by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. തിങ്കളാഴ്ച മുതലാണ് വില കുറഞ്ഞത്. നാലുദിവസത്തിനിടെ 760 രൂപയാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില ഇന്ന് തിരിച്ചുകയറിയത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയത്. ചില നേതാക്കൾ ചേർന്നാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളജിലെ പൂര്‍വ വിദ്യാർഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ചില നേതാക്കളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. സഖാവ് പിണറായി വിജയന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിളിച്ചിട്ടുണ്ട്, ഞാൻ പറഞ്ഞിട്ടുണ്ട്- വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ലെ എന്ന്. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്. 2014 ഓഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. വിഷമിപ്പിക്കുന്ന ഘട്ടം വന്നപ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് മാർക്സിസ്റ്റ് പാർട്ടി എന്നെ പിന്തുണയ്ക്കാൻ ശ്രമിച്ചു. അവർക്കും സാധിച്ചില്ല. – സുരേഷ് ഗോപി പറഞ്ഞു.
താൻ ലീഡര്‍ കെ കരുണാകരന്‍റേയും ഇ കെ നായനാരുടെയും നല്ല മകനായിരുന്നുവെന്നും ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂരിൽ പൂരം കലക്കിയാണ് ഞാൻ അവിടെ നിന്നു വിജയിച്ചുവെന്നതിലെ കതിരും പതിരും വേർതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ. ഒന്നു ജയിച്ചപ്പോഴേക്കും അതിനു കാരണം പൂരം കലക്കിയോ, ആനയ്ക്കു പട്ട വലിച്ചിട്ടോ എന്നാണ് അവർ നോക്കുന്നത്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്തിട്ടും അവരുടെ ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങൾക്കൊപ്പം നിന്നതു കൊണ്ടാണു തൃശൂരിലെ ജനങ്ങൾ എനിക്കു വോട്ടു തന്നത്’ – സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നടി എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പ്രതികരിച്ചില്ല. നടൻ കൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.
ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലിൽ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും പാർട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. സിനിമാ താരങ്ങൾക്ക് ഒപ്പം റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴിയെടുക്കും.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂുരല്‍ കൊണ്ട് അടിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കള്‍ പരാതി നല്‍കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി പൊതുതാല്‍പര്യത്തോടെയല്ലെന്നും സ്വകാര്യതാല്‍പര്യം മാത്രമാണെും കോടതി പറഞ്ഞു.
ക്യാംപസിനുള്ളില്‍ ഒരു വിദ്യാര്‍ഥി സംഘടനയുടെ സ്മാരകം നിര്‍മിച്ചത് ശരിയായില്ല എന്നു കാണിച്ച് കെഎസ്‌യു പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യംപസില്‍ എസ്എഫ്‌ഐ സ്മാരകം പണിതത്.
സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മഹാരാജാസ് ക്യംപസില്‍ സ്മാരകം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
by Midhun HP News | Oct 10, 2024 | Latest News, സിനിമ
കാക്കിയണിഞ്ഞ് രജിനികാന്ത് എത്തിയപ്പോഴെല്ലാം അതൊരു പുതിയ അനുഭവമായിരുന്നു പ്രേക്ഷകർക്ക്. ഏറ്റവും ഒടുവിൽ അദ്ദേഹം പൊലീസായെത്തിയ വേട്ടയ്യനിലും ആ സ്വാഗ് പ്രേക്ഷകന് കാണാം. ഉശിരും മനസാക്ഷിയുമുള്ള വേട്ടയ്യനെന്ന വിളിപ്പേരുള്ള എസ്പി ആത്തിയൻ എന്ന കഥാപാത്രവും തലൈവരുടെ കൈയ്യിൽ ഭദ്രം. ഒരേസമയം മാസും ക്ലാസും പ്രേക്ഷകന് സമ്മാനിച്ചു കൊണ്ടാണ് വേട്ടയ്യന്റെ കുതിപ്പ്.
ഒരു കേസുമായി ബന്ധപ്പെട്ട് ആത്തിയൻ നടത്തുന്ന എൻകൗണ്ടറും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പൊലീസ് എൻകൗണ്ടിങ് ശരിയോ, തെറ്റോ എന്ന ചോദ്യം പ്രേക്ഷകന് മുന്നിൽ വച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. പൊലീസ് കഥകളും പൊലീസ് എൻകൗണ്ടർ കഥകളുമൊക്കെ ധാരാളം വന്നിട്ടുണ്ടെങ്കിലും ആ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ടി ജെ ജ്ഞാനവേലിന്റെ വേട്ടയ്യൻ.
സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ ജ്ഞാനവേൽ, രജിനികാന്ത് ചിത്രം എങ്ങനെയായിരിക്കും ഒരുക്കിയിരിക്കുക എന്ന് കാണാനുള്ള ആകാംക്ഷ ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നു. വേട്ടയ്യൻ ഒരു പക്കാ രജനി പടമാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം. സംവിധായകന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾ വേട്ടയ്യനിൽ നിറഞ്ഞു കാണാം. എന്നാൽ രജിനി ആരാധകരെ സംവിധായകൻ നിരാശപ്പെടുത്തിയിട്ടുമില്ല.
ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് വേട്ടയ്യനിൽ എടുത്തു പറയേണ്ട ഒന്ന്. സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങളെ വരെ, കോർപ്പറേറ്റ് ഇടപെടലിലൂടെ കച്ചവടവത്കരിക്കുന്നതിനെ കൃത്യമായി തുറന്നു കാണിക്കുന്നുണ്ട് ചിത്രം. ചേരിയിൽ ജീവിക്കുന്നവരും വിദ്യാഭ്യാസമില്ലാത്തവരും മാത്രമാണ് കുറ്റം ചെയ്യുന്നതെന്ന മനോഭാവത്തിന് നേരെയുള്ള ഒരടി കൂടിയാണ് വേട്ടയ്യൻ.
വളരെ സ്ലോ മൂഡിലാണ് കഥ ആദ്യ പകുതിയിൽ മുന്നോട്ട് പോകുന്നത്. പതിയെ പതിയെ കഥ വികസിക്കുകയാണ്. പാട്ട്, ഫൈറ്റ് എല്ലാം ഉൾക്കൊള്ളിച്ച് തന്നെയാണ് ആദ്യ പകുതി മുന്നേറുന്നത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്ന മനസിലായോ… എന്ന ഗാനം തിയറ്ററിൽ നൽകിയ ഓളം പറയാതെ വയ്യ. പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ഒരു ഇൻട്രോ സീൻ തന്നെയാണ് രജനികാന്തിനായി സംവിധായകൻ ഒരുക്കിയതും.
രജനികാന്തിന്റെയും ബിഗ് ബിയുടെയും മത്സരിച്ചുള്ള പെർഫോമൻസ് തന്നെയാണ് വേട്ടയ്യന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അമിതാഭ് ബച്ചന്റെ സത്യദേവ് എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ തുടങ്ങുന്നത് തന്നെ. ഹം എന്ന ചിത്രത്തിന് ശേഷം നീണ്ട 33 വർഷങ്ങൾക്ക് ശേഷമാണ് രജനികാന്തും ബിഗ് ബിയും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ചോദ്യങ്ങളും പ്രേക്ഷക മനസിൽ ഉണ്ടാകും. എന്നാൽ വെറുമൊരു റീയൂണിയൻ അല്ല രജനിയുടെയും ബിഗ് ബിയുടെയുമെന്ന് സിനിമ മുന്നേറുന്തോറും പ്രേക്ഷകന് മനസിലാകും.
കഥയിൽ ഒരു നിർണായക ഗതി കൊണ്ടുവരുന്നത് തന്നെ ബിഗ് ബിയുടെ ഇടപെടലാണ്. മറ്റു സിനിമകളിലേതു പോലെ തന്നെ രജനിക്ക് കൃത്യമായ ഒരു സ്റ്റൈലും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. സിനിമയിൽ പലയിടങ്ങളിലും ഈ രജനി സ്റ്റൈൽ പ്രേക്ഷകരെ ആവേശത്തിലാക്കും. മറ്റൊന്ന് ഫഹദ് ഫാസിലിന്റെ സാന്നിധ്യമാണ്. ഇതിനോടകം തന്നെ തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഫഹദിന് വലിയൊരു ഫാൻ ബേസ് തന്നെയുണ്ട്. അത് വേട്ടയ്യനിലൂടെ ഇരട്ടിയാകുമെന്ന കാര്യം ഉറപ്പാണ്.
