by liji HP News | Sep 28, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് ഭാര്യയ്ക്ക് ദാരുണാന്ത്യം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അങ്കമാലിയിലാണ് ദാരുണ സംഭവമുണ്ടായത്. പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. തുടർന്ന് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ശശിയുടെ ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
by liji HP News | Sep 28, 2024 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതല് മഴ വിണ്ടും ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില് 30 മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാലു ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളില് യെല്ലോ അലര്ട്ടായിരിക്കും. കേരളാ തീരത്ത് കടല് ക്ഷോഭത്തിനും ഉയര്ന്ന തിരമാലകള്ക്കും സാധ്യതയുള്ളതിനാല് നാളെ മുതല് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള് ഉള്ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില് ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തില് മഴയെ സ്വാധീനിക്കുന്നത്.

by liji HP News | Sep 28, 2024 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. വയനാട് ഉരുൾപൊട്ടലിനു പിന്നാലെ വേണ്ടെന്നുവച്ച വള്ളംകളി ഒന്നരമാസം വൈകിയാണ് നടത്തുന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.
നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാൽ ശനിയാഴ്ച മാവേലിക്കര താലൂക്കിലെ എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നേരത്തെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. പൊതു പരീക്ഷകള് മുന് നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.

by liji HP News | Sep 28, 2024 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: ഷിരൂരില് മണ്ണിടിച്ചിലില് മരിച്ച മലയാളി അര്ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്സ് കണ്ണാടിക്കലില്. അര്ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്പ്പിക്കാന് കാത്തു നിന്നത്.
പുലര്ച്ചെ രണ്ടരയോടെ കാസര്കോട് പുതിയ ബസ് സ്റ്റാന്റില് എത്തിയപ്പോള് നിരവധി പേരാണ് അന്തിമോപചാരമര്പ്പിക്കാനെത്തിയത്. കാസര്കോട് ജില്ലാ കലക്ടര് കെ.ഇമ്പശേഖര്, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്പ്പിച്ചു. പുലര്ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര് നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര് പിന്നിട്ട് കോഴിക്കോട് ജില്ലയില് പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവര് സംസ്ഥാന സര്ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്സിനെ കേരള, കര്ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകള്. കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല് വിദഗ്ധന് ഈശ്വര് മാല്പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.
ജൂലൈ 16 നാണ് കര്ണാടകയിലെ ഷിരൂരില് നടന്ന മണ്ണിടിച്ചിലില് ലോറി ഡ്രൈവറായ അര്ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില് കനത്ത മഴയായതിനാല് തിരച്ചില് ദുഷ്കരമായിരുന്നു. ഗോവയില് നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അര്ജുന് മിഷന് പുനരാരംഭിച്ചു. 72 ദിവസങ്ങള്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്ജുന്റെ ലോറി ഗംഗാവലി പുഴയില് കണ്ടെത്തിയത്. ക്യാബിനില് അഴുകിയ നിലയിലായിരുന്നു മൃതദേഹം.

