by Midhun HP News | Sep 17, 2024 | Latest News, കേരളം
ആലപ്പുഴ: ജപ്തി ഭീഷണി നേരിടുന്ന നിർധന കുടുംബത്തിന് സഹായ ഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ പെരുമ്പള സ്വദേശി രാജപ്പൻ എന്ന വ്യക്തിയുടെ വീടിന്റെ ആധാരമാണ് സുരേഷ് ഗോപി പണമടച്ച് തിരിച്ചെടുത്ത് നൽകിയത്. പൂച്ചാക്കൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 1.70 ലക്ഷം രൂപയുടെ വായ്പ സുരേഷ് ഗോപിയുടെ ട്രസ്റ്റിൽ നിന്നു നൽകിയാണ് ജപ്തി ഒഴിവാക്കിയത്.
തിങ്കളാഴ്ച കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പനും കുടുബത്തിനും ജപ്തി നടപടികൾ ഒഴിവാക്കിക്കൊണ്ടുള്ള രേഖകൾ കൈമാറുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ രാജപ്പന്റെ മകൾ രശ്മി കാൻസർ വന്ന് മരിച്ചിരുന്നു. ഇതോടെ രശ്മിയുടെ രണ്ടു മക്കളുടെയും ഉത്തരവാദിത്തം രാജപ്പന്റെ ചുമലിലായി. ഇതിനിടെ രാജപ്പന്റെ ഭാര്യ മിനിക്കും കാൻസർ സ്ഥിരീകരിച്ചു.
എന്നാൽ അവിടെയും ദുരന്തങ്ങൾ അവസാനിച്ചില്ല. രശ്മിയുടെ മകൾ ആരഭിക്കും കാൻസറാണ്. ആരഭിയുടെ തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായം നൽകാമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. അവർക്ക് സമാധാനമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി. മജ്ജ ദാനം ചെയ്യാനൊരാളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | Sep 17, 2024 | Latest News, ജില്ലാ വാർത്ത
ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും അരിയും ഉൾപ്പെടെ അസോസിയേഷന്റെ 200ൽ പരം വീടുകളിൽ ഓണക്കിറ്റ് എത്തിക്കാൻ സാധിച്ചു കൂടാതെ 2024 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു എന്നിവയ്ക്ക് ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും നൽകി. മറ്റു എല്ലാ ആഘോഷ പരിപാടികളും അസോസിയേഷൻ ഒഴിവാക്കി.
വയനാട് ദുരന്ത ഭൂമിയിലേക്ക് അസോസിയേഷൻറെ ഒരു എളിയ സാമ്പത്തിക സഹായവും നൽകാൻ സാധിച്ചു. അസോസിയേഷൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രസിഡൻറ് സുരേന്ദ്രൻ സെക്രട്ടറി ബൈജു ട്രഷറർ സതി സോമദത്ത് കൂടാതെ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുദാക്കൽ ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ബിജു ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ നന്ദു രാജ് സംഗമം അസോസിയേഷൻ സെക്രട്ടറിയും പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായ അഭയൻ എന്നിവരുടെ സഹകരണത്തോടെ ടി കെ നഗർ അസോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം നടത്തപ്പെട്ടു.
by Midhun HP News | Sep 17, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് അമിത വേഗതയിൽ വന്ന പിക്ക് അപ്പ് ഇടിച്ചു ഓട്ടോ റിക്ഷ മറിയുകയും കടുവയിൽ സ്വദേശികളായ ഷിബു, ഇന്ദിര, റീജ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആദ്യം വലിയ കുന്നു താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. ആറ്റിങ്ങൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
by Midhun HP News | Sep 17, 2024 | Latest News, കേരളം
മലപ്പുറം: മഞ്ചേരിയില് എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള് കോഴിക്കോട് മെഡിക്കല് കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്രോഗ വിഭാഗം ഒപിയില് ചികിത്സ തേടിയത്.പനിയും തൊലിപ്പുറത്തു ചിക്കന്പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
by Midhun HP News | Sep 17, 2024 | Latest News, കേരളം
കൊല്ലം: മൈനാഗപ്പള്ളി ആനൂര്കാവില് ഇടിച്ചുവീഴ്ത്തി കാര് കയറ്റിയിറക്കിയ സംഭവത്തില് സ്കൂട്ടര് യാത്രക്കാരി കുഞ്ഞുമോള് മരിച്ചത് അര്ബുദത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ. ഏറെനാളായി തിരുവനന്തപുരം ആര്സിസിയിലെ ചികിത്സയില് അതിജീവനത്തിന്റെ പാതയിലായിരുന്ന കുഞ്ഞുമോളിന്റെ പോരാട്ടമാണ് നിരത്തിലെ ക്രൂരതയില് പൊലിഞ്ഞത്. എഫ്സിഐ ഗോഡൗണിലെ കരാര് ജീവനക്കാരനായിരുന്ന ഭര്ത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.
