by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
ലണ്ടന്‍: ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന് വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു.
‘പ്രൊഫഷണല്‍ ടെന്നിസില്‍നിന്ന് വിരമിക്കുന്ന കാര്യം നിങ്ങളെ അറിയിക്കാനാണ് എന്റെ ഈ വരവ്. കുറച്ചുകാലമായി വളരെയധികം ബുദ്ധിമുട്ടിയാണ് ഞാന്‍ ടെന്നിസില്‍ തുടരുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു വര്‍ഷം. പരിമിതികളില്ലാതെ കളിക്കാനാകുമെന്ന് ഞാന്‍ ഒരു കാലത്തും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ കരിയറില്‍ ഉടനീളം നല്കിയ പിന്തുണയ്ക്ക് നന്ദി’ താരം പറഞ്ഞു.
ടെന്നീസ് കോര്‍ട്ടിലെ സമാനതകളില്ലാത്ത ധീരതയും നിശ്ചയദാര്‍ഢ്യവുമായിരുന്നു നദാല്‍, കളിമണ്‍ കോര്‍ട്ടില്‍ പകരക്കാരന് ഇല്ലാത്ത നദാര്‍ 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ് നേടിയത്. 2005ലാണ് നദാല്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കീരിടം ചൂടിയത്. അവസാനമായി 2022ലും.
2008ലെ ബീജിങ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണവും 2016ലെ റിയോ ഒളിംപിക്സില്‍ ഡബിള്‍സ് സ്വര്‍ണവും നേടിയ നദാല്‍, ഈ വര്‍ഷം നടന്ന പാരിസ് ഒളിംപിക്സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിക്കാനാകാതെ പുറത്തായിരുന്നു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും അവസാന മത്സരം.
by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കസ്റ്റംസ് നടപടികളില്‍ പോരായ്മകളുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല?.
മലപ്പുറം പരാമര്‍ശത്തില്‍ താന്‍ നല്കിയ കത്തിന് മുഖ്യമന്ത്രി മറുപടി വൈകിച്ചു. 20 ദിവസത്തിന് ശേഷമാണ് വിശദീകരണം നല്‍കിയത്. സ്വര്‍ണ കള്ളക്കടത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹ കുറ്റം നടന്നാല്‍ അതു തന്നെ അറിയിക്കേണ്ടതാണ്. സാധാരണ ഭരണപരമായ നടപടികളെക്കുറിച്ചല്ല താന്‍ ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം വന്ന ഹിന്ദു പത്രം പറയുന്നത്, മുഖ്യമന്ത്രിയുടെ അഭിമുഖ സമയത്ത് രണ്ട് പി ആര് ഏജന്‍സി പ്രതിനിധികള്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് ഒരു പി ആര് ഏജന്‍സിയുമായും ബന്ധമില്ലെന്നാണ്. അങ്ങനെയെങ്കില്‍ തെറ്റായ വിവരം നല്കിയ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഗവര്‍ണര്‍ പറഞ്ഞു.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്ക്കും അറിയാവുന്നതല്ലേ?. ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലെയെന്നും അവിടെക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയത്.
by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏഴു പ്രതികള്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരില്‍ ആറു പേര് വിദേശത്തും ഒരാള്‍ ചെന്നൈയിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസില്‍ വിചാരണ കോടതി നേരത്തെ വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിനായി ഈ പ്രതികളെ ഈ മാസം 15 ന് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പൊലീസ് ലുക്ക് പ്രതികള്‍ക്കായി ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എരഞ്ഞിപ്പാലത്തെ വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടത്.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പതറാത്ത ആത്മവീര്യവും ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത രത്തന്‍ ടാറ്റ വിട പറഞ്ഞതോടെ, ഇനി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് ആര് എന്ന ചോദ്യം ഉയരുന്നു. രത്തന്‍ ടാറ്റയ്ക്ക് മക്കളില്ലാത്തതിനാല്‍, അദ്ദേഹത്തിന്റെ 3,800 കോടി രൂപയുടെ ആസ്തി ആര് ഏറ്റെടുക്കും എന്നതും ഇപ്പോള്‍ ഉയരുന്ന മറ്റൊരു പ്രധാന ചോദ്യമാണ്.
നിലവില്‍ ടാറ്റ സണ്‍സിന്റെ ചെയര്മാന് ചന്ദ്രശേഖരന് 2017ലാണ് നേതൃത്വം ഏറ്റെടുത്തത്. മുമ്പ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സിഇഒ ആയിരുന്ന അദ്ദേഹം നേതൃത്വപദവിയില്‍ പുലര്‍ത്തുന്ന സ്ഥിരതയില്‍ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിലെ മുന്‍നിര നേതാവായിട്ടാണ് അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നത്. കുടുംബത്തിലും ബിസിനസ്സിലും നിരവധി സാധ്യതയുള്ള അവകാശികളും ഉയര്‍ന്നുവന്നിട്ടുണ്ട്.
