by Midhun HP News | Oct 5, 2024 | Latest News, കേരളം
ഇടുക്കി: ഡ്രൈവര് ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില് പായുന്നതിനിടെ അരക്കിലോമീറ്റര് പിന്നിട്ടപ്പോള് നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള് തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം.തമിഴ്നാട്ടില് നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള് ചായ കുടിക്കാനായി ഹാന്ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്ത്താതെ ഡ്രൈവര് പുറത്തിറങ്ങി. ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു.
ഇതേ സമയത്ത് തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില് പൊലീസ് ഓഫീസര്മാരായ അനീഷും അക്ഷയ കുമാറും സ്ഥലത്തുണ്ടായിരുന്നു. പോക്സോ കേസ് പ്രതിയെ പീരുമേട് സബ്ജയിലിലാക്കാന് ഇറങ്ങിയതായിരുന്നു പൊലീസുകാര്. ഇവരുടെ നേതൃത്വത്തില് നടത്തിയ തിരച്ചിലില് ഐഎച്ച്ആര്ഡി കോളജിന് സമീപം ലോറി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടില് ഒളിച്ചിരുന്ന നിമേഷിനെയും പൊലീസ് പിടികൂടി.

by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ സമുന്നതനായ നേതാവിയിരുന്ന ആനത്തലവട്ടം ആനന്ദന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം കേരളാ സഹകരണ തുറമുഖ മന്ത്രി വി.എൻ വാസവൻ ചിറയിൻകീഴ് പുളിമൂട്ട് കടവിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും എംഎൽഎ യുമായ അഡ്വ വി ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് സ്വാഗതം പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം വിജയകുമാർ, ഒ.എസ് അംബിക എംഎൽഎ, സി.ഐ.റ്റി.യു നേതാവ് നെടുവത്തൂർ സുന്ദരേശൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എ വിനീത്, എസ്.പി ദീപക്, ഏരിയാ സെക്രട്ടറി അഡ്വ എസ് ലെനിൻ, കർഷക തൊഴിലാളി സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷൈലജാ ബീഗം, ഏരിയാ കമ്മിറ്റി അംഗങ്ങളായ വി വിജയകുമാർ, വ്യാസൻ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു.
by Midhun HP News | Oct 5, 2024 | Latest News, കേരളം
കോട്ടയം: കോട്ടയം പൊന്കുന്നത്ത് രോഗിയുമായി പോയ ആംബുലന്സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.
രോഗിയുമായ പോയ ആംബുലന്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര് – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്കുന്നം പഴയ ആര്ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില് നിന്നും പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.
by Midhun HP News | Oct 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 9, 10 തീയതികളിൽ തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള, മാനവിക ശാസ്ത്രമേള, പ്രവൃർത്തിപരിചയമേള, ഐടി മേള എന്നിവ ഉണ്ടായിരിക്കും. ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്.

by Midhun HP News | Oct 5, 2024 | Latest News, കേരളം
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. വനാതിര്ത്തിയില് നിന്ന് 200 മീറ്റര് അകലെയുള്ള പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചു.
എറണാകുളം ഭൂതത്താന്കെട്ടിന് സമീപം സിനിമാ ചിത്രീകരണത്തിന് കൊണ്ടുവന്ന ആനയാണ് ഇന്നലെ വൈകിട്ട് കാട്ടിലേക്ക് ഓടിയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് എത്തിച്ചതായിരുന്നു ആനയെ.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് കൊണ്ടുവന്നത്. ഇതില് രണ്ട് ആനകള് തമ്മില് ഏറ്റുമുട്ടുകയായിരുന്നു. സാധുവും തടത്താവിള മണികണ്ഠന് എന്നീ ആനകളാണ് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലിനിടെ കുത്തേറ്റ പുതുപ്പള്ളി സാധു തുണ്ടം വനമേഖലയിലേക്ക് ഓടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനയുടെ പാപ്പാന്മാരും ഇന്നലെ രാത്രി വരെ തിരച്ചില് നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഉള്ക്കാട്ടിലേക്കുള്ള പരിശോധന ദുഷ്കരമായതിനാല് രാത്രിയോടെ പരിശോധന നിര്ത്തുകയായിരുന്നു. സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് നടന്നിരുന്നത്. ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന് തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്മാരെ നിര്ദേശങ്ങള് പാലിക്കാതെ ആക്രമണം തുടര്ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

by Midhun HP News | Oct 5, 2024 | Latest News, ദേശീയ വാർത്ത
സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം. യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.
ചരക്കു കപ്പലുകൾ ആക്രമിച്ചുകൊണ്ട് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള ഹൂതികളുടെ നീക്കത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങളടക്കം 15 ഹൂതി കേന്ദ്രങ്ങൾ തകർത്തുവെന്നാണ് സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആറു മാസത്തിനിടെ നൂറിലേറെ ചരക്കു കപ്പലുകൾക്ക് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കടുത്ത ആക്രമണം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്.
അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയും ബെയ്റൂട്ടിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു. ബെയ്റൂട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ ലബനൻ–സിറിയ അതിർത്തിയിലെ തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ഇസ്രയേൽ ബോംബിട്ടു തകർത്തു. സിറിയയിൽനിന്ന് ഹിസ്ബുല്ലയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്ന ഇവിടത്തെ തുരങ്കം തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. ലബനോണിലെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുകയാണ്. ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനമാണ് ഇന്നലെ മാത്രം വർധിച്ചത്.

Recent Comments