എഡിഎമ്മിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

എഡിഎമ്മിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.

മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കലക്ടര്‍ ക്ഷണിച്ച പ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന പരിപാടി എന്ന നിലയിലാണ് അഴിമതിക്കാര്യം സംസാരിച്ചതെന്നും ദിവ്യ പറഞ്ഞു. ‘ഇതുവഴിയെ പോയപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കുന്നു എന്ന് അറിഞ്ഞാണ് വന്നത്’ എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍. എന്നാൽ കലക്ടർ ക്ഷണിച്ചിട്ടാണ് യോ​ഗത്തിന് വന്നതെന്നാണ് ഹർജിയിൽ ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ പൊലീസിന് ദിവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

കശ്മീര്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

കശ്മീര്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.

ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരർ വെടിയുതിർത്തത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം പൊലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്.

പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.

വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്

വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്

വർക്കല ക്ലിഫിൽ നിന്ന് താഴേക്കു വീണ് യുവാവിന് പരിക്ക്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിന് സമീപത്തെ കയർ കെട്ടിയിരുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന തിരുവാണിയൂർ കുര്യാക്കോട് സ്വദേശിയായ സിറിൽ മാത്യു (37) അബദ്ധത്തിൽ കുഴിയിലേക്ക് പതിക്കുകയായിരുന്നു.

നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ മുകളിൽ എത്തിച്ചു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച സിറിലിന് ഗുരുതര പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം. മഴയത്ത് ഇടിഞ്ഞ ക്ലിഫിലെ പല ഭാഗങ്ങളും കയർത്തി കെട്ടി പോലീസ് തടഞ്ഞിരിക്കുകയാണ്. എന്നാലും ഈ ഭാഗത്ത് വിനോദസഞ്ചാരികൾ ഫോട്ടോയും സെൽഫിയും ഒക്കെ എടുക്കുന്നതിന് എത്താറുണ്ട്.

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

വര്‍ക്കലയില്‍ പൊലീസ് സ്റ്റേഷനു സമീപം യുവാവ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില; 58,500ലേക്ക്, 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

റോക്കറ്റ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില; 58,500ലേക്ക്, 11 ദിവസത്തിനിടെ 2200 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ചയാണ് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്.

ടേം ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും?, ജിഎസ്ടി നിരക്കില്‍ ഇളവിന് ധാരണ; മന്ത്രിതലസമിതിയില്‍ തീരുമാനം ഇങ്ങനെ

ടേം ലൈഫ് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും?, ജിഎസ്ടി നിരക്കില്‍ ഇളവിന് ധാരണ; മന്ത്രിതലസമിതിയില്‍ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും അഞ്ചുലക്ഷം രൂപ വരെ കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെയും ജിഎസ്ടിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയേക്കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതലസമിതിയുടെ ഇന്നലത്തെ യോഗത്തില്‍ ധാരണയായി. കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലും ഉള്‍പ്പെട്ട സമിതി ഡിസംബറിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കും. ജിഎസ്ടി കൗണ്‍സിലാകും അന്തിമ തീരുമാനമെടുക്കുക.

അതേസമയം അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി തുടരും. 20 ലിറ്റര്‍ കുടിവെള്ള ബോട്ടിലുകള്‍, സൈക്കിളുകള്‍, വ്യായാമ നോട്ട്ബുക്കുകള്‍ എന്നിവയുടെ നികുതി നിരക്ക് 5 ശതമാനമായി കുറയ്ക്കാനും മന്ത്രിതലസമിതിയുടെ യോഗത്തില്‍ ധാരണയായി. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം നിരവധി ഇനങ്ങളുടെ നിരക്ക് കുറയ്ക്കാനും പലതിന്റെയും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതിലൂടെ 22,000 കോടി രൂപയുടെ അധിക വരുമാനമാണ് മന്ത്രിതല സമിതി പ്രതീക്ഷിക്കുന്നത്.

നിലവില്‍ ടേം പോളിസികള്‍ക്കും ഫാമിലി ഫ്‌ലോട്ടര്‍ പോളിസികള്‍ക്കും നല്‍കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തുന്നത്. ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തെ പൂര്‍ണമായി ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് മന്ത്രിതലസമിതി തീരുമാനിച്ചത്. ‘മന്ത്രിതല സമിതിയിലെ ഓരോ ഓരോ അംഗവും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഞങ്ങള്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്തിമ തീരുമാനം കൗണ്‍സില്‍ എടുക്കും.’- സാമ്രാട്ട് ചൗധരി പറഞ്ഞു. 15,000 രൂപയ്ക്ക് മുകളിലുള്ള ഷൂകള്‍ക്കും 25,000 രൂപയ്ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകള്‍ക്കും ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ജിഎസ്ടി ഉയര്‍ത്താനാണ് മന്ത്രിതല സമിതിയില്‍ ധാരണയായത്.