by Midhun HP News | Sep 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡംഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.
നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.
by Midhun HP News | Sep 18, 2024 | Latest News, കേരളം
കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യ ലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കാറിനു ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നില്ല. അപകടത്തിനു ശേഷം ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യു 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
ഈ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 13നു അവസാനിച്ചിരുന്നു. അപകടം നടക്കുമ്പോൾ കാറിനു ഇൻഷുറൻസ് ഇല്ലായിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലാണ് കാർ.
മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സത്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ഷുറന്സുമായി ബന്ധപ്പെട്ട കാര്യങ്ങള് അറിയാന് കാർ ഉടമയെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
കേസിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അജ്മലാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ചു പോകാൻ നിർബന്ധച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
by Midhun HP News | Sep 18, 2024 | Latest News, കേരളം
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്. വിവാഹ ചടങ്ങുകള്ക്കും മറ്റ് മതപരമായ ചടങ്ങുകള്ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദിവസങ്ങൾക്കു മുമ്പ് ചിത്രകാരി ജസ്ന സലീം ക്ഷേത്രപരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്.
by Midhun HP News | Sep 18, 2024 | Latest News, കേരളം
പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. രാവിലെ ഒമ്പതരയോടെ കലക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയാറ്റിൽ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങൾ പങ്കെടുക്കും. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി നടത്തുന്നത്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം.
ആറന്മുള ഉത്രട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കലക്ടര് പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു. പൊതുപരീക്ഷകള്ക്ക് മാറ്റമില്ല.
by Midhun HP News | Sep 18, 2024 | Latest News, മരണം
ആറ്റിങ്ങൽ അട്ടക്കുളം കൊടിവച്ചവിള വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൻ കെ.എസ് സുരേഷ് (48) അന്തരിച്ചു.
ഭാര്യ: എസ് ഷീബ.
മക്കൾ: എസ് അനന്തകൃഷ്ണൻ, എസ് ശരണ്യ.
by Midhun HP News | Sep 18, 2024 | Latest News, കേരളം
കൊച്ചി: ചിക്കൻപോക്സ് ബാധിച്ചതിനാൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. അസുഖബാധിതനായതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില് എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
പള്സര് സുനിക്കു ജാമ്യം അനുവദിച്ചാല് വിചാരണ നടപടികള് അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നുള്ള സംസ്ഥാന സര്ക്കാരിന്റെ വാദം കോടതി തള്ളി. ജാമ്യവ്യവസ്ഥ അന്തിമമാക്കുന്നതിന് വിചാരണ കോടതി വാദം കേള്ക്കണം. കര്ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്ക്കാരിന് കോടതിയില് ആവശ്യപ്പെടാം. തുടര്ന്നുവേണം ജാമ്യവ്യവസ്ഥകള് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിര്ദേശിച്ചിട്ടുണ്ട്.
Recent Comments