ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

ഓണത്തിന് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജിഎച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തില്‍ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയര്‍ത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയില്‍ എന്റോള്‍ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതില്‍, 2.06 ലക്ഷം കുട്ടികള്‍ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഉള്‍പ്പെടുന്നു. 13,112 മെട്രിക് ടണ്‍ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുന്‍പായി അരി വിതരണം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സപ്ലൈക്കോയുമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്ന അരി പി.ടി.എ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദര്‍ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകള്‍ നടത്തണം. വിതരണം പൂര്‍ത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു.കമലേശ്വരം ജി എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി റിസ്വാന് അഞ്ച് കിലോ അരിയുടെ കിറ്റ് നല്‍കി ചടങ്ങില്‍ മന്ത്രി വി ശിവന്‍ കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മന്ത്രി ജി ആര്‍ അനിലും വിശിഷ്ടാതിഥികളും കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കി.

ആന്റണി രാജു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി വി, സപ്ലൈക്കോ റിജിയണല്‍ മാനേജര്‍ എ സജാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ എസ്എംസി ചെയര്‍പെഴ്‌സണ്‍ ഷീജ ആര്‍ പി, പ്രിന്‍സിപ്പല്‍ സിന്ധു എസ് ഐ, ഹെഡ്മിസ്ട്രസ് ഷീബ ഈപ്പന്‍ എന്നിവര്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു നന്ദിയും പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണ കിറ്റ് വിതരണം ചെയ്ത് സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ

ഓണ കിറ്റ് വിതരണം ചെയ്ത് സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ

സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ കഴിഞ്ഞ വർഷത്തെ പോലെ 2024 ഓണം കിറ്റ്, വിദ്യാഭ്യാസ പുരസ്കാരം, സ്നേഹ സൗഭാഗ്യ ലക്കി പ്രൈസ് വിതരണം പോയിൻറ് മുക്ക് എസ് എ എ ഓഫീസിൽ നടന്നു. അസോസിയേഷൻ പ്രസിഡൻ്റ് പ്രസന്നബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആറ്റിങ്ങൽ എം.പി അഡ്വക്കേറ്റ് അടൂർ പ്രകാശ്
ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ സെക്രട്ടറി ബി. ആർ. പ്രസാദ് സ്വാഗതം പറഞ്ഞു. പൊതുമരാമത്തു കാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് 150 ഓളം എസ് ആർ എ കുടുംബങ്ങൾക്കും നാട്ടിലെ പാവപ്പെട്ടവർക്കും ഓണക്കിറ്റ് വിതരണവും നടന്നു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സ്നേഹ സൗഭാഗ്യ ലക്കി ഡ്രോയുടെ നറുക്കെടുപ്പും സമ്മാനങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എം. താഹ കൃതജ്ഞത പറഞ്ഞു.

രാജധാനി കോളേജിൽ ബിരുദദാന ചടങിന്റെ ഉദ്ഘാടനം നടന്നു

രാജധാനി കോളേജിൽ ബിരുദദാന ചടങിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ: രാജധാനി ബിസിനസ് സ്കൂളിൽ 2022-24 എം ബി എ ബാച്ചിന്റെ ബിരുദദാന ചടങ്ങ് രാജധാനി കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് ഉദ്ഘാടനം നിർവഹിച്ചു.

ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ- സിഗ്നിഫൈ അംസ്റ്റർടേം, നെത്തർലൻഡ്, മെമ്പർ ഓഫ് ഹൈ പവർ കമ്മിറ്റി- ഗവൺമെന്റ് ഓഫ് കേരള ഡോ. ടോണി ജോസഫ്, അസോസിയേറ്റ് ഡയറക്ടർ, കെ പി എം ജി ഇന്ത്യ ഡോ. ഗോകുൽ അലക്സ്
എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

രാജധാനി കോളേജ് പ്രിൻസിപ്പൽ ഡോ. എസ് സുരേഷ് ബാബു, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ രജിത് കരുണാകരൻ, HOD ഡോ. പ്രിയ പ്രസാദ്, ഡോ. ബിജു ഭാസ്കർ എന്നിവർ പങ്കെടുത്തു. ഈ ചടങ്ങിൽ “ഡിജിറ്റൽ മാർക്കറ്റിംഗ്” എന്ന വിഷയം ആസ്പദമാക്കിയുള്ള ഒരു ബുക്ക് പ്രകാശനം ചെയ്തു. ഈ ബുക്ക് രാജധാനി ബിസിനസ് സ്കൂൾ അസിസ്റ്റന്റ് പ്രൊഫസർ. നയന രാജീവിന്റെ നേതൃത്വത്തിൽ എഴുതപ്പെട്ടതാണ്.
2022-24 ബാച്ചിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത ഈ ചടങ്ങിൽ
ഡോ. അഞ്ജലി സ്വാഗതവും, നായന രാജീവ് സമാപനസന്ദേശവും നൽകി.

വളർത്തുനായയെ മയക്കി..ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചു

വളർത്തുനായയെ മയക്കി..ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചു

വിഴിഞ്ഞം: വളർത്തുനായയെ സ്‌പ്രേ ഉപയോഗിച്ചു മയക്കി മോഷണം. വാതിലിന്റെ അടിഭാഗം കുത്തിപ്പൊളിച്ച് വീടിനകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു.ചാടിയെണീറ്റ വീട്ടമ്മ മാല പിടിച്ചെടുക്കുന്നതിനായി മോഷ്ടാവുമായി മൽപ്പിടിത്തം നടത്തി. ഇതിനിടെ മാലയുടെ മൂന്നരപ്പവൻ വരുന്ന ഭാഗം മോഷ്ടാവ് കൈക്കലാക്കി. ശേഷിച്ച താലിയുൾപ്പെട്ട ഭാഗമാണ് വീട്ടമ്മയുടെ കൈയിൽ കിട്ടിയത്.മേശപ്പുറത്തുണ്ടായിരുന്ന 5000 രൂപ വിലയുള്ള വാച്ചുമെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു.

വെങ്ങാനൂർ ചാവടിനടയ്ക്കടുത്ത് പുല്ലാന്നിമുക്ക് മല്ലികവീട്ടിൽ കോഴിക്കോട് ആർ.ഡി.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ടായ സുനീഷിന്റെ ഭാര്യ മെർലിന്റെ(51) മാലയാണ് പൊട്ടിച്ചെടുത്തത്. ഇതേ വീടിന്റെ പരിസരത്തുള്ള രണ്ടു വീടുകളിലും മോഷണശ്രമം നടന്നിരുന്നുവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ.പ്രകാശ് പറഞ്ഞു.തുറന്നുവിട്ടിരുന്ന നായയെ വീട്ടുമുറ്റത്ത് മയക്കിയ നിലയിലായിരുന്നു കണ്ടത്. മയങ്ങാനുള്ള എന്തെങ്കിലും സ്‌പ്രേ നായയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് വീട്ടുകാരുടെ സംശയം.

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അതിതീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ചൊവ്വാഴ്ച ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോാ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി നാളെ ഇന്ന് വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും (Digha, പശ്ചിമ ബംഗാള്‍) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇതോടൊപ്പം കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ബെവ്കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാർശ

ബെവ്കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാർശ

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു.

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും. ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും.