by Midhun HP News | Sep 8, 2024 | Latest News, കേരളം
തിരുവനന്തപുരം:ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച വീടുകൾ വിൽക്കാനുള്ള സമയപരിധി ഏഴ് വർഷമായി കുറച്ച് ഉത്തരവായി. മുമ്പ് ഇത് പത്തുവർഷമായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ധനസഹായം ലഭിച്ച് ഏഴ് വർഷം കഴിഞ്ഞവർക്ക് ശേഷിക്കുന്ന കാലയളവിലെ കരാർ റദ്ദ് ചെയ്ത് നൽകാനും സ്ഥലത്തിന്റെ രേഖകൾ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ തിരികെ നൽകാനും ആവശ്യമായ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അടിയന്തരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
by Midhun HP News | Sep 8, 2024 | Latest News, കേരളം
കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുനിസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി, താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം.
by Midhun HP News | Sep 8, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നഗരത്തില് നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്. താഴ്ന്ന പ്രദേശങ്ങളില് കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്ന്ന പ്രദേശങ്ങളില് ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര് പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗണ്സിലര്മാര് ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല് ഇന്ന് പുലര്ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്ത്തിവെച്ചു. വാല്വില് ലീക്ക് കണ്ടതിനെ തുടര്ന്നാണ് പമ്പിങ് നിര്ത്തിയത്. പൈപ്പിടല് ജോലികളും പൂര്ത്തിയായിട്ടില്ല. ഉച്ചയ്ക്ക് മുന്പായി താഴ്ന്ന പ്രദേശങ്ങളില് വെള്ളമെത്തിക്കുമെന്നായിരുന്നു മന്ത്രി വി ശിവന്കുട്ടി ഇന്നലെ നല്കിയ ഉറപ്പ്. ഉയര്ന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് വാട്ടര് അതോറിറ്റി അറിയിച്ചത്.
നഗരത്തില് പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളില് ലീക്ക് കണ്ടെത്തിയതിനാല് തുടരാനായിരുന്നില്ല. തകരാര് പരിഹരിച്ചതിന് ശേഷം പമ്പിങ് പൂര്ണ തോതില് തുടങ്ങുമെന്നാണ് വാട്ടര് അതോറിറ്റി അറിയിക്കുന്നത്. തിരുവനന്തപുരം – കന്യാകുമാരി റെയില്വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകള് മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടര്ന്നാണ് നാല് ദിവസമായി നഗരത്തില് കുടിവെള്ളം മുടങ്ങിയത്. 44 വാര്ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിര്ത്തിവച്ചിരുന്നത്. പൂര്ണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളില് ടാങ്കറുകളില് ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചു.
by Midhun HP News | Sep 7, 2024 | Latest News, ജില്ലാ വാർത്ത
പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം മത് ജന്മദിന പരിപാടികൾക്ക് കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് ഇ.ഫസിലുദ്ദീൻ പതാക ഉയർത്തിയതോടുകൂടി തുടക്കമായി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും വൈദ്യുതാലങ്കാരങ്ങളെല്ലാം ഒഴിവാക്കി വളരെ ലളിതമായ രീതിയിൽ ആണ് ഇത്തവണത്തെ നബിദിന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
മൗലീദ് പാരായണം, മതപ്രഭാഷണം,വാർഷിക സ്വലാത്ത് മജ്ലിസ്, മദ്രസ്സാ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ, നബിദിന സന്ദേശ യാത്ര, അന്നദാനം എന്നിവ മാത്രമായി പരിപാടികൾ ചുരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 8 മുതൽ 13 വരെ വൈകുന്നേരം 7 മണി മുതൽ പ്രഗല്ഭ പണ്ഡിതന്മാരായ വി.എച്ച് അലിയാർ ഖാസിമി, മുഹമ്മദ് തൗഫീഖ് ബാഖവി (മൂവാറ്റുപുഴ), അൽഹാഫിസ് ഇ.പി അബൂബക്കർ ഖാസിമി (പത്തനാപുരം)
പനവൂർ നവാസ് മന്നാനി, കുമ്മനം നിസാമുദ്ദീൻ അസ്ഹരി,എന്നിവരുടെ മതപ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബർ 12-ലെ വാർഷിക സ്വലാത്ത് മജിലിസിന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി നേതൃത്വം നൽകുന്നു. നബിദിന ദിവസം നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഈ വർഷത്തെ നബിദിന പരിപാടികൾക്ക് സമാപനമാകും.
