അത്തച്ചമയ ഘോഷയാത്ര നാളെ

അത്തച്ചമയ ഘോഷയാത്ര നാളെ

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെ തൃപ്പൂണിത്തുറയില്‍ ഗതാഗതക്രമീകരണം. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ മുളന്തുരുത്തി, ചോറ്റാനിക്കര, -തിരുവാങ്കുളം,- സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന ചരക്കുവാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളത്തേക്കും പോകണമെന്ന് കേരള പൊലീസ് അറിയിച്ചു.

കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളില്‍നിന്ന് എറണാകുളത്തേക്ക് പോകേണ്ട സര്‍വീസ് ബസുകളും ചെറുവാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനിലെത്തി മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം ഭാഗങ്ങളില്‍നിന്ന് കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ടവ നടക്കാവ് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മുളന്തുരുത്തി, ചോറ്റാനിക്കരവഴി പോകണം.

എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും പേട്ട ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് മിനി ബൈപാസ്, കണ്ണന്‍കുളങ്ങരവഴിയും വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷനിലെത്തി ഇരുമ്പനം ജങ്ഷന്‍വഴിയും പോകണം. വെണ്ണല, എരൂര്‍ ഭാഗങ്ങളില്‍നിന്ന് കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ എരൂര്‍ ലേബര്‍ ജങ്ഷനില്‍നിന്ന് കിഴക്കോട്ടുതിരിഞ്ഞ് ട്രാക്കോ കേബിള്‍ ജങ്ഷനിലെത്തി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തി പോകണം.

മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളില്‍നിന്ന് എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള ചെറുവാഹനങ്ങളും സര്‍വീസ് ബസുകളും കരിങ്ങാച്ചിറ -ഇരുമ്പനം ജങ്ഷനിലെത്തി എസ്എന്‍ ജങ്ഷന്‍ പേട്ടവഴിയും ഭാരവാഹനങ്ങള്‍ കാക്കനാട്, പാലാരിവട്ടംവഴിയും പോകണം. ടിപ്പര്‍, ടാങ്കര്‍, കണ്ടെയ്‌നര്‍ ലോറികള്‍ക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനമുണ്ടാകില്ല. പുതിയകാവ് ഭാഗത്തുനിന്ന് മാര്‍ക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് ജങ്ഷനിലേക്ക് പ്രവേശനമില്ല.

ഘോഷയാത്ര വരുന്ന ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു, – കിഴക്കേകോട്ട, എസ്എന്‍ ജങ്ഷന്‍, അലയന്‍സ്,- വടക്കേകോട്ട, പൂര്‍ണത്രയീശക്ഷേത്രം, കണ്ണന്‍കുളങ്ങരമുതല്‍ മിനി ബൈപാസ്, പേട്ടവരെയുള്ള റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.

പുതിയകാവില്‍നിന്ന് വരുന്ന സര്‍വീസ് ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ കണ്ണന്‍കുളങ്ങര – ആശുപത്രി ജങ്ഷന്‍- മിനി ബൈപാസ് വഴി പോകണം. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക. നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയകാവ് അമ്പലത്തിന്റെ ഗ്രൗണ്ടിലും മരട്, പേട്ട എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മിനി ബൈപാസിലുള്ള എസ്എന്‍ വിദ്യാപീഠം, വെങ്കിടേശ്വര സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇരുമ്പനം പുതിയറോഡ് ജങ്ഷന്‍,- ചിത്രപ്പുഴ റോഡിന്റെ ഇടതുവശത്ത് ഗതാഗതതടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം.

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന്‍ എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ 2.30 ലക്ഷം രൂപ സംഭാവന ചെയ്തത്. സകലതും നശിപ്പിച്ച ഒരു ദുരന്തം അനുഭവിച്ചു നില്‍ക്കുകയാണ് വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും. അവര്‍ക്കുണ്ടായ, സങ്കല്‍പിക്കാന്‍ പോലുമാകാത്ത നഷ്ടങ്ങളില്‍നിന്ന് അവര്‍ മോചിതരാകാന്‍ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ദുരന്തബാധിതരുടെ സഹായത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ളതിലേക്ക് സംഭാവന ചെയ്തു.

