാക്കാല്‍ പറയരുതെന്ന് ജീവിതത്തില്‍ ദൃഡനിശ്ചയം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സ്റ്റുഡന്റായിരുന്ന കാലത്തുപോലും നവീന്‍ബാബു. അതുകൊണ്ടു തന്നെ സ്റ്റുഡന്റായിരിക്കുമ്പോള്‍ പോലും വ്യത്യസ്തനായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും തന്റെയൊപ്പം പ്രവര്‍ത്തിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ബാബു.ആ കുടുംബത്തിന്റെ വികാരം തനിക്ക് ഉള്‍ക്കൊള്ളാനാകും. ഇതിന് പത്തനംതിട്ടക്കാരിയാകണമെന്നില്ല, മനുഷ്യനായാല്‍ മതി. അദ്ദേഹത്തോടും കുടുംബത്തോടും നീതി ചെയ്യണം എന്നതുകൊണ്ടാണ് പ്രശാന്തനെപ്പോലെ ഒരാളെ സര്‍വീസില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.