പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

പ്രൊഫഷണല്‍ ടാക്സ് കൂട്ടി; പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രൊഫഷണല്‍ ടാക്സ് ( തൊഴില്‍ നികുതി) പരിഷ്‌കരണം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം.ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. ആറുമാസത്തെ ശമ്പളം 12000-17999 പരിധിയിലാണെങ്കില്‍ നിലവില്‍ 120 രൂപയാണ് പ്രൊഫഷണല്‍ ടാക്സ് ആയി ഈടാക്കിയിരുന്നത്. ഇത് 320 രൂപയായി ഉയര്‍ത്തിയാണ് പരിഷ്‌കരണം നടപ്പാക്കിയത്. സമാനമായ രീതിയില്‍ 18,000- 29,999, 30,000- 44,999 ശമ്പള പരിധിയിലും വര്‍ധന വരുത്തിയിട്ടുണ്ട്.

ഓരോ സാമ്പത്തിക വര്‍ഷത്തിലും രണ്ടുതവണയായാണ് തദ്ദേശസ്ഥാപനങ്ങള്‍ നികുതി സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അംഗീകൃത തൊഴിലാളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് നികുതി പിരിക്കുന്നത്. ആറുമാസത്തെ ശമ്പളം 11,999 വരെയുള്ളവര്‍ക്ക് തൊഴില്‍നികുതിയില്ല.

ഭരണഘടനാ വ്യവസ്ഥപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം പിരിക്കാവുന്ന പരമാവധി തുക 2,500 രൂപ ആണ്. വരുമാനം അനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നികുതി ഈടാക്കുന്നത്. നിലവിലെ സ്ലാബ് ഗ്രാമപഞ്ചായത്തുകളില്‍ 1997ലും നഗരസഭകളില്‍ 2006ലുമാണ് നടപ്പാക്കിയത്. നികുതി സ്ലാബ് വര്‍ധിപ്പിക്കണമെന്ന് ധനകാര്യ കമീഷനുകള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ സി ആന്‍ഡ് എജിയുടെ റിപ്പോര്‍ട്ടുകളിലും തനത് വരുമാന വര്‍ധനക്കായി നികുതി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം വന്നു. തുടര്‍ന്നാണ് ആറാം ധനകാര്യ കമീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശ അനുസരിച്ച് നികുതി പരിഷ്‌കരിച്ചത്.

ആറുമാസത്തെ ശമ്പളം 18,000- 29,999 പരിധിയില്‍ വരുന്നവര്‍ക്ക് നിലവില്‍ 180 രൂപയാണ് പ്രൊഫഷണല്‍ ടാക്സ്. ഇത് 450 രൂപയാണ് ഉയര്‍ത്തിയത്. 30,000- 44,999 പരിധിയില്‍ 300 രൂപയായിരുന്നു പ്രൊഫഷണല്‍ ടാക്‌സ്. ഇത് 600 രൂപയായാണ് വര്‍ധിപ്പിച്ചത്. അതേസമയം 45,000-99,999 പരിധിയില്‍ 750 രൂപയായി തുടരും. 1,00,000- 1,24,999 രൂപ വരെയുള്ള ശമ്പള പരിധിയിലും നികുതി വര്‍ധനയില്ല. ആയിരം രൂപയായി തന്നെ തുടരും.

പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി, ഉത്തരവ് ഉടന്‍

പൂജവയ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് 11ന് അവധി, ഉത്തരവ് ഉടന്‍

