‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക്…’; ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക്…’; ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി

നടി കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ഓർമ്മച്ചിത്രം പങ്കുവച്ച് മമ്മൂട്ടി. കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. “പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ…” എന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുണ്ട്. തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി പൊന്നമ്മ വേഷമിട്ടു. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു. പൊതുവേദികളിലടക്കം മമ്മൂട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ പങ്കുവച്ചിട്ടുണ്ട്.

മമ്മൂസ് എന്നാണ് മമ്മൂട്ടിയെ കവിയൂർ പൊന്നമ്മ വിളിക്കാറ്. എനിക്ക് ലാലുവും മമ്മൂസും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല. ലാലിന്റെ അമ്മയാകുന്നതിന് മുന്നേ തന്നെ താൻ മമ്മൂസിന്റെ അമ്മയായാണ് വേഷമിട്ടതെന്നും കവിയൂർ പൊന്നമ്മ മുൻപ് പല വേദികളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം 9 മുതൽ, സംസ്കാരം ഇന്ന്

കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്; കളമശേരിയിൽ പൊതുദർശനം 9 മുതൽ, സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയ്ക്ക് ഇന്ന് നാട് വിട നല്‍കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും.

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അ‌ഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14-ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.

കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി

കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായികടവിൽ നിന്ന് കണ്ടെത്തി

ആറ്റിങ്ങൽ: മുദാക്കൽ കാണാതായ യുവാവിന്റെ മൃതദേഹം മുദാക്കൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മാമം നദി കൊല്ലായികടവിൽ നിന്ന് കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ വിലാസത്തിൽ കണ്ണൻ എന്ന് വിളിക്കുന്ന രാഹുൽ (30) ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ ആറ്റിങ്ങൽ ഫയർ ഫോഴ്സിലെ സ്കൂബ ടീം കണ്ടെടുത്തത്.

രാഹുലിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പേഴ്സും ഫോണും എല്ലാം വീട്ടിൽ വെച്ചിട്ടാണ് രാഹുൽ പോയത്. ഇന്ന് രാവിലെ കൊല്ലായിക്കടവിന് സമീപം രാഹുലിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് കണ്ടതിനെ തുടർന്ന് 10 മണിമുതൽ ആറ്റിങ്ങൽ സ്കൂബ ടീം തിരച്ചിൽ നടത്തുകയായിരുന്നു. വൈകുന്നേരം മൂന്നര മണിയോടെ മൃതദേഹം കണ്ടെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2B

എം പോക്സിൽ ആശ്വാസം; കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2B

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകർ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റിവ് ആണ്. ഇന്ന് ഏഴ് പേരുടെ പരിശോധന ഫലം കൂടി പുറത്ത് വരും.

രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നല്‍കിയത്.

2009 -ല്‍ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നുമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്‌ളാറ്റില്‍നിന്നും രക്ഷപ്പെടുകയായിരുന്നെന്നും നടിയുടെ പരാതിയില്‍ പറയുന്നു. നേരിട്ട ദുരനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ അറിയിച്ചതോടെ, ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: യുവാവ് മരിച്ചു, വാഹനം നിര്‍ത്താതെ പോയി

ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: യുവാവ് മരിച്ചു, വാഹനം നിര്‍ത്താതെ പോയി

പാലക്കാട്: ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധോണി ഉമ്മിണി പഴമ്പുള്ളി വീട്ടില്‍ ബി അനില്‍കുമാറാണ് (24) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1:45 ന് അനിലിന്റെ ബൈക്ക് അതേ ദിശയില്‍ സഞ്ചരിച്ച വാഹനവുമായി ഇടിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൃശൂരില്‍ സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍കുമാര്‍. ഇടിയുടെ ശക്തിയില്‍ അനില്‍ റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന യാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് വടക്കാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: തങ്കമണി. സഹോദരന്‍: അരുണ്‍കുമാര്‍.