ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ അശ്ലീല മെസേജ് അയച്ചിരുന്നത്.

തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി ന​ഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു.

തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയിൽ നിന്ന് പ്രതി പിടിയിലായത്.

കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

കോട്ടയം: സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്‌പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്. 2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന്‍ വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

മുന്‍കൂട്ടി ആസുത്രണം ചെയ്തതനുസരിച്ച് പള്‍സര്‍ സുനി ബൈക്കിലും മറ്റുനാലുപേര്‍ കാറിലും ബസിനെ പിന്തുടര്‍ന്നു. പണം തട്ടിയെടുത്ത പ്രതി ജിതിന്‍ സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും കേസില്‍ ഉണ്ടായിരുന്നു.

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോടെക് പദ്ധതിയ്ക്ക്‌ തുടക്കമായി

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗോടെക് പദ്ധതിയ്ക്ക്‌ തുടക്കമായി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ഗോടെക് (Global opportunities through English Communication ) പ്രോഗ്രാം ഉദ്ഘാടനം തോന്നയ്ക്കൽ ഗവ. ഹയർസക്കന്ററി സ്കൂളിൽ
നടന്നു. പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ഇ . നസീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ
പ്രിൻസിപ്പാൽ ജെസി ജലാല്‍ സ്വാഗതം പറഞ്ഞു.

പ്രോജക്ട് കോഡിനേറ്റർ രമ്യ എൽ.കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഗോടെക് പ്രോഗ്രാം പരിചയപ്പെടുത്തി. ഈ പദ്ധതിയിലൂടെ കുട്ടികൾക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അവരുടെ ആശയവിനിമയ നൈപുണി വികസിപ്പിക്കാനും സാധ്യമാകുന്നു. ഗോടെക് പദ്ധതിയിൽ അംഗങ്ങളായ കുട്ടികളുടെ ആശയ വിനിമയ ശേഷിയും, ഭാഷാ നൈപുണിയും വികസിപ്പിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള അൻപതു മണിക്കൂറുകളുള്ള മോഡ്യൂളിലൂടെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗോടെക് പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിൽ കുട്ടികൾക്കു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണവും വിവിധ മത്സരങ്ങളും അസ്സസ്മെന്റ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. എസ്.എം.സി. ചെയർമാൻ ജി. ജയകുമാർ, എസ്.എം.സി അംഗങ്ങൾ ആയ എസ്. കെ സുജി, വിനയ്. എം. എസ്, ഹെഡ്മാസ്റ്റർ സുജിത്ത് എസ്, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഷെഫീക്ക് എ. എം, യു. പി. വിഭാഗം സീനിയർ അസിസ്റ്റന്റ് ജാസ്മിൻ എച്ച്. എ.എന്നിവർ ആശംസകൾ അറിയിച്ചു. ഗോടെക് മെന്റർ കവിത ജി.നന്ദി രേഖപ്പെടുത്തി.

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.