by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്ആര്ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്. രാവിലെ 8 മണിയ്ക്കാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴാവാക്കാൻ പൊലീസ് തീരുമാനിച്ചത്.
മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അർജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര് ആക്രമണമാണ് കുടുംബം നേരിടുന്നത് എന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

by Midhun HP News | Oct 5, 2024 | Latest News, കേരളം
തൃശൂര്: വരവൂരില് കാട്ടുപന്നിക്ക് വച്ച കെണിയില് നിന്ന് ഷോക്കേറ്റ് സഹോദരങ്ങള് മരിച്ചു. കുണ്ടന്നൂര് സ്വദേശികളായ രവി (50), അരവിന്ദാക്ഷന് (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന് പിടിക്കാന് പോയപ്പോഴാണ് ഇരുവര്ക്കും ഷോക്കേറ്റത്.
കാട്ടുപ്പന്നിയെ തുരുത്താന് വേണ്ടി വച്ച കെണിയില് നിന്നാണ് ഇവര്ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര് പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്കെണി വച്ചവര്ക്കെതിരെ പൊലീസ് കേസ് എടുത്തേക്കും.
by Midhun HP News | Oct 5, 2024 | Latest News, കേരളം
എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭൂതത്താന്കെട്ടിന് സമീപം വനംമേഖലയില് കൊമ്പന്മാര് തമ്മില് കൂത്ത്കൂടിയതിനെ തുടര്ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു.
തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില് 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്ക്ക് പുറമെ ആര്ആര്ടി സംഘവും പാപ്പാന്മാരും നാട്ടുകാരും സംഘത്തില് ഉണ്ടായിരുന്നു. ആനയുടെ കാല്പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്മാരടങ്ങുന്ന സംഘം ഭക്ഷണം നല്കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില് നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്ന്ന് ആനയെ ലോറിയിലേക്ക് കയറ്റി.
ഇന്നലെ വൈകിട്ടു നാലു മണിയോടെയായിരുന്നു സംഭവം. ആന വിരണ്ടതോടെ ഷൂട്ടിങ് തല്ക്കാലത്തേക്ക് നിര്ത്തിവച്ച് സിനിമാ സംഘം മടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര് ഉള്പ്പടെയുള്ളവര് ഏറെ നേരം തിരഞ്ഞെങ്കിലും പുതുപ്പള്ളി സാധുവിനെ കണ്ടെത്താനാവാത്തതിനെ തുടര്ന്ന് ഇന്നലത്തെ തിരിച്ചില് അവസാനിപ്പിക്കുകയായിരുന്നു.
കൊമ്പന്മാര് കുത്ത് കൂടിയതിനെ തുടര്ന്ന് മണികണ്ഠനെന്ന ആന കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാല്, സാധു ഭൂതത്താന്കെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കല് തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.
by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് നടന്ന പോളിടെക്നിക്ക്കളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ എസ് എഫ് ഐ ക്ക് മിന്നും വിജയം. പോളിടെക്നിക് ആരംഭിച്ച ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പു കളിലും എസ് എഫ് ഐ ആണ് വിജയിച്ചിട്ടുള്ളത്.
പോളി യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കോളേജ് യൂണിയനു നേതൃത്വം നൽകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പുതുമ. ജനറൽ സീറ്റിൽ നിന്നും മത്സരിച്ചു ജയിച്ച അനഘ മുരളിയാണ് യൂണിയന്റെ ചെയർമാൻ.
വൈസ് ചെയർമാൻ: സാഗർ
ലേഡി വൈസ്: അൻസി
ജനറൽ സെക്രട്ടറി: സൂരജ് കൗൺസിലർ:അഭിനവ്
മാഗസിൻ എഡിറ്റർ: റുഷൈദ്
ആർട്സ് ക്ലബ് സെക്രട്ടറി: ശ്യാം കൃഷ്ണൻ, ജനറൽ ക്യാപ്റ്റൻ :ആദിത്യ രാജ് എന്നിവരാണ് എസ് എഫ് ഐ പാനലിൽ നിന്നും തെരഞ്ഞെടുക്കപെട്ടവർ.
എസ് എഫ് ഐ വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ ടൗണിൽ എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, അർജുൻ കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കാസര്ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന് നല്കിയ വിടുതല് ഹര്ജി അനുവദിച്ചുകൊണ്ടാണ് കാസര്ക്കോട് ജില്ലാ സെഷന്സ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് മഞ്ചേശ്വരം മണ്ഡലത്തില് ബിഎസ്പി സ്ഥാനാര്ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്നിന്നു പിന്മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല് ഫോണും കോഴയായി നല്കിയെന്നായിരുന്നു കേസ്. കേസില് ആറു പ്രതികളുടെയും വിടുതല് ഹര്ജി കോടതി അംഗീകരിച്ചു.കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില് ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായി കെ സുരേന്ദ്രന് പറഞ്ഞു. തന്നെ അയോഗ്യനാക്കാനും ബിജെപിയെ താറടിച്ചു കാണിക്കാനുമാണ് ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചത്. ഇതിനു പിന്നില് ഗൂഢാലോചനയുണ്ട്. സിപിഎമ്മിന്റെയും കോണ്ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കള് ഗൂഢാലോചനയില് പങ്കാളിയായിട്ടുണ്ട്. കര്ണാടകയിലെ ഉള്പ്രദേശത്ത് സുന്ദരയെ കൂട്ടിക്കൊണ്ടു പോയി കള്ളക്കേസ് ചമയ്ക്കുകയായിരുന്നു. ചില മാധ്യമ പ്രവര്ത്തകരും ഇതില് പങ്കാളിയായെന്ന് സുരേന്ദ്രന് പറഞ്ഞു.
തനിക്കെതിരെ കേരള പൊലീസ് നിരവധി കേസുകള് എടുത്തിട്ടുണ്ട്. മുന്നൂറിലേറെ കേസുകളില് പ്രതിയാണ് താന്. ഒരുപക്ഷേ ഇന്ത്യയില് തന്നെ ഇത്രയധികം കേസുകള് ഒരു നേതാവിനെതിരെ അപൂര്വമായിരിക്കും. ഇതുകൊണ്ടൊന്നും തന്നെ തളര്ത്താനാവില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.

Recent Comments