കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

എൽ.ഡി.എഫ് അംഗങ്ങളായ ലോകേഷ്, ആർ, സജീർ എസ്സ്. ഫാൻസി വി , കെ.ബേബി ഗിരിജ, ദീപ്തി മോഹൻ, വിജി.വി, ദീപ റ്റി , എന്നിവരാണ് നോട്ടീസ് നൽകിയതു്.
അഴിമതി. വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തൽ, മേൽ തട്ടു പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തൽ, പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളായ മാർക്കറ്റുകൾ, കടത്തുകൾ അടച്ചുപൂട്ടൽ, കുടുംബശ്രീ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ തുടങ്ങി ഒട്ടനവധി ജനവിരുദ്ധ വികസന വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫ് -7
ബി.ജെ.പി-7
കോൺഗ്രസ് – 2
എസ്.സി.പി.ഐ -2 എന്നതാണ് കക്ഷി നില.
എൽ.ഡി.എഫ് -ൽ
സി.പി.ഐ (എം) -5
സി.പി.ഐ – 1
ജനതാദൾ – 1
15 ദിവസത്തിനകം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കമ്മിറ്റി കൂടും. തിരുവനന്തപുരം ജില്ലയിൽബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. രണ്ടു മാസം മുൻപു രണ്ടു ബി.ജെ.പി അംഗങ്ങൾ രാജി വച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റും എൽ.ഡി.എഫ് ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. അവിശ്വാസം പാസ്സായാൽ ബി.ജെ.പിയുടെ ജില്ലയിലെ ഏക പഞ്ചായത്തും നഷ്ടപ്പെടും.

വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി വിരമിച്ച ഒഴിവിലാണ്, വ്യോമസേന ഉപമേധാവിയായ എ പി സിങ് വ്യോമസേനാധിപനായത്.

40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ അമര്‍ പ്രീത് സിങ് സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി’ യുടെ നേതൃനിരയില്‍ എയര്‍ മാര്‍ഷല്‍ സിങുമുണ്ടായിരുന്നു. 1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്.

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നടിയും സര്‍ക്കാരും സത്യവാങ്മൂലം നല്‍കണം. സിദ്ദിഖിന്റെ ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖന്‍ ആണെന്നും താരങ്ങളുടെ സംഘടനയില്‍ നേതൃസ്ഥാനത്തുള്ളയാളാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതിയില്‍.

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ 13 ാം തിയതി തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍കോളില്‍ പറഞ്ഞിരുന്നത്. ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു.

അടുത്ത ദിവസം മണിയന്‍പിള്ള രാജുവിനെതിരെയും പരാതി നല്‍കിയ ഈ നടി സമൂഹ മാധ്യമങ്ങളിലടക്കം കമിങ് സൂണ്‍ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റ് പിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും ബാലചന്ദ്രമേനോന്റെ പരാതിയിലുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടന്‍ ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.