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്. ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ആറ്റിങ്ങല്‍ സ്വദേശിക്ക് 1.40 കോടിയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ആറ്റിങ്ങല്‍ സ്വദേശിക്ക് 1.40 കോടിയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ആറ്റിങ്ങല്‍: അവനവഞ്ചേരി സ്വദേശി എസ്.എസ്.ശരത്തിന് 1.40 കോടി രൂപയുടെ ഓവര്‍സീസ് എക്‌സലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്. ദക്ഷിണകൊറിയയിലെ സിയോളിലുള്ള കൂക്മിന്‍ സര്‍വ്വകലാശാലയിലേയ്ക്കാണ് ശരത്തിന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഗവേഷണത്തിന് പ്രവേശനം ലഭിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തെ കോഴ്‌സ് ഫീസ്, ഹോസ്റ്റല്‍ച്ചെലവ്, ഭക്ഷണം, സ്‌റ്റൈഫന്റ് എന്നിവയുള്‍പ്പെടെയാണ് 1.40 കോടി രൂപ ലഭിക്കുന്നത്. കൊല്ലം ടി.കെ.എം.എന്‍ജിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിജയിച്ച ശരത്ത് ഗാന്ധിനഗര്‍ ഐ.ഐ.ടി.യില്‍ നിന്ന് സമ്മര്‍ റിസര്‍ച്ച് എക്‌സലന്റ് പുരസ്‌കാരം നേടിയതാണ് ഗവേഷണരംഗത്തെ വിദേശസ്‌കോളര്‍ഷിപ്പിന് വഴി തുറന്നത്. അവനവഞ്ചേരി ടോള്‍മുക്ക് ശാലീനത്തില്‍ ശശിധരന്‍നായര്‍-ഷെര്‍ലി ദമ്പതിമാരുടെ മകനാണ്.

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടത്തുന്നു

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടത്തുന്നു

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടന്നു. കെന്റ്റ് അയ്യപ്പ ക്ഷേത്രവും കെന്റ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ നടന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവത്തിന് പരിസമാപ്തിയായി. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ ആണ് മുത്തപ്പൻ വെള്ളാട്ടംനടന്നത്.

സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

സംസ്ഥാനത്ത് ചരക്കു ലോറികൾ പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഒക്ടോബർ നാലിനാണ് 24 മണിക്കൂർ സമരം.ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാ ണ് അവർ പ്രധാനമായും ഉയർത്തുന്നത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു,ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ , പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം.ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പൂർണ്ണമായും ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് സംഘടന
ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ചെയർമാൻ ഡോ. ജി. ആർ ഷൺമുഗപ്പ ,വൈസ് ചെയർമാൻ കെ.ടി ഷെമീർ,ഓൾ കേരള ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ജെ സ്റ്റാലിൻ,എ.ടി ജോൺസൺ, ഷെബീർ, ശശികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

എൽ.ഡി.എഫ് അംഗങ്ങളായ ലോകേഷ്, ആർ, സജീർ എസ്സ്. ഫാൻസി വി , കെ.ബേബി ഗിരിജ, ദീപ്തി മോഹൻ, വിജി.വി, ദീപ റ്റി , എന്നിവരാണ് നോട്ടീസ് നൽകിയതു്.
അഴിമതി. വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തൽ, മേൽ തട്ടു പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തൽ, പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളായ മാർക്കറ്റുകൾ, കടത്തുകൾ അടച്ചുപൂട്ടൽ, കുടുംബശ്രീ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ തുടങ്ങി ഒട്ടനവധി ജനവിരുദ്ധ വികസന വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫ് -7
ബി.ജെ.പി-7
കോൺഗ്രസ് – 2
എസ്.സി.പി.ഐ -2 എന്നതാണ് കക്ഷി നില.
എൽ.ഡി.എഫ് -ൽ
സി.പി.ഐ (എം) -5
സി.പി.ഐ – 1
ജനതാദൾ – 1
15 ദിവസത്തിനകം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കമ്മിറ്റി കൂടും. തിരുവനന്തപുരം ജില്ലയിൽബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. രണ്ടു മാസം മുൻപു രണ്ടു ബി.ജെ.പി അംഗങ്ങൾ രാജി വച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റും എൽ.ഡി.എഫ് ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. അവിശ്വാസം പാസ്സായാൽ ബി.ജെ.പിയുടെ ജില്ലയിലെ ഏക പഞ്ചായത്തും നഷ്ടപ്പെടും.