ഇളമ്പ റൂറൽ സഹകരണ സംഘത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ സഹകരണ സംഘത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു. സംഘം പ്രസിഡന്റ് എം ബിന്ദു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ. സന്തോഷ് കുമാർ, ശശിധരൻ നായർ, വിജയകുമാരി, ഗോപി, രജനീഷ്, സെക്രട്ടറി മഞ്ജു,സബീല ബീവി, എന്നിവർ പങ്കെടുത്തു അത്തപ്പൂക്കളവും പായസവിതരണവും ഉണ്ടായിരുന്നു.

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവസാന യാത്രയയപ്പ് നൽകാൻ രാജ്യം. യെച്ചൂരിയുടെ മൃതദേഹം സിപിഎം എകെജി ഭവനില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് 5ന് 14 അശോക റോഡ് വരെ വിലാപ യാത്രയായി നീങ്ങും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി എയിംസ് അധികൃതർക്കു കൈമാറും.

ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.

പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.

ഓണ വിപണിയില്‍ പാലൊഴുകും, മില്‍മ എത്തിക്കുന്നത് 1.25 കോടി ലിറ്റർ

ഓണ വിപണിയില്‍ പാലൊഴുകും, മില്‍മ എത്തിക്കുന്നത് 1.25 കോടി ലിറ്റർ

കൊച്ചി: ഓണ വിപണി മുന്നിൽ കണ്ട് പാൽ ലഭ്യത ഉയർത്തി മിൽമ. 1.25 കോടി ലിറ്റർ പാൽ ആണ് അയൽ സംസ്ഥനങ്ങളിൽ നിന്നും മിൽമ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.

തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാഷണൽ ഡെയറി ഡിവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാറ്റിന് സാധ്യത

ഒഡിഷ തീരം, പടിഞ്ഞാറൻ ബംഗാൾ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ അറബിക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അപകടം നിറച്ച് റോഡിലെ കുഴി: ഒടുവിൽ യുവാക്കൾ ഇറങ്ങി അടച്ചു

അപകടം നിറച്ച് റോഡിലെ കുഴി: ഒടുവിൽ യുവാക്കൾ ഇറങ്ങി അടച്ചു

പെരുമാതുറ: തീരദേശ പാതയിലെ അപകട കുഴിയടച്ച് ഒരു കൂട്ടം യുവാക്കൾ. പെരുമാതുറ മുതലപ്പൊഴിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടകരമായ കുഴികൾ രൂപപ്പെട്ടിരുന്നത്. അജ്മീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിലെ ഒരു കൂട്ടം യുവാക്കളാണ് റോഡിലെ കുഴിയടച്ചത്. നബിദിനത്തിൽ ക്ലബ് നടത്തുന്ന പരിപാടികൾക്കായി നീക്കിവെച്ച തുകയെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തടക്കുകയായിരുന്നു. ഏറേ തിരക്കുള്ള റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മഴവെള്ളം കെട്ടിനിന്ന് കുഴികളിൽ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ വീണ് തകരുന്നതും നിത്യസംഭവമായിരുന്നു.

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഇന്ന് ഉത്രാടം; സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ മലയാളികളുടെ ‘പാച്ചിൽ’

ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല.

ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കമാണ് ഉത്രാടപ്പാച്ചിൽ. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്. പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. വീടുകളിൽ പൂക്കൾകൊണ്ടുള്ള അലങ്കാരത്തോടെ ശനിയാഴ്ച വൈകീട്ട് നിലവിളക്കും കത്തിക്കും.

ഓണ വിപണി

സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക്‌ ചന്തകളിലും നിയമസഭ മണ്ഡല ചന്തകളിലും വലിയ തിരക്കാണ്‌. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 15-0-0 സഹകരണച്ചന്ത പ്രവർത്തിക്കുന്നു. സർക്കാരിന്റെ 13 ഇന സബ്‌സിഡി സാധനങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ ഇവിടെ കിട്ടും. ഇരുനൂറോളം സാധനങ്ങൾക്ക്‌ ആകർഷകമായ ഇളവുമുണ്ട്‌.