വീട്ടില് പായസം തയാറാക്കി പ്രിയപ്പെട്ടവര്ക്കു നല്കിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവര്ക്കു നല്കാന് വൈകീട്ട് ആനൂര്ക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങള് വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്കൂട്ടറില് വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളിന്റെ മരണം നാട്ടുകാരെ അക്ഷരാര്ഥത്തില് ഞെട്ടിച്ചിരിക്കുകയാണ്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വന് ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്.
ഓണാഘോഷത്തിനായി മൈനാഗപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതികളായ അജ്മലും ഡോക്ടര് ശ്രീക്കുട്ടിയും. സദ്യയ്ക്കു ശേഷം സമീപത്തെ മൈതാനത്ത് എത്തിയ ഇവര് സെല്ഫി എടുത്തും സന്തോഷം പങ്കിട്ടും കാറിലിരുന്നു മദ്യപിച്ചും സമയം ചെലവിട്ട ശേഷമാണു മടങ്ങിയത്. തിരിച്ചുള്ള യാത്രയിലാണ് അപകടം.
അപകടത്തിനു ശേഷം പിന്നാലെയെത്തിയ നാട്ടുകാര്ക്കു പിടികൊടുക്കാതെ ഇടറോഡുകളിലൂടെ 8 കിലോമീറ്റര് സഞ്ചരിച്ചാണ് ഇവര് കരുനാഗപ്പള്ളി കോടതിക്കു സമീപമെത്തിയത്. അതിനിടെ ചില വാഹനങ്ങളില് തട്ടിയും മതില് തകര്ത്തും യാത്ര തുടരുകയായിരുന്നു. മാസങ്ങള്ക്കുമുന്പ് ആശുപത്രിയില് വച്ചുള്ള പരിചയമാണു ഇരുവരും തമ്മിലുള്ള സൗഹൃദമായി മാറിയത്. അജ്മലിന്റെ കൂട്ടുകാര് പിന്നീടു ഡോക്ടറുടെയും സുഹൃത്തായി മാറുകയായിരുന്നു.
by Midhun HP News | Sep 17, 2024 | Latest News, കേരളം
ആലപ്പുഴ: പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള് യാത്രികന് തുണയായി നടി നവ്യ നായര്. പട്ടണക്കാട് അഞ്ചാം വാര്ഡ് ഹരിനിവാസില് രമേശിന്റെ സൈക്കിളില് ഇടിച്ച് നിര്ത്താതെ പോയ ലോറി പിന്തുടര്ന്ന് നിര്ത്തിച്ച നവ്യ ധീരതയുടെ പര്യായമായി. തുടര്ന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില് യുവതിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിര്ത്താതെ പോയ സംഭവം വലിയ വിമര്ശനത്തിന് ഇടയാക്കുമ്പോഴാണ് നടി നവ്യയുടെ മാതൃകാ ഇടപെടല്.
തിങ്കളാഴ്ച രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യന് കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷന് ട്രെയിലറാണ് രമേശന് സഞ്ചരിച്ച സൈക്കിളില് ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്ന്നപ്പോള് ട്രെയിലര് നിര്ത്തി. അപകടം നവ്യ കണ്ട്രോള് റൂമില് വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുള്പ്പെടെ എസ്എച്ച്ഒ കെ എസ് ജയന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടര്ന്നത്.
ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില് ആദ്യം തുറവൂര് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Recent Comments