by Midhun HP News | Sep 16, 2024 | Latest News, കേരളം
മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത്. മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
തുടർന്ന് മെഡിക്കൽ ഓഫിസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് എന്ന സംശയം ഉണ്ടായത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫിസർ വഴി ലഭ്യമായ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ബംഗലുരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
by Midhun HP News | Sep 16, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണനാളില് തിരുവനന്തപുരത്ത് ഉണ്ടായ വ്യത്യസ്ത അപകടങ്ങളില് അഞ്ചുപേര് മരിച്ചു. വര്ക്കലയില് മാത്രം ബൈക്കുകള് കൂട്ടിയിടിച്ച് മൂന്ന് യുവാക്കളാണ് മരിച്ചത്.
വര്ക്കല കുരയ്ക്കണ്ണി ജംഗ്ഷനില് രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. വര്ക്കല ഇടവ തോട്ടുമുഖം സ്വദേശികളായ അച്ചു എന്ന് വിളിക്കുന്ന ആനന്ദഭാസ്, ആദിത്യന്, വര്ക്കല പുന്നമൂട് സ്വദേശി ജിഷ്ണു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബൈക്കുകള് തമ്മില് മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കില് മൂന്നുപേരും രണ്ടാമത്തെ ബൈക്കില് രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്ട്ട്.
കഴക്കൂട്ടത്തും മംഗലപുരത്തും ഉണ്ടായ രണ്ടു അപകടങ്ങളിലാണ് മറ്റു രണ്ടുപേര് മരിച്ചത്. തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞുകയറിയാണ് ഒരാള് മരിച്ചത്. ശാസ്തവട്ടം സ്വദേശി ഷൈജുവാണ് മരിച്ചത്. കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അഞ്ചാമത്തെയാള് മരിച്ചത്.
by Midhun HP News | Sep 16, 2024 | Latest News, കേരളം
കൊച്ചി: ഇന്ന് നബിദിനം. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന് വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള് കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള് നടക്കും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഉണ്ടാകും. റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സമാധാനത്തിന്റെ ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള് പരമാവധി ജീവിതത്തില് പകര്ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള് നബി ദിനം ആഘോഷിക്കുന്നത്. ഹിജ്റ വര്ഷ പ്രകാരം റബീഉൽ അവ്വല് മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. റബീഉൽ അവ്വല് മാസം അവസാനിക്കുന്നത് വരെ കേരളത്തില് വിവിധ മുസ്ലിം സംഘടനകളുടെ മിലാദ് പരിപാടികള് തുടരും. എ ഡി 570ല് മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.
by Midhun HP News | Sep 14, 2024 | Latest News, ജില്ലാ വാർത്ത
ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു. സംഘം പ്രസിഡന്റ് എം ബിന്ദു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ. സന്തോഷ് കുമാർ, ശശിധരൻ നായർ, വിജയകുമാരി, ഗോപി, രജനീഷ്, സെക്രട്ടറി മഞ്ജു,സബീല ബീവി, എന്നിവർ പങ്കെടുത്തു അത്തപ്പൂക്കളവും പായസവിതരണവും ഉണ്ടായിരുന്നു.

by Midhun HP News | Sep 14, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നൽകാൻ രാജ്യം. യെച്ചൂരിയുടെ മൃതദേഹം സിപിഎം എകെജി ഭവനില് രാവിലെ 11 മണി മുതല് മൂന്ന് മണി വരെ പൊതുദര്ശനത്തിന് വെക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.
ശ്വാസകോശ അണുബാധയെ തുടര്ന്നു ഡല്ഹി എയിംസില് ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. സര്വേശ്വര സോമയാജലു യച്ചൂരിയുടെയും കല്പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.
പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല് സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്നിന്നു സിപിഎം ജനറല് സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല് സെക്രട്ടറിയാണ് യെച്ചൂരി.
by Midhun HP News | Sep 14, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.
തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാഷണൽ ഡെയറി ഡിവലപ്മെന്റ് ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം.

Recent Comments