by Midhun HP News | Sep 18, 2024 | Latest News, കേരളം
തൃശൂർ: നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്.
ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികൾ മട വിട്ട് നഗരത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ട് 5നു നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാഗ് ഓഫ്. പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘത്തിലുമുണ്ടാകുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.
by Midhun HP News | Sep 18, 2024 | Latest News, കേരളം
കൊച്ചി: വിവാഹാഭ്യര്ത്ഥന നിരസിച്ച വൈരാഗ്യത്തില് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്. കടവൂര് ചാത്തമറ്റം പാറേപ്പടി റെജി (47)യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ ഒമ്പതിന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവൂരില് യുവതി താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില് കൊണ്ടുവന്ന ആസിഡ് ജനല് വഴി ഒഴിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു. സെപ്റ്റംബര് 15ാം
തീയതി റെജി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
by Midhun HP News | Sep 18, 2024 | Latest News, കേരളം
പാലക്കാട്: സർക്കാരിനു കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവർ പുറത്തു ചാടുകയായിരുന്നു. പോക്സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്.
കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിർഭയ കേന്ദ്രം അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.
by Midhun HP News | Sep 18, 2024 | Latest News, കേരളം
കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകൾ സെയ്ഫ ആയിഷയാണ് മരിച്ചത്.
കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലിൽ തിളച്ച വെള്ളം അബദ്ധത്തിൽ വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എൽകെജി വിദ്യാർഥിനിയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊളവല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
by Midhun HP News | Sep 18, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡംഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും.
മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും.
നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.
by Midhun HP News | Sep 18, 2024 | Latest News, കേരളം
കൊല്ലം: മൈനാഗപ്പള്ളിയിൽ മദ്യ ലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കാറിനു ഇൻഷുറൻസ് പോളിസിയുണ്ടായിരുന്നില്ല. അപകടത്തിനു ശേഷം ഇൻഷുറൻസ് പോളിസി പുതുക്കി. കെഎൽ 23 ക്യു 9347 എന്ന കാറിടിച്ചാണ് മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
ഈ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 13നു അവസാനിച്ചിരുന്നു. അപകടം നടക്കുമ്പോൾ കാറിനു ഇൻഷുറൻസ് ഇല്ലായിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലാണ് കാർ.
മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യ സത്കാരവും കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇന്ഷുറന്സുമായി ബന്ധപ്പെട്ട കാര്യങ്ങള് അറിയാന് കാർ ഉടമയെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
കേസിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതിൽ മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അജ്മലാണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കെതിരെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്താതെ കാർ ഓടിച്ചു പോകാൻ നിർബന്ധച്ചെന്ന കണ്ടെത്തലിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Recent Comments