നേതൃപദവിയിലേക്ക് ഉയര്‍ന്നുവരുന്ന പേരുകള്‍
നോയല്‍ ടാറ്റ:
രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ശക്തനായ ഒരു പേര്. നേവല്‍ ടാറ്റയുടെ (രണ്ടാം വിവാഹത്തില്‍ നിന്നുള്ള) മകനായ അദ്ദേഹം വര്‍ഷങ്ങളായി ടാറ്റ ഗ്രൂപ്പില്‍ പങ്കാളിയാണ്. നോയലിന് മൂന്ന് മക്കളുണ്ട്-മായ, നെവില്‍, ലിയ. അവരേയും ഗ്രൂപ്പിന്റെ ഭാവി നേതാക്കളായി കാണുന്നുണ്ട്.
ലിയ ടാറ്റ:
നോയല്‍ ടാറ്റയുടെ മൂത്ത മകള്‍. ലിയ മാഡ്രിഡിലെ ഐഇ ബിസിനസ് സ്കൂളില്‍ നിന്ന് മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 2006ലാണ് ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎല്‍) വൈസ് പ്രസിഡന്റാണ്.
മായ ടാറ്റ:
ടാറ്റ ക്യാപിറ്റലില്‍ അനലിസ്റ്റായി കരിയര്‍ ആരംഭിച്ച മായ കമ്പനിയില്‍ ഉയര്‍ന്നുവരുന്നതിനുള്ള ശ്രമത്തിലാണ്.
നെവില്‍ ടാറ്റ:
നെവില്‍ തന്റെ അച്ഛന് കെട്ടിപ്പടുക്കാന്‍ സഹായിച്ച റീട്ടെയില്‍ ബിസിനസായ ട്രെന്റിലാണ് കരിയര്‍ ആരംഭിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള വ്യവസായി എന്ന വിശേഷണത്തോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് രത്തന്‍ ടാറ്റയിലെ ജീവകാരുണ്യപ്രവര്‍ത്തകനെയും.എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അനിതരസാധാരണ മനുഷ്യന് ആയിരുന്നു രത്തന്‍ ടാറ്റ എന്നത് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക തന്നെ ഉത്തര ഉദാഹരണമാണ്.
വിവിധ രംഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 9000 കോടി രൂപയാണ് രത്തന്‍ ടാറ്റ ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നി രംഗങ്ങളിലെ മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം തുക വിനിയോഗിച്ചത്. ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനസഹായം നല്കുന്നതില് രത്തന്‍ ടാറ്റ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ അനുവദിച്ച സ്കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഉപയോഗിച്ച് നിരവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചത് വഴി എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിച്ചു.
ആരോഗ്യമേഖലയില്‍ പിന്നാക്ക പ്രദേശങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. പിന്നാക്ക പ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനാണ് പ്രധാനമായി തുക ചെലവഴിച്ചത്. ആശുപത്രികള്‍ സ്ഥാപിച്ചതും മെഡിക്കല്‍ ഗവേഷണ സംരംഭങ്ങള്‍ക്കുള്ള ധനസഹായവും എല്ലാവര്ക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലും ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സുസ്ഥിര കാര്‍ഷിക രീതികളെ പിന്തുണയ്ക്കുന്നതിലും ഈ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
രത്തന്‍ ടാറ്റയുടെ ആസ്തി
2024-ലെ കണക്കനുസരിച്ച്, രത്തന്‍ ടാറ്റയുടെ ആസ്തി ഏകദേശം 3,800 കോടിയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്റെ ഓഹരിപങ്കാളിത്തത്തില്‍ നിന്നാണ് ആസ്തി കണക്ക് ലഭിക്കുന്നത്. തങ്ങളുടെ കമ്പനികളിലെ ഓഹരികള്‍ വഴി വ്യക്തിഗത സമ്പത്ത് സ്വരൂപിക്കുന്ന പല സമ്പന്നരില്‍ നിന്നും വ്യത്യസ്തമായി, രത്തന്‍ ടാറ്റയുടെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. ടാറ്റ ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിന്റെ ഏകദേശം 66% കൈവശം വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഇവ ലാഭത്തിന്റെ വിഹിതം അനുവദിക്കുകയും ചെയ്യുന്നു.
Recent Comments