ചോറ്റാനിക്കര ക്ഷേത്രത്തില്‍ 129 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ വഴിപാടായി നല്‍കി

ചോറ്റാനിക്കര ക്ഷേത്രത്തില്‍ 129 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ വഴിപാടായി നല്‍കി

ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭക്ത വഴിപാടായി 129 പവന്‍(1031) ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ സമര്‍പ്പിച്ചു. ചെന്നൈ സ്വദേശിനി പത്മയുടെയും കുടുംബത്തിന്റേതാണ് വഴിപാട്. ചോറ്റാനിക്കര ദേവിയ്ക്ക് 908 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയും 71 ഗ്രാമുള്ള സ്വണത്താമര പൂവും കീഴ്ക്കാവ് ഭഗവതിക്ക് 52 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയുമാണ് സമര്‍പ്പിച്ചത്.

സ്വര്‍ണത്തിന് മാത്രം 76 ലക്ഷം രൂപയോളം വില വരും. ക്ഷേത്രത്തില്‍ ദേവിയുടെ ശ്രീകോവിലിന് ചുറ്റും വെള്ളി പൊതിഞ്ഞിരിക്കുന്നതും കീഴ്ക്കാവില്‍ വെള്ളി ഗോളക സമര്‍പ്പിച്ചിരിക്കുന്നതും പത്മയുടെയും കുടുംബത്തിന്റെയും വഴിപാടാണ്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എം ബി മുരളീധരന്‍ സ്വര്‍ണ ഉരുപ്പടികള്‍ ഏറ്റുവാങ്ങി. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ ബിജു ആര്‍ പിള്ള, വേസ്വം മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രിസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കൂട്ടുകാർക്കൊപ്പം കുടിച്ചു; വിദ്യാർഥികൾ അവശരായി റോഡിൽ

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കൂട്ടുകാർക്കൊപ്പം കുടിച്ചു; വിദ്യാർഥികൾ അവശരായി റോഡിൽ

പാലക്കാട്: മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഏഴ് പേർ ഒന്നിച്ച് കുടിക്കുകയായിരുന്നു. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് വിദ്യാർഥികൾക്ക് ബോധം തെളിഞ്ഞിരുന്നു. ഒരു വിദ്യാർഥിക്ക് മൂന്ന് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ പഠിപ്പുമുടക്ക് സമരം നടക്കും.

നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥിവിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയാണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇടതു സംഘടനകളിലെ ആഭ്യന്തരകലഹം മൂലമാണ് ഐടിഐകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതെന്നും പഠനക്രമം അടിയന്തരമായി പുനഃക്രമീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26ന് ഐടിഐകളില്‍ കെഎസ്‌യു വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിച്ചിരുന്നു.

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

ആര്‍എസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍; ആറര മണിക്കൂര്‍ മൊഴിയെടുക്കല്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്. സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ പരിചയപ്പെടുത്താന്‍ ക്ഷണിച്ചതെന്നും എം ആര്‍ അജിത് കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് രാം മാധവുമായുള്ള കൂടിക്കാഴ്ച ഒരു മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള പരിചയപ്പെടല്‍ മാത്രമായിരുന്നുവെന്നുമാണ് വിശദീകരണം.

പൊലീസ് ആസ്ഥാനത്ത് അജിത് കുമാറിന്റെ മൊഴിയെടുക്കല്‍ ആറര മണിക്കൂര്‍ നീണ്ടു. ഡിജിപിക്ക് പുറമെ അന്വേഷണ സംഘത്തിലുള്ള ഐജി ഡി സ്പര്‍ജന്‍ കുമാറും ഉണ്ടായിരുന്നു. അജിത് കുമാറിന്റെ

കൂടിക്കാഴ്ചയ്ക്കു മധ്യസ്ഥത വഹിച്ച ആര്‍എസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന് പുറമെ ആര്‍എസ്എസുമായി ബന്ധപ്പെട്ട കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്‍കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല.

ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് എഡിജിപിക്കെതിരെ അനേഷണത്തിന് കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, റാം മാധവ് എന്നിവരുമായി 2023ല്‍ ദിവസങ്ങളുടെ ഇടവേളയില്‍ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്.

രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും; കേരളത്തിന് അഭിമാന നേട്ടം

രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും; കേരളത്തിന് അഭിമാന നേട്ടം

തിരുവനന്തപുരം: ടൂറിസം രം​ഗത്തെ മികവിന് കേരളത്തെ തേടി ഇരട്ട പുരസ്കാരങ്ങൾ. കേന്ദ്ര സർക്കാരിന്‍റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. കോട്ടയം ജില്ലയിലെ കുമരകവും കോഴിക്കോട് ജില്ലയിലെ കടലുണ്ടിയുമാണ് പുരസ്കാര നേട്ടം സ്വന്തമാക്കിയത്. കടലുണ്ടിയ്ക്ക് ബെസ്റ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരവുമാണ് ലഭിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതി നടപ്പിലാക്കിയതാണ് നേട്ടമായത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ‌കാന്തല്ലൂരിനാണ് പുരസ്കാരം ലഭിച്ചത്.

കടലുണ്ടിയെ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിനുള്ള ആര്‍ ടി മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ വിഭാഗത്തില്‍ കടലുണ്ടിയെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദ സഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയില്‍ ആദ്യം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സ്ഥലമാണ് കുമരകം.

സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

സിദ്ധാര്‍ഥന്റെ മരണം: ഡീനിനേയും അസി. വാര്‍ഡനേയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരികെയെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. ഇരുവരേയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗണ്‍സില്‍ നടപടിക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബവും സേവ് യൂണിവേഴ്സിറ്റി കാമ്പയിനും ഗവര്‍ണറെ സമീപിച്ചിരുന്നു.

ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കി. ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ിപ്പോര്‍ട്ട് പരിഗണിച്ച സര്‍വകലാശാല മാനേജിങ് കൗണ്‍സില്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍ ഡീന്‍ എം കെ.നാരായണന്‍,മുന്‍ അസി. വാഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുത്ത് കോളജ് ഓഫ് എവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമിക്കാനായിരുന്നു മാനേജിങ് കൗണ്‍സിലിന്റെ തീരുമാനം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം ഉണ്ടായത്.