മാമം നാഷണൽ ഹൈവേയുടെ സൈഡ് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായി

മാമം നാഷണൽ ഹൈവേയുടെ സൈഡ് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായി

ആറ്റിങ്ങൽ: മാമം നാഷണൽ ഹൈവേയുടെ സൈഡ് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമായി. നിരന്തരമായി അപകടം നടക്കുന്ന മേഖലയാണിത്.ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക, ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വാർഡ് കൗൺസിലർ ഒ.പി ഷീജ, പൊതു പ്രവർത്തകൻ എസ് സതീഷ് കുമാർ എന്നിവർ നാഷണൽ ഹൈവേ സേഫ്റ്റി ഓഫീസറേയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തിയാണ് തീരുമാനം എടുപ്പിച്ചത്. നാളെ പണി ആരംഭിക്കാനും തീരുമാനിച്ചു.

ദേശീയപാതയുടെ ഇരുവശത്തുമായി ചെറുതും വലുതുമായ സ്ഥാപനങ്ങളും, ബാങ്കുകളും, ഓഡിറ്റോറിയവും, സിനിമാശാലകളും സ്ഥിതിചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തെ തുടർന്ന് അഭിഭാഷകയുടെ ജീവൻ പൊലിഞ്ഞതും റോഡ് സുരക്ഷയിലുണ്ടായ വീഴ്ച്ചയായിരുന്നു.

പ്രവാസി വേൾഡ് മലയാളി കൗൺസിൽ സാഹിത്യ മത്സരം

പ്രവാസി വേൾഡ് മലയാളി കൗൺസിൽ സാഹിത്യ മത്സരം

പ്രവാസി വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയായ സജിത് ലാൽ നന്ദനം കഥാവിഭാഗത്തിൽ ഒന്നാം സ്ഥാനവും കവിത വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിത വിഭാഗത്തിൽ രാജേശ്വരി പുതുക്കാട് ഒന്നാം സ്ഥാനത്തിന് അർഹയായി. കേരള സാഹിത്യ അക്കാഡമിയിൽ മോഹൻ പാലക്കാടിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ കേരള റീജിയൻ പ്രസിഡൻ്റ് ഡോ ഋഷി പൽപു സമ്മാനദാനം നിർവ്വഹിച്ചു. രാജശ്രീ ഗോപിനാഥ് മേനോൻ, അഡ്വ.റഷീദ് ഊത്തക്കാടൻ, അഡ്വ. മിനി, നിഗാർ ബീഗം, സന്ധ്യ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ശ്രീ ശാർക്കരദേവീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഇന്ന് മുതൽ

ശ്രീ ശാർക്കരദേവീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഇന്ന് മുതൽ

ശ്രീ ശാർക്കരദേവീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവവും വിദ്യാരംഭവും ഇന്ന് മുതൽ 13 വരെ നടക്കും. വിദ്യാരംഭം ഒക്ടോബർ 13 ന് വിജയദശമി ദിനത്തിൽ രാവിലെ 7 മണി മുതൽ നടക്കും. ശ്രീ ശാർക്കര മേൽശാന്തി കിഴക്കേ മഠം പ്രദീപ് കെ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രശസ്തരായ ശാന്തിമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.

പത്തനാപുരത്ത് വീണ്ടും പുലി; ഭീതിയില്‍ നാട്ടുകാര്‍

പത്തനാപുരത്ത് വീണ്ടും പുലി; ഭീതിയില്‍ നാട്ടുകാര്‍

കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ നാട്ടുകാരും തൊഴിലാളികളും ഭീതിയില്‍. പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും SFCK അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും വനപ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്.

പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചതായാണ് വിവരം. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വനപാലക സംഘം അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം നാട്ടുകാരില്‍ ശക്തമാണ്.

‘കേസിൽ കുടുക്കിയാലും ജയിലിൽ അടച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം’; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി മനാഫ്

‘കേസിൽ കുടുക്കിയാലും ജയിലിൽ അടച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം’; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി മനാഫ്

കോഴിക്കോട് : മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു.

സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇനി കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം.

അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് താൻ പറഞ്ഞിരുന്നു. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അങ്ങോട്ടും അവരുടെ കൂടെത്തന്നെയാകും. കേസെടുത്ത് ജയിലിൽ അടച്ചാലും അവരുടെ കൂടെത്തന്നെയാണ്. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനൽ എല്ലാവർക്കും കാണാൻ പറ്റും. അതിൽ അവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും മനാഫ് പറഞ്ഞു. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അർജുന്റെ ചിത്രം ഉപയോഗിച്ച് ‘ലോറി ഉടമ മനാഫ്’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇതുവഴി അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.