by Midhun HP News | Sep 7, 2024 | Latest News, ദേശീയ വാർത്ത
വീണ്ടും സംഘര്ഷഭരിതമായി മണിപ്പൂര്. ജിരിബാമിലെ വെടിവെപ്പില് അഞ്ചുപേര് കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂര് ജില്ലയില് കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്ന് പുലര്ച്ചയോടെ ആയിരുന്നു ആക്രമണം. വീട്ടില് ഉറങ്ങുകയായിരുന്ന ആള്ക്കുനേരെ അക്രമി സംഘങ്ങള് എത്തി വെടിയുതിത്ത് കൊലപ്പെടുത്തി. വെടിവെപ്പില് അഞ്ചുപേര് കൊല്ലപ്പെട്ടു.നാലുപേര് ആയുധധാരികള് ആയിരുന്നുവെന്ന് മണിപ്പൂര് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മണിപ്പൂര് മുന് മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാള് കൊല്ലപ്പെടുകയും അഞ്ചുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ബിഷ്ണു പൂര് ഇംഫാല് ഈസ്റ്റ് ജില്ലകളില് ഒന്നിലധികം ഡ്രോണുകള് കണ്ടതായി പ്രദേശവാസികള് അറിയിച്ചു. ആക്രമണത്തിന് പിന്നില് കുക്കി വിഭാഗമാണെന്ന് മണിപ്പൂര് പോലീസ് പറഞ്ഞു.
മണിപ്പൂര് ഇന്റഗ്രിറ്റി കോര്ഡിനേറ്റിംഗ് കമ്മിറ്റി മണിപ്പൂരില് പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി നല്കി. സ്ഥിതിഗതികള് വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേര്ന്നു. സംഘര്ഷ സാധ്യതയുള്ള മേഖലകളില് കൂടുതല് സൈന്യത്തെ വിന്യസിച്ചു.
by Midhun HP News | Sep 7, 2024 | Latest News, കേരളം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ.
1971 ഓഗസ്റ്റ് ആറിന്, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തിൽ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. അനുഭവങ്ങൾ പാളിച്ചകളിൽ ക്യാമറയ്ക്ക് മുന്നിൽ നില്ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല് പുറത്തിറങ്ങിയ കാലചക്രം എന്ന സിനിമയിലാണ്. 1980 ൽ വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന് നായർ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില് അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന് നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്.
ഈ സിനിമയിൽ മമ്മൂട്ടിയ്ക്ക് ശബ്ദം നല്കിയത് ശ്രീനിവാസനാണ്.
1980ൽ ഇറങ്ങിയ കെ.ജി.ജോർജ്ജിന്റെ മേള എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങള്, കേരള- കാലിക്കറ്റ് സർവകലാശാലകളില് നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്.
മൂന്നു ദേശീയ അവാര്ഡുകളും പത്മശ്രീയും നേടി മഹാനടൻ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.
1951ന് സെപ്റ്റംബർ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില് ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആൽബർട്ട് സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളിൽ നിന്നായി പഠനം പൂര്ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്ഫത്തുമായുളള വിവാഹം.
ഏറ്റെടുക്കുന്ന വേഷങ്ങളോട് ഇദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സിൽ ഫ്രെയിം ചെയ്ത് വയ്ക്കുന്നതിൽ നിന്നറിയാം മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം.
സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകള്. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും, ജേർണലിസ്റ്റായും,മാഷായും, സാഹിത്യകാരനായും, അടിയാനായും, ഭൂതമായും, ചരിത്രപുരുഷനായും, അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങള്.
ഒരേ സിനിമയില് മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകൻ ദുല്ഖർ സല്മാൻ ഉൾപ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകൾ അണിയറയിൽ ഒരുങ്ങുകയാണ്.
മലയാളത്തില് ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നല്കിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാൽജോസും അമൽ നീരദും ആഷിക് അബുവും, അൻവർ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതർക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നല്കിയ ആത്മവിശ്വാസം ചെറുതല്ല.
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള് ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടേ എന്നും പ്രാർത്ഥിക്കുന്നുണ്ട് ആരാധകർ. ഇങ്ങനെ മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകള് കൊണ്ട് മൂടുകയാണ് കേരളക്കര.
by Midhun HP News | Sep 7, 2024 | Latest News, കേരളം
കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്ച്ച ഇന്ന്. നിര്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിനിധികളുമായി കൊച്ചിയിൽ രാവിലെ 11 മണിക്കാണ് ചര്ച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര് ചര്ച്ചയില് പങ്കെടുക്കും. സംവിധായകന് ഷാജി എന് കരുണ് ആണ് സമിതിയുടെ അധ്യക്ഷന്. നയരൂപീകരണ സമിതിയില് മുകേഷ് ഉള്പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു.
ഷാജി എന് കരുണ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റ ണി, മഞ്ജു വാര്യര്, ബി ഉണ്ണികൃഷ്ണന്, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്. വ്യക്തിപരമായ അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
സിനിമ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരുടെ നിര്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് മേഖലയിൽ ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് നിര്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളുമായി ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില് ഫെഫ്ക ഉള്പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും.
താര സംഘടനയായ അമ്മയ്ക്ക് നിലവിൽ ഭാരവാഹികള് ഇല്ലാത്തതിനാല് സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള് നിലവില് വന്ന ശേഷമായിരിക്കും ചര്ച്ച നടത്തുക. വിവിധ സംഘടനകളുമായി ചര്ച്ച നടത്തി കരട് രേഖ തയ്യാറാക്കി അത് സിനിമ കോണ്ക്ലേവില് അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്ച്ചകളുടെയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സര്ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. അവരുടെ കൂടെ അഭിപ്രയത്തെ തുടര്ന്നായിരിക്കും ഒരു സിനിമ നയം സര്ക്കാര് രൂപീകരിക്കുക.
by Midhun HP News | Sep 7, 2024 | Latest News, കേരളം
തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്ന് പിൻവലിച്ച സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി.
വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. പുതിയ അലോട്മെന്റ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെ അവസരമുണ്ട്.
by Midhun HP News | Sep 7, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. നാലുദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവില ഇന്നലെ പവന് 400 രൂപ വര്ധിച്ചിരുന്നു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. 53,440 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്ണവില എത്തിയിരുന്നു. തുടര്ന്ന് ഏറിയും കുറഞ്ഞും നില്ക്കുകയാണ് സ്വര്ണവില. ദിവസങ്ങളുടെ വ്യത്യാസത്തില് 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയിലാണ് ഇന്നലെ വര്ധന ഉണ്ടായത്.
by Midhun HP News | Sep 7, 2024 | Latest News, കേരളം
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് നടപടി. കുട്ടിയെ തട്ടിക്കൊണ്ടു പോകാന് നാലാമതൊരാള് കൂടി ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ സഹോദരന് പറഞ്ഞുവെന്നുമുള്ള റിപ്പോര്ട്ടുകളും പുറത്തുവന്നിരുന്നു.
ഇതില് എന്തെങ്കിലും വസ്തുതയുണ്ടോ എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമര്പ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.
പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
Recent Comments