by Midhun HP News | Oct 5, 2024 | Latest News, ദേശീയ വാർത്ത
ലബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വടക്കൻ ലബനനിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.
വടക്കൻ ലെബനൻ നഗരമായ ട്രിപ്പോളിയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് സായുധ വിഭാഗം തലവനായ സയീദ് അത്തല്ല കൊല്ലപ്പെട്ടത്. അത്തല്ലയുടെ മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോട്ടുണ്ട്. ബെയ്റൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ സൈന്യം നിർദേശം നൽകിയതിന് പിന്നാലെയാണിത് . ഗസയിലെ നുസ്രത്ത് അഭയാർത്ഥി ക്യാംപിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.
ഇതിനിടെ ലബനനിൽ യുഎസ് പൗരൻ കൊല്ലപ്പെട്ടെന്ന വാർത്ത അമേരിക്ക സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഐക്യരാഷ്ട്ര സംഘടന സമാധാന സേനാംഗങ്ങൾ തെക്കൻ ലെബനനിൽ നിലയുറപ്പിച്ചു, ഇസ്രായേലിനും ലെബനനുമിടയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സ്ഥിതിഗതികൾ ചർച്ചചെയ്യുന്നതിന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ എത്തി.
അതിനിടെ തെക്കൻ ഇസ്രായേലിലെ ഐൻ ഹാഷ്ലോഷയിലും കിസുഫിലും മുന്നറിയിപ്പ് സൈറൻ നൽകി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ പ്രഭാഷണത്തിന് പിന്നാലെ ഇറാൻ റോക്കറ്റ് ആക്രമണം നടത്തിയതിൽ പ്രകോപിതരായാണ് ഇസ്രായേൽ വ്യോമാക്രമണം വീണ്ടും കടുപ്പിച്ചത്. ആക്രമണങ്ങളിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
by Midhun HP News | Oct 5, 2024 | Latest News, കേരളം
എഡിജിപി എംആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില് നിന്ന് മാറ്റിയേക്കും. തൃശൂര് പൂരം നടത്തിപ്പില് വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോര്ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. അന്വേഷണ റിപ്പോര്ട്ടിലെ വിശദാംശങ്ങള് ട്വന്റി ഫോറിന് ലഭിച്ചു.
എഡിജിപി എംആര് അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. പൂരം ദിവസം അദ്ദേഹം തൃശൂരില് ഉണ്ടായിരുന്നു. പക്ഷേ പുലര്ച്ചെ മൂന്നരയോടെ മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദര്ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നാണ് എഡിജിപി നല്കുന്ന വിശദീകരണം. എന്നാല് എഡിജിപി തൃശൂരില് ഉള്ള സാഹചര്യത്തില് കാര്യങ്ങള് നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപി പറയുന്നത്. മൂന്ന് ദിവസം മുന്പ് ഉന്നത തലയോഗം ചേര്ന്ന് ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതില് എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
ഒരു ഉന്നത ഉദ്യോഗസ്ഥന് പ്രശ്ന ബാധിത മേഖലയില് നിന്ന് പ്രശ്നം ഉണ്ടായപ്പോള് മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോര്ട്ട്. വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തില് എഡിജിപിയെ ക്രമസമാധാന ചുമതലയില് നിന്ന് മാറ്റിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതേസമയം, എഡിജിപി എംആര് അജിത് കുമാറിനെതിരെ അന്വര് ഉന്നയിച്ച ആരോപണങ്ങളില് കഴമ്പില്ലെന്നാണ് റിപ്പോര്ട്ട്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കാര്യങ്ങളില് തെളിവില്ലെന്നും വിശദപരിശോധന വിജിലന്സ് നടത്തുമെന്ന ശുപാര്ശയാണ് നല്കിയിരിക്കുന്നത്.

by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആകാശവാണിയിലെ വാര്ത്താ അവതാരകന് ആയിരുന്ന എം രാമചന്ദ്രന് അന്തരിച്ചു. 91 വയസ്സായിരുന്നു. റേഡിയോ വാര്ത്താ അവതരണത്തില് തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന് സാക്ഷി എന്ന ടെലിവിഷന് പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.
വൈദ്യുതി ബോര്ഡില് ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന് ആകാശവാണിയില് വാര്ത്താ അവതാരകനായി ചേര്ന്നത്. രാമചന്ദ്രന്റെ അവതരണത്തിലൂടെ തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാര്ത്തകള് കൂടുതല് ജനകീയമായി. കൗതുക വാര്ത്തകളും വായിച്ചു.

by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, എം ലാലിജ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റെ ജെ മോറിസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ആർ സുഭാഷ്, അഡ്വ. എസ് ഫിറോസ് ലാൽ, കവിതാ സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, എൻ ബിഷ്ണു, ജൂലി സുനിൽ, അജിത, ശ്രീകണ്ഠൻ, ഷാജു ടി, അനിൽദത്ത്, പ്രകാശ്, ആലംകോട് അനിയൻ, ഡോ. ദേവരാജ് എന്നിവർ പ്രസംഗിച്ചു.
ജയശ്രീ പി സി സ്വാഗതവും. ഡോ. റമീസ് രാജ നന്ദിയും പറഞ്ഞു. ആറുകോടി രൂപ ചിലവിൽ ഘട്ടം ഘട്ടമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ഘട്ട നിർമ്മാണ ചെലവ് രണ്ടു കോടി 35 ലക്ഷം രൂപയാണ്.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കൊച്ചി: ചരിത്രമുറങ്ങുന്ന പാഴൂര് പടിപ്പുരയിലെ ജ്യോത്സ്യന് പി എസ് സുരേന്ദ്രന്(75) അന്തരിച്ചു. ഇന്നലെ പുലര്ച്ചെ നാല് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ 57 വര്ഷമായി പാഴൂര് പടിപ്പുരയില് പ്രശ്നം നോക്കി ഫലം പ്രവചിച്ചിരുന്നു. വിവിധ സ്ഥലങ്ങളില് നിന്ന് നിരവധിയാളുകളാണ് ഇദ്ദേഹത്തിന്റെയടുത്ത് പ്രശ്നം നോക്കാന് എത്തിയത്. ഒരു വര്ഷത്തോളമായി ചികിത്സയിലായിരുന്നതിനാല് തറവാട്ട് വീട്ടില് വച്ചായിരുന്നു ജ്യോതിഷ കാര്യങ്ങള് നോക്കിയിരുന്നത്. വൈകിട്ട് വന് ജനാവലിയുടെ സാന്നിധ്യത്തില് വീട്ടുവളപ്പില് മൃതദേഹം സംസ്കരിച്ചു. ഭാര്യ: പത്തനാപുരം മഞ്ചല്ലൂര് കുടുംബാംഗം ഇന്ദിര. മക്കള്: ഡോ. ആശ, ഡോ. അഞ്ജന. മരുമക്കള്: ഡോ. സുജിത്ത്, ശ്രീനാഥ്.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അർബുദബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.
നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂർ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവർത്തകരിൽ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴിൽ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.
അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവർത്തകരിൽ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടെോ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു.
രണ്ട് സംഭവങ്ങൾക്ക് പിന്നിലും സിഐടിയു – സിപിഎം പ്രവർത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഇവരും കുടുംബവും സമരവും നടത്തിയിരുന്നു.
കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് കാൻസറിൻ്റെ പിടിയിൽപ്പെട്ട് ആശുപത്രിയിലാവുന്നത്. പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്.
Recent Comments