ബാറ്ററി എന്ന അപരനാമത്തിലെത്തുന്ന പാട്രിക് എന്ന ഫഹദിന്റെ കഥാപാത്രം വേട്ടയ്യന്റെ നെടുംതൂണുകളിൽ ഒന്നാണ്. ബാറ്ററി എന്ന പേര് പോലെ തന്നെ ഫഹദിന്റെ കഥാപാത്രം നൽകിയ എനർജിയും വളരെ വലുതാണ്. രജനികാന്തിനൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ രംഗങ്ങളെല്ലാം പ്രേക്ഷക മനം കവർന്നു. ബാറ്ററി എന്ന കഥാപാത്രത്തിലേക്ക് ഫഹദല്ലാതെ മറ്റൊരു നടനെ ചിന്തിക്കാൻ പോലും നമ്മുക്കാകില്ല. കിടിലൻ ഡയലോഗുകളും മാസ് സീനുകളുമെല്ലാമുണ്ട് ചിത്രത്തിൽ ഫഹദിന്. നടരാജ് എന്ന വില്ലനായെത്തിയ റാണ ദഗുപതിയും കൈയ്യടി നേടി.
സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പെയ്സ് നൽകിയാണ് വേട്ടയ്യൻ ഒരുക്കിയിരിക്കുന്നത്. ദുഷാര വിജയൻ അവതരിപ്പിക്കുന്ന ശരണ്യ എന്ന കഥാപാത്രത്തിലൂടെയാണ് വേട്ടയ്യൻ വികസിക്കുന്നത്. നായകന്റെ നിഴലായി മാത്രം നിൽക്കുന്ന ഒരു നായികയാണോ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന താര എന്ന കഥാപാത്രം എന്ന് ആദ്യം തോന്നുമെങ്കിലും അവിടെയും ചെറിയൊരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
മനസിലായോ എന്ന പാട്ടിൽ മഞ്ജു വാര്യർ ആദ്യാവസാനം വരെ തകർത്താടുകയായിരുന്നു. പൊലീസ് വേഷത്തിലെത്തിയ റിതിക സിങും തന്റെ ഭാഗം മികച്ചതാക്കി. ആക്ഷൻ രംഗങ്ങളിലും റിതിക തിളങ്ങി. ഫഹദിനെയും മഞ്ജുവിനെയും കൂടാതെ മലയാളത്തിൽ നിന്ന് സാബു മോൻ, അലൻസിയർ, രമ്യ സുരേഷ്, വഴക്ക് എന്ന സിനിമയിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോൾ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ചെറിയ റോളുകളിലെ സ്ക്രീനിൽ എത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ ഈ താരങ്ങൾക്കായി.
അനിരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വേട്ടയ്യന്റെ മറ്റൊരു പോസിറ്റീവ്. മാസ് വേണ്ടിടത്ത് മാസും ഇമോഷൻ വേണ്ടിടത്ത് ഇമോഷനുമെല്ലാം കൃത്യമായി അനിരുദ്ധ് ചെയ്ത് വച്ചിട്ടുണ്ട്. മാത്രമല്ല മനസിലായോ എന്ന പാട്ടിൽ അനിരുദ്ധ് സിനിമയിൽ മുഖം കാണിച്ചിട്ടുമുണ്ട്. എസ് ആർ കതിറിന്റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. വേട്ടയ്യന്റെ ഓരോ ഫ്രെയിമും പ്രേക്ഷകരിലേക്ക് മനോഹരമായി തന്നെ കതിർ എത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സും എടുത്തു പറയേണ്ടതാണ്. സാധാരണ കാണുന്ന ഒരു മാസ് പടം പോലെ അല്ല വേട്ടയ്യന്റെ ക്ലൈമാക്സ്. മാസ് രംഗങ്ങൾ ഒന്നുമില്ലാതെ സംവിധായകന്റെ കൈയ്യൊപ്പ് ചാർത്തിയാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. പൊലീസ് വേട്ടക്കാരനല്ല സംരക്ഷകരാണ് എന്നും വേട്ടയ്യൻ പറഞ്ഞു വയ്ക്കുന്നു.
വേട്ടയ്യന് മുൻപ് രജനി ചെയ്ത ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സീനുകളുണ്ട് ചിത്രത്തിൽ. അത് തന്നെയാണ് ചിത്രത്തിന്റെ പോരായ്മയായി തോന്നിയതും, കാരണം ചില രംഗങ്ങളിലെ രജനിയുടെ വരവ് തന്നെ അദ്ദേഹത്തിന്റെ തന്നെ മറ്റു സിനിമകളിലേക്ക് ഡയറക്ടായി പ്രേക്ഷകനെ കണക്ട് ചെയ്യിപ്പിക്കുന്നുണ്ട്. തലൈവരുടെ മാസും ക്ലാസും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയ സിനിമകളിലൊന്ന് തന്നെയാണ് വേട്ടയ്യനും.
Recent Comments