‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍’; ലൈംഗികാരോപണ കേസില്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് ജയസൂര്യ

‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍’; ലൈംഗികാരോപണ കേസില്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് ജയസൂര്യ

തിരുവനന്തപുരം: പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്‍കി തിരിച്ചു പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എനിക്ക് പറയാനുള്ള സ്‌പെയ്‌സ് നിങ്ങള്‍ തരുന്നുണ്ട്. ഒരു സാധാരണക്കാരനാണെങ്കില്‍ എന്ത് ചെയ്യും. അയാളുടെ കുടുംബം തകരില്ലേ. അയാളുടെ ഫാമിലിയുടെ മുന്നില്‍ അയാളുടെ ഇമേജ് പോകില്ലേ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. കണ്ടുപരിചയമുണ്ടായിരുന്നു.

2019, 2020, 2021ലുമൊക്കെ ഇവര്‍ ആരുമറിയാതെ നന്മ ചെയ്യുന്നയാള്‍ എന്നൊക്കെ പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നല്ലോ. അതിന് ശേഷം എന്തിനാണിങ്ങനെയൊരു ഫേക്ക് അലിഗേഷനുമായി വരുന്നത്.

അവരെന്ത് പറഞ്ഞാലും ഉത്തരം പറയാനുള്ള ആളല്ല ഞാന്‍. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വിളിച്ചു പറയുമോയെന്നും ജയസൂര്യ ചോദിച്ചു. പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു.

കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോയി

കിളിമാനൂർ എക്സൈസ് കസ്റ്റഡിയിൽ എടുത്ത പ്രതി എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. കിളിമാനൂർ വയ്യാറ്റിൻകര, കൊപ്പം, പണ്ടാരവിള, പ്ലാമൂട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഭിലാഷ് (30) ആണ് എക്സൈസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. ഇയാളെ കഞ്ചാവും, വ്യാജ മദ്യവും അനുബന്ധ ഉപകരണങ്ങളുമായി വീട്ടിൽ നിന്നും ഇന്നലെ രാവിലെ കിളിമാനൂർ എക്സൈസ് പിടികൂടിയിരുന്നു. റിമാൻഡ് ചെയ്യുന്നതിനായുള്ള നടപടികൾ നടന്നുവരുന്നതിനിടെയാണ് ഇയാൾ കടന്നു കളഞ്ഞത്. കിളിമാനൂർ, എക്സൈസ്, പോലീസ് സംഘം ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

നിലപാട് തിരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ‘ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെയും വരുന്ന ഭക്തര്‍ക്ക് കഴിഞ്ഞ വര്‍ഷം ദര്‍ശനം ഉറപ്പാക്കിയിരുന്നു. 2024-25 മണ്ഡല മകര വിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്’ മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലുള്ള ജീവനക്കാര്‍ക്ക് ഈ മാസം 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചു.

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) മുന്നറിയിപ്പ്. ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബര്‍ 14 മുതല്‍ 16 വരെ ഈ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളയായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ മഴയില്‍ വെള്ളപ്പൊക്ക സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച എംകെ സ്റ്റാലിന്‍ യോഗം വിളിച്ചിരുന്നു. 990 പമ്പുകളും പമ്പ് സെറ്റുകള്‍ ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് യോഗത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അറിയിച്ചു. കൂടാതെ, 36 മോട്ടോര്‍ബോട്ടുകള്‍, 46 മെട്രിക് ടണ്‍ ബ്ലീച്ച് പൗഡര്‍, 25 മെട്രിക് ടണ്‍ ചുണ്ണാമ്പ് പൊടി, ഫിനോള്‍ എന്നിവ അടിയന്തര ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല

ബൈജു ചട്ടങ്ങള്‍ ലംഘിച്ചു; ഓടിച്ച കാര്‍ ഹരിയാനയിലേത്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തില്‍ നടന്‍ ബൈജുവിന്റെ കാര്‍ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. പരിവാഹന്‍ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആര്‍സി രേഖയില്‍ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടര്‍ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തില്‍ പറയുന്നത്. ഹരിയാനയിലെ കാര്‍ കേരളത്തില്‍ ഓടിക്കാന്‍ ഹരിയാന വാഹനവകുപ്പിന്റെ എന്‍ഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തില്‍ ഹാജരാകേണ്ട എന്‍ഒസി ഇതുവരെ നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എത്തിച്ചാല്‍ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം.

കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി . ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകള്‍ ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞദിവസം രാത്രി പതിനൊന്നേമുക്കാലിന് വെളളയമ്പലം ജംങ്ഷനിലാണ് അപകടം. കവടിയാര്‍ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാര്‍ ആല്‍ത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാര്‍ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറില്‍ ഇടിക്കുകയുമായിരുന്നു പുല്ലിലേയ്ക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല. സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടപ്പുണ്ട്.

സമീപത്തെ സിഗന്ല്‍ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ഇരുപതംഗ സംഘം ആക്രമിച്ചതായി പരാതി

തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ഇരുപതംഗ സംഘം ആക്രമിച്ചതായി പരാതി

ഇടുക്കി: തൊടുപുഴയില്‍ സിനിമാ പ്രവര്‍ത്തകരെ ഇരുപതംഗ സംഘം ആക്രമിച്ചു. സിനിമാ സെറ്റില്‍ ആര്‍ട്ട് വര്‍ക്കിനെത്തിയ മൂന്ന് പേരെയാണ് സംഘം മര്‍ദിച്ചത്. സംഭവത്തില്‍ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആര്‍ട്ട് വര്‍ക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജില്‍, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ ജയസേനന്റെ പരിക്ക് ഗുരുതരമാണ്.

തൊടുപുഴയില്‍ വെച്ച് പിക്കപ്പ് വാനിന്റെ ഡ്രൈവറുമായുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മര്‍ദിച്ചെന്നാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.