കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്കരിച്ചു, മാറ്റങ്ങൾ ഇങ്ങനെ

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം പരിഷ്കരിച്ചു, മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകി അപ്ഗ്രേഡ് ചെയ്തു. ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പരിഷ്കാരം വരുത്തിയത്. പുതിയ ഡിസൈനിനും ഔട്ട്ലുക്കിനും പുറമേ തീയതി തെരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം അടക്കം നിരവധി അപ്ഡേഷനുകളാണ് കൊണ്ടുവന്നത്.

ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ബോർഡിംഗ് പോയിൻറുകൾ, ഡ്രോപ്പിംഗ് പോയിൻറുകൾ, ഏതൊക്കെ നഗരങ്ങൾ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കൽ നയവും ഓപ്ഷനുകൾ ഉപയോഗിച്ച് വേഗത്തിൽ അറിയാനാകുമെന്നും കെഎസ്ആർടിസി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഔട്ട്ലുക്കും ഡിസൈനും നൽകി അപ്ഗ്രേഡ് ചെയ്തു.

ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങൾ:-

പുതിയ ഡിസൈനും ഔട്ട്ലുക്കും

തീയതി തിരഞ്ഞെടുക്കുന്നതിൽ ലളിതമായ നൂതന സംവിധാനം ഏർപ്പെടുത്തി

ട്രിപ്പ് കോഡ്, സമയം, സീറ്റ് ലഭ്യത, ബസ് തരം, നിരക്ക് എന്നിവ വേഗത്തിൽ കണ്ടെത്തുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്

ബോർഡിംഗ് പോയിൻറുകൾ, ഡ്രോപ്പിംഗ് പോയിൻറുകൾ, ഏതൊക്കെ നഗരങ്ങൾ വഴിയാണ് തുടങ്ങിയ യാത്രാ വിവരങ്ങളും റദ്ദാക്കൽ നയവും ഓപ്ഷനുകൾ ഉപയോഗിച്ച് വേഗത്തിൽ അറിയാനാകും.

ഓപ്ഷനുകൾ വളരെ വേഗത്തിൽ കണ്ടെത്താവുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്

വിശദമായ ബോർഡിംഗ് & ഡ്രോപ്പിംഗ് പോയിൻറുകൾ

ഏതൊക്കെ നഗരങ്ങൾ വഴിയാണ് യാത്ര എന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രിയ യാത്രക്കാർക്ക് യാതൊരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഇല്ലാതെ വളരെ ലളിതമായി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പും ഉപയോഗിക്കാവുന്നതാണ്.

ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം  ഗാന്ധി ഭവനിലേയ്ക്ക്,!

ഓണ സമ്മാനവുമായി ‘സൗഹൃദ’ റെസിഡന്റ്‌സ് & പാലിയേറ്റീവ് സംഘം ഗാന്ധി ഭവനിലേയ്ക്ക്,!

കല്ലമ്പലം: 225 കുടുംബങ്ങൾ അടങ്ങിയ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഇക്കുറി ഓണക്കിറ്റ് എല്ലാ അംഗങ്ങൾക്കും സമീപ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്കും വിതരണം ചെയ്‌യുന്നതോടൊപ്പം അംഗങ്ങളിൽ നിന്നും സമാഹരിച്ച ഓണപ്പുടവകളും ധാന്യങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിക്ക്‌ ഓണ സമ്മാനമായി എത്തിച്ചു.

അരി, പായസം മിക്സ്‌, ഉപ്പേരി, പപ്പടം, ശർക്കര വരട്ടി എന്നിവ അടങ്ങിയ 250 ഓണ കിറ്റുകളുടെ വിതരണം വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

ഗാന്ധി ഭവൻ അന്തേവാസികൾക്കായി സമാഹരിച്ച സാധനങ്ങൾ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ വി. കെ.വിജയരാഘവൻ ഏറ്റുവാങ്ങി. ചടങ്ങിൽ മുൻപഞ്ചായത്തു പ്രസിഡന്റ്‌ ബി.വരദരാജൻ, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഖാലിദ് പനവിള, അറഫ റാഫി, സൈനുലബ്ദീൻ സൽസബീൽ, സോമശേഖരൻ നായർ, ജി.രാധാകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.

കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാചക ജീവനക്കാർക്ക് ഓണക്കോടി വിതരണം ചെയ്തു

കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാചക ജീവനക്കാർക്ക് ഓണക്കോടി വിതരണം ചെയ്തു

കഴക്കൂട്ടം റോട്ടറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട എല്ലാ പാചക ജീവനക്കാർക്കും ഓണക്കോടി, ഏപ്രൺ, ക്യാപ്പ്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ ആർ എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കണിയാപുരം സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് .എസ് നായർ പ്രസിഡൻറ്, റോട്ടറി ക്ലബ്ബ്, കഴക്കൂട്ടം അധ്യക്ഷo വഹിച്ചു.

അരുൺ വിഎസ് (നൂൺ മീൽ ഓഫീസർ), (കണിയാപുരം), പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ .ഉണ്ണികൃഷ്ണൻ പാറക്കൽ, ബി .പി .സി, ബി. ആര്‍. സി കണിയാപുരം ഉപജില്ല, ബിന്ദു, പ്രിൻസിപ്പൽ, ഗവൺമെൻറ് എച്ച് എസ് കഴക്കൂട്ടം, മണികണ്ഠൻ റോട്ടറി ക്ലബ്ബ്,കഴക്കൂട്ടം എന്നിവർ ആശംസ പ്രസംഗവും ഷീജധരൻ,പ്രഥമ അധ്യാപിക,ഗവൺമെൻറ് എച്ച്എസ്എസ് കഴക്കൂട്ടം കൃതജ്ഞതയും രേഖപ്പെടുത്തി.

ഉദ്ഘാടന ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നൂൺ മീൽ വിഭാഗത്തിലെ സജി കൃഷ്ണൻ, ശ്രീമതി ശാലിനി, (ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ കൺസൾട്ടന്റ്) എന്നിവർ കൈകാര്യം ചെയ്ത പോഷകാഹാരത്തെ കുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്. വിമാന സർവീസുകൾ 30 മിനിറ്റ് വരെ വൈകുന്നുമുണ്ട്. ബംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.

ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ

ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഓരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ബാബുരാജിനെതിരായ പീഡന പരാതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൊടുപുഴ: നടന്‍ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍ പരാതിക്കാരി സ്ഥലത്തില്ല. ഉത്തരേന്ത്യയിലുള്ള പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും റിസോര്‍ട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

യുവതിയുടെ പരാതിയില്‍ അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുക്കുകയായിരുന്നു.

യുവതിയില്‍ നിന്ന് ഫോണ്‍ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായിരുന്നു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബാബുരാജിന്റെ വാദം.