തങ്ങളാല്‍ കഴിയുന്ന വിധം സംഭവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണ്, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാം, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

മകളെ ലൈംഗികമായി പീഡിപ്പിച്ചു: അച്ഛന് മരണം വരെ കഠിന തടവ്

മകളെ ലൈംഗികമായി പീഡിപ്പിച്ചു: അച്ഛന് മരണം വരെ കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ മരണം വരെ കഠിന തടവു ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു വട്ടമാണ് മരണം വരെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന കുട്ടിയെ പ്രതി അഞ്ചു വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറയുകയായിരുന്നു.

ക്ലാസ് ടീച്ചര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തിനകമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. 35 കാരനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? ഗവര്‍ണര്‍ പദവിയില്‍ നാളെ അഞ്ചു വര്‍ഷം തികയും

ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? ഗവര്‍ണര്‍ പദവിയില്‍ നാളെ അഞ്ചു വര്‍ഷം തികയും

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരിഫിന്റെ മുന്‍ഗാമിയായ ജസ്റ്റിസ് പി സദാശിവം ഗവര്‍ണര്‍ പദവിയില്‍ അഞ്ചു വര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു.

ഗവർണർക്ക് കാലാവധി നീട്ടിക്കൊടുക്കാനോ, പുതിയ ​ഗവർണറെ നിയമിക്കാനോ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാം. പുതിയ ഗവർണറെ നിയമിക്കുന്നതുവരെ നിലവിലെ ​ഗവർണർക്ക് തൽസ്ഥാനത്ത് തുടരാനാകും. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, കേരള ഗവർണർ സ്ഥാനത്ത് ആറുമാസം തികയും മുമ്പേ ഷീല ദീക്ഷിത്തിനെ മാറ്റിയിരുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാന സർക്കാരുമായി ഇടഞ്ഞും ഇണങ്ങിയും ആരിഫ് മുഹമ്മദ് ഖാൻ വാർ‌ത്തകളിൽ നിറഞ്ഞിരുന്നു. രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി, പലപ്പോഴും മുഖ്യമന്ത്രി- ​ഗവർണർ പിണക്കങ്ങൾ നേരിട്ടുള്ള ഏറ്റുമുട്ടലുകളുടെ വക്കത്തേക്ക് പോയിരുന്നു. ഇരുവരും പരസ്പരം മിണ്ടാത്ത സ്ഥിതിയുമുണ്ടായിരുന്നു.

പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ ​ഗവർണർ- സർക്കാർ പോര് മൂർധന്യത്തിലെത്തി. ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. ഇതിന് ഒൻപതു വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ തിരിച്ചടിച്ചു.

വൈസ് ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചും, താൽപ്പര്യമുള്ളവരെ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തും ​ഗവർണർ അധികാരം കാണിച്ചു. ​ഗവർണർക്കെതിരെ സിപിഎം എസ്എഫ്ഐയെ സമരരം​ഗത്തിറക്കി. ഇതിനു പിന്നാലെ ഗവർണർ സ്വന്തം സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചു. ഏറ്റവുമൊടുവിൽ നിയമസഭ പാസ്സാക്കിയ ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സർക്കാർ ​ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

ഏറ്റവുമൊടുവിൽ വയനാട് ഉരുൾപൊട്ടലുണ്ടായപ്പോൾ സർക്കാരിനൊപ്പം സഹകരിച്ചാണ് ​ഗവർണറുടെ പ്രവർത്തനം. ദുരന്തം നേരിട്ട സർക്കാരിന്റെ നടപടികളെ പൂർണമായും പിന്തുണച്ച ​ഗവർണർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല സംസ്ഥാനങ്ങളിൽ നിന്നും തുക നേടിയെടുത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ കൈപിടിച്ചു. 73 കാരനായ, മുൻ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ ബുലന്ദ് ഷഹർ സ്വദേശിയാണ്.

മൂന്ന് ദിവസം മരത്തില്‍ കുടുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്; അതിസാഹസികമായി രക്ഷിച്ച് വനം വകുപ്പ്

മൂന്ന് ദിവസം മരത്തില്‍ കുടുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്; അതിസാഹസികമായി രക്ഷിച്ച് വനം വകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ മൂന്ന് ദിവസമായി കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

ഒന്നര മണിക്കൂര്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി താഴെ ഇറക്കി. ഇതിനു ശേഷം മറ്റൊരു ചാക്കിലേക്ക് മാറ്റി. ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറി പാമ്പിനെ സഞ്ചിയിലേക്ക് കയറ്റിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്‍, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനവാസ കേന്ദ്രത്തില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.