by liji HP News | Sep 28, 2024 | Latest News, ജില്ലാ വാർത്ത
തൃശൂര്: തൃശൂരില് നടന്ന വന് എടിഎം കൊള്ളയില് പ്രതികളെ പിടികൂടാന് സഹായകമായത് എസ്ബിഐയുടെ കണ്ട്രോള് റൂമില്നിന്നുള്ള സന്ദേശം. മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്ച്ചയില് എസ്ബിഐയുടെ കണ്ട്രോള് റൂമില്നിന്നുള്ള സന്ദേശമാണ് പൊലീസിനെ വിവരം അറിയിച്ചത്.
വന് കവര്ച്ചയെന്നറിച്ചതോടെ തൃശൂര് സിറ്റി പൊലീസ് കമീഷണര് ആര്. ഇളങ്കോ അന്വേഷണം ഏകോപിപ്പിച്ചു. സിസി ടിവി ദൃശ്യങ്ങള് കണ്ടെത്തുകയും വെളുത്ത നിറത്തിലുള്ള കാറാണ് മൂന്ന് എടിഎമ്മുകളിലും എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്ച്ച 2.10നാണ് ആദ്യ കവര്ച്ച നടന്നത്. എസ്ബിഐയുടെ കണ്ട്രോള് റൂമില്നിന്ന് പുലര്ച്ച 2.35ന് തൃശൂര് റൂറല് പൊലീസിന് വിവരം ലഭിച്ചു. തുടര്ന്ന് റൂറല് പൊലീസ് സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 3.08ന് തൃശൂര് ഈസ്റ്റ് പൊലീസ് പരിധിയിലെ ഷൊര്ണൂര് റോഡ് എടിഎമ്മില് രണ്ടാമത്തെ കവര്ച്ച അരങ്ങേറി. ഈ വിവരം 3.58ന് എസ്ബിഐയില്നിന്ന് തൃശൂര് ഈസ്റ്റ് പൊലീസിന് കിട്ടി. 3.25നാണ് വിയ്യൂര് പൊലീസ് പരിധിയിലെ കോലഴിയില് മൂന്നാമത്തെ കവര്ച്ച നടന്നത്. ഈ വിവരം 4.20ഓടെ എസ്.ബി.ഐ കണ്ട്രോള് റൂം പൊലീസിനെ അറിയിച്ചു.
കവര്ച്ചസംഘം തമിഴ്നാട്ടിലേക്ക് പോകാന് സാധ്യതയുണ്ടെന്ന സംശയത്തെ തുടര്ന്ന് പാലക്കാട്, കോയമ്പത്തൂര്, കൃഷ്ണഗിരി, നാമക്കല്, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഗ്യാസ് കട്ടര് ഉപയോഗിച്ച് കവര്ച്ച നടത്തുന്ന കവര്ച്ചാ സംഘമാണ് കവര്ച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.
2017-18ല് ആലപ്പുഴയിലും 2021ല് കണ്ണൂരിലും സംഘം എത്തിയിട്ടുണ്ട്. തൃശൂരിലെത്തിയ സംഘത്തിന്റെ രീതിയും ശൈലിയും പരിശോധിച്ചാണ് ഹരിയാനയിലെ മേവത്തില്നിന്നുള്ള ഗ്യാസ് കട്ടര് സംഘമാണെന്ന നിഗമനത്തില് പൊലീസ് എത്തിയത്. കാര് കണ്ടെയ്നര് ലോറിയില് കയറ്റുന്നത് ഈ സംഘത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കിയിരുന്ന തൃശൂര് പൊലീസ് കാറുകളും കണ്ടെയ്നര് ലോറികളും കേന്ദ്രീകരിച്ച് തിരച്ചില് നടത്തുകയായിരുന്നു.
സിനിമാ സ്റ്റൈല് ഏറ്റുമുട്ടലിനൊടുവിലാണ് കവര്ച്ചാ സംഘത്തെ നാമക്കലില് വെച്ച് തമിഴ്നാട് പൊലീസ് പിടികൂടുന്നത്. റോഡില് നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്നര് ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല് ലോറി നിര്ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്ന്ന് തിരിച്ചടിക്കുകയായിരുന്നു. നാമക്കല് കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില് പൊലീസ് കീഴ്പ്പെടുത്തുന്നത്.
by Midhun HP News | Sep 27, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: കാണികള്ക്ക് വേറിട്ട കാഴ്ചകളിലൂടെ ആനന്ദം സമ്മാനിക്കാൻ അനന്തപുരിയുടെ സ്വന്തം കാർണിവൽ പോത്തൻകോട് ശാന്തിഗിരിയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന മൂന്നാം പതിപ്പില് ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ് ഇത്തവണ കാർണിവൽ ഒരുക്കുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും.
പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ ഗെയിം ഷോകൾ, കുട്ടികൾക്കുളള വിനോദപരിപാടികൾ, കാർഷിക വിപണന മേളകൾ, നക്ഷത്രവനം, കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനസ്സ് സെന്റർ എന്നിവയും ഫെസ്റ്റിലുണ്ടാകും.
വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണരുചികൾ ഉൾപ്പെടുത്തിയുളള ഫുഡ് കോർട്ട് മറ്റൊരാകർഷണമാകും. കേരളത്തിന്റെ തനതു വിഭവങ്ങളും കൊതിയൂറുന്ന നോർത്ത് ഇന്ത്യൻ രുചിക്കൂട്ടുകളും ഫുഡ്കോർട്ടിലുണ്ടാകും. 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ്, ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, വിസ്മയം ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും. പ്രകാശവിന്യാസം കൊണ്ടുളള വർണ്ണകാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ ജലാശയത്തിലെ മ്യൂസിക്കൽ വാട്ടർ ഫൗണ്ടെയ്നുനും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാകും.
ഫെസ്റ്റിനോട് അനുബന്ധിച്ച് കല, കായിക അക്കാദമിക് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളാക്കായി എക്സ്പോയും ഒരുക്കും. വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ തൊഴിൽ, ഉപരിപഠന മേഖലകൾ പരിചയപ്പെടുത്തുക, അവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായകരമാവും വിധമാണ് എക്സ്പോ ഒരുക്കുന്നത്. ജില്ലയിലെ മുന്നൂറോളം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ, നെറ്റ് ബോൾ, മ്യൂസിക് ബാൻഡ്, ചിത്രരചന, ക്വിസ്, ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ വിവിധയിനങ്ങളിൽ ഇന്റർ സ്കൂൾ മത്സരങ്ങൾ നടക്കും.
അയ്യായിരത്തിലധികം പേരെ ഉൾക്കൊളളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലുമാണ് വേദി. അയ്യായിരം സ്ക്വയർഫീറ്റ് വിസ്തൃതിയുളള വേദിയുടെ പിന്നിൽ എൽ ഇ.ഡി ഭിത്തികൾ ദൃശ്യവിസ്മയം തീർക്കും. പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മെഗാഷോയും വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലിയും ഈ വേദിയിലാകും നടക്കുക.താമരപർണ്ണശാല സമർപ്പണത്തോടനുബന്ധിച്ച് 2010ൽ നടന്ന ഫെസ്റ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്. അതുകൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റിൻ്റെ മൂന്നാം പതിപ്പും ഏറെ മുന്നൊരുക്കങ്ങളോടെയാണ് അവതരിപ്പിക്കുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. അവധി ദിവസങ്ങളില് ഉച്ചയ്ക്ക് 12 മണി മുതല് രാത്രി 10 മണി വരെയും പ്രവര്ത്തിദിനങ്ങളില് വൈകിട്ട് 3 മണി മുതല് രാത്രി 10 മണി വരെയുമാകും പ്രവേശനം.
Recent Comments