by Midhun HP News | Sep 7, 2024 | Latest News, കേരളം
കേരളാഫയർസർവ്വീസ് അസ്സോസിയേഷൻ 42-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി ആറ്റിങ്ങൽ നിലയത്തിൻ്റെ യൂണിറ്റ് സമ്മേളനം സംഘടനയുടെ മുതിർന്ന അംഗം സി.ആർ. ചന്ദ്രമോഹൻ്റെ അദ്ധ്യക്ഷതയിൽ കൂടി. സമ്മേളനം സംഘടനയുടെ സംസ്ഥാന ട്രഷറർ ബൈജു കോട്ടായി ഉത്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി ബിജോയ്, മേഖലാ സെക്രട്ടറി ബൈജു. പി എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറ്റിങ്ങൽ നിലയത്തിലെ അംഗങ്ങളെ സമ്മേളനം ആദരിച്ചു. പുതിയ ഭാരവാഹികളായി നിഖിൽ എസ് നായർ(ലോക്കൽ കൺവീനർ), ജിഷ്ണു (ട്രഷറർ), മേഖല കമ്മിറ്റി പ്രതിനിധികളായി എം. എസ്.ബിജോയ്, എം.സതീശൻ, വി.പ്രതീപ്കുമാർ എന്നിവരെ തെരഞ്ഞെടുത്തു.
by Midhun HP News | Sep 7, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചു.
പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയിൽ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
റോഡിന് കുറുകെ ഉള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കം ചെയ്താൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂയെന്നും ചൂണ്ടിക്കാട്ടി നഗരസഭ ജൂണിൽ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്തു നൽകിയിരുന്നു. തുടർന്ന് പി.ഡബ്ല്യു.ഡിയും നഗരസഭയും ചേർന്ന് ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ എത്തിച്ച് ഓടയിൽ ഉണ്ടായ അടവ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്.
ഇതോടെ ആറ്റിങ്ങലിലെ പ്രധാന തിരക്കേറിയ പ്രദേശമായ ഇതിലുടെ ഉള്ള കാൽനടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി. ഇതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ തുടങ്ങിയതോടെ വിഷയത്തിൽ ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ. കുമാരി എന്നിവർ ഇടപ്പെടുകയും ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കുകയും ചെയ്തു.
ഓട പുനർ നിർമ്മിച്ച് പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയിൽ നിന്നും അടിയന്തരമായി ഫണ്ട് അനുവദിപ്പിച്ചു. എന്നാൽ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്നത്തിന് പരിഹാരം കാണാത്തതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചത്. തുടർന്ന്, ഓടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി ടെൻഡർ വിളിച്ചെങ്കിലും ടെൻഡർ എടുക്കാൻ കരാറുകാർ രംഗത്ത് വരാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ടെൻഡർ എടുക്കാൻ ആരെങ്കിലും തയ്യാറായാൽ ഓണം കഴിഞ്ഞ ഉടൻ പ്രശ്നം പരിഹരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് അറിയിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജി.വിഷ്ണുചന്ദ്രൻ, ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സുഖിൽ, പ്രസിഡൻ്റ് നന്ദുരാജ്, ട്രഷറർ അഖിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മങ്കാട്ടു,അർജുൻ കല്ലിംഗൽ,വെസ്റ്റ് മേഖലാ സെക്രട്ടറി സുജിൻ, ഈസ്റ്റ് മേഖലാ പ്രസിഡന്റ്റ് അരുൺ, നഗരസഭ കൗൺസിലർ നിതിൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
Recent Comments