36 വര്‍ഷത്തിന് ശേഷം ആദ്യം; ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്, എട്ടുവിക്കറ്റ് ജയം

36 വര്‍ഷത്തിന് ശേഷം ആദ്യം; ഇന്ത്യന്‍ മണ്ണില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്, എട്ടുവിക്കറ്റ് ജയം

ബംഗളൂരു: 36 വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച് ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് മറികടന്നു. ഇതിന് മുമ്പ് 1988 ലാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110

ചെറിയ സ്‌കോറാണെങ്കിലും അഞ്ചാം ദിനം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു.

മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എല്‍ബിഡബ്ല്യൂവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നല്‍കി. ഇത്തവണയും എല്‍ബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ്(45), രചിന്‍ രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നു.

ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 462 റണ്‍സില്‍ അവസാനിച്ചതോടെയാണ് ന്യൂസിലന്‍ഡിന് മുന്നില്‍ 107 റണ്‍സ് വിജയലക്ഷ്യം വന്നത്. നാലാം ദിനമായ ഇന്നലെ ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്‌സിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ഋഷഭ് പന്ത് (99), വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ജില്ലാ തല ചിത്ര രചന മത്സരം

ജില്ലാ തല ചിത്ര രചന മത്സരം

ആറ്റിങ്ങൽ : നെഹ്‌റു സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാ തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 10നാണ് മത്സരം. നഴ്സറി,എൽ പി, യു പി, എച്ച് എസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഴ്സറി, എൽ പി, യു പി വിഭാഗത്തിന് ക്രയോൺ കളറിങ് ഉം എച്ച് എസ്സ് വിഭാഗത്തിന് പെൻസിൽ ഡ്രായിങ് മാണ് മത്സരം.കൂടുതൽ വിവരങ്ങൾക്ക്
9946953070
ഇളമ്പ ഉണ്ണികൃഷ്ണൻ
ചെയർമാൻ നെഹ്‌റു സംസ്‍കാരിക വേദി

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂര്‍ സ്വദേശി ജിബി എന്ന യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി എട്ടുലക്ഷം രൂപ മൂല്യമുള്ള 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് ജിബി ബസില്‍ കയറിയത്. തൃശൂരിലെ സ്വര്‍ണവ്യാപാരിയുടെ ജീവനക്കാരനാണ് ജിബി. തൃശൂര്‍ ഭാഗത്തെ സ്വര്‍ണ്ണകടയില്‍ വില്‍പ്പനക്ക് കൊണ്ടുപോയതായിരുന്നു സ്വര്‍ണം

വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണമുണ്ടോ?, മതിയായ രേഖകള്‍ വേണം; ഫ്‌ളെയിംഗ് സ്‌ക്വാഡ് പരിശോധന ശക്തം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി

വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണമുണ്ടോ?, മതിയായ രേഖകള്‍ വേണം; ഫ്‌ളെയിംഗ് സ്‌ക്വാഡ് പരിശോധന ശക്തം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരിശോധന ശക്തമാക്കി. പരിശോധനയുടെ ഭാഗമായി ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും.

വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് മതിയായ രേഖകള്‍ യാത്രക്കാര്‍ കൈവശം കരുതണം. പരിശോധനയില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

വിപ്ലവ സൂര്യന് ഇന്ന് 101 വയസ്; സന്ദേശ പ്രവാഹം

വിപ്ലവ സൂര്യന് ഇന്ന് 101 വയസ്; സന്ദേശ പ്രവാഹം

തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവ നായകനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഞായറാഴ്ച 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് സ്‌നേഹ സന്ദേശങ്ങളുടെ പ്രവാഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.

തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.

പ്രായത്തിന്റെ അവശതയിലും രാവിലെയും വൈകീട്ടുമുള്ള പത്രവായനയിലൂടെ വാര്‍ത്തകളും വിശേഷങ്ങളും വി എസ് അറിയുന്നുണ്ട്. ടെലിവിഷന്‍ വാര്‍ത്തകളും ശ്രദ്ധിക്കും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഭക്ഷണവും മരുന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ്. ഭാര്യ വസുമതിയും മക്കളായ അരുണ്‍കുമാറും ആശയും ഒപ്പമുണ്ട്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ മൂന്നു പ്രതികളാണ് പിടിയിലായിരിക്കുന്നത്.

ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ഇവര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ മൂവരും പിടിയിലായത്.

ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേരള പൊലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്.

ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തില്‍ ഹരിയാനയിലേക്ക് കടന്നത്. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.