ആറ്റിങ്ങൽ ചാത്തമ്പറ ചിറ സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത് നീന്തൽ പരിശീലനകേന്ദ്രമാക്കുക; സി.പി.ഐ.എം

ആറ്റിങ്ങൽ ചാത്തമ്പറ ചിറ സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത് നീന്തൽ പരിശീലനകേന്ദ്രമാക്കുക; സി.പി.ഐ.എം

: ആറ്റിങ്ങൽ ചാത്തമ്പറ ചിറ നീന്തൽ പരിശീലനകേന്ദ്രമാക്കണമെന്ന് സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റി പച്ചംകുളം ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ഏരിയാ കമ്മിറ്റി അംഗം എം പ്രദീപ് ഉദ്ഘാടനം ചെയ്തു. എൻ ശിവദാസൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രശാന്ത് സ്വാഗതം പറഞ്ഞു.

എൻ ആശാറാണി രക്തസാക്ഷി പ്രമേയവും ആർ .കെ രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ജി നാരായണ പിള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏര്യാകമ്മിറ്റി അംഗങ്ങളായ സി.ജി വിഷ്ണു ചന്ദ്രൻ,ആർ രാജു, ലോക്കൽകമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ചർച്ചകൾക്കും മറുപടിക്കും ശേഷം പുതിയ സെക്രട്ടറിയായി തുളസീധരൻ നായരെ തെരഞ്ഞെടുത്തു.

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

പാലക്കാട്: മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു.

മലപ്പുറം പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. വിവാഹത്തിനായി കുറച്ച് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഞ്ചിക്കോട്ട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്.

വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞിരുന്നു. വിഷ്ണുജിത്തിന് സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. കാണാതാകുന്നതിന് മുമ്പ് വിഷ്ണുജിത്ത് സുഹൃത്തിനെ വിളിച്ച് തനിക്ക് കുറച്ചാളുകള്‍ക്ക് പണം കൊടുക്കാനുണ്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ സീനാണ് എന്നും പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, വിഷ്ണുജിത്തിന് എന്തെങ്കിലും അപായം പറ്റിയിട്ടുണ്ടോയെന്ന് ആശങ്കയുണ്ടെന്നും യുവാവിന്റെ സഹോദരി പറയുന്നു. വിഷ്ണുജിത്തിനെ കണ്ടെത്താനായി മലപ്പുറം എസ്പി രണ്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രകൃതിവിരുദ്ധ പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

പ്രകൃതിവിരുദ്ധ പീഡനം; യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസ് എടുത്തത്. ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിന് ഹോട്ടലില്‍ വച്ച് ഫോണ്‍ നമ്പര്‍ കൈമാറിയ രഞ്ജിത്ത് പിന്നീട് ബംഗളുരുവില്‍ വച്ച് യുവാവിനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ നഗ്‌ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കും; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കും; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. പൂര്‍ണമായ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക. നാളെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും, റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പായിച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടിരുന്നു.

തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, നേരത്തെ ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നേരത്തെ പുറത്തു വിട്ടിരുന്നത്. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്.

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

ബംഗളൂരു: സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ ജീവന്‍ പണയം വച്ച് റീല്‍സ് ഷൂട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയത്. അവലബെട്ട മലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ നിന്ന് അപകടകരമായ രീതിയില്‍ പുഷ് അപ്പും പുള്ള് അപ്പും ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചത്. ഇയാള്‍ക്കൊപ്പമെത്തിയ സുഹൃത്ത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് പൊലീസ് കേസ് എടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അത്യന്തം അപകടരമായരീതിയില്‍ പ്രവൃത്തി നടത്തിയതിനാണ് കേസ് എടുത്തത്. യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള അവലബെട്ട ഏറെ അപകടകരമായ സ്ഥലമാണ്. 800 കിലോ മീറ്റര്‍ ഉയരുമുള്ള പാറയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ അവിടെയെത്തിയത്.

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.

കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.