by Midhun HP News | Sep 4, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ മനുഷ്യ അവയവ കടത്ത്, മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. വാളാഞ്ചേരി
സ്വദേശികളായ നജിമുദീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ 24 കാരിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. വർക്കല എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മലപ്പുറം വാളാഞ്ചേരിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മലപ്പുറത്ത് നിന്നും പ്രതികളെ കടയ്ക്കാവൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ കിഡ്നി എടുത്തു മാറ്റി കടത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്. മനുഷ്യ അവയവവുമായി ബന്ധപ്പെട്ട് ഏജന്റുമാരായി പ്രവർത്തിക്കുന്നവരിൽ പ്രധാന കണ്ണികളാണ് അറസ്റ്റിലായത്.
by Midhun HP News | Sep 4, 2024 | Latest News, ജില്ലാ വാർത്ത
തിനവിള: രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 6.30 മുതൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി കൈപ്പമഠം മഹേഷ് മഹാദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക്: 9495338319
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്ഹി: ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര് അമേരിക്കയില് വാഹനാപകടത്തില് മരിച്ചു. ഒരു കാര്പൂളിംഗ് ആപ്പ് വഴി ഇവര് കാറില് ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.
ടെക്സാസിലാണ് അപകടം. വെള്ളിയാഴ്ച അര്ക്കന്സാസിലെ ബെന്റണ്വില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദുരന്തം ഉണ്ടായത്. അപകടത്തെത്തുടര്ന്ന് അവര് സഞ്ചരിച്ചിരുന്ന എസ്യുവിയില് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങള് കത്തിക്കരിഞ്ഞ നിലയിലാണ്. ഐഡന്റിറ്റി സ്ഥിരീകരിക്കാന് ഡിഎന്എ പരിശോധനയെ ആശ്രയിക്കുകയാണ് അധികൃതര്.
ആര്യന് രഘുനാഥ്, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാര്ള, ദര്ശിനി വാസുദേവന് എന്നിവരാണ് മരിച്ചത്. ഡാലസിലെ ബന്ധുവിനെ സന്ദര്ശിച്ച് മടങ്ങുകയായിരുന്നു ആര്യന് രഘുനാഷും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാന് ബെന്റണ്വില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാര്ള. ടെക്സാസ് യൂണിവേഴ്സിറ്റിയില് നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദര്ശിനി വാസുദേവന് ബെന്റണ്വില്ലിലുള്ള അമ്മാവനെ കാണാന് പോകുകയായിരുന്നു. അവര് ഒരു കാര്പൂളിംഗ് ആപ്പ് വഴിയാണ് ഒരുമിച്ച് യാത്ര ചെയ്തത്. ആര്യന് രഘുനാഥും ഫാറൂഖ് ഷെയ്ക്കും ഹൈദരാബാദ് സ്വദേശികളാണ്. ദര്ശിനി വാസുദേവന് തമിഴ്നാട് സ്വദേശിയാണ്.
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യന് എന്ജിനീയറിങ് ബിരുദം പൂര്ത്തിയാക്കിയത്. ‘യുവാക്കളുടെ മാതാപിതാക്കള് മെയ് മാസത്തില് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനത്തിനായി യുഎസില് ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം, അവര് മകനോട് ഇന്ത്യയിലേക്ക് മടങ്ങാന് ആവശ്യപ്പെട്ടു. എന്നാല് രണ്ട് വര്ഷം കൂടി യുഎസില് ജോലി ചെയ്യാന് ആഗ്രഹിക്കുന്നുവെന്ന് ആര്യന് പറഞ്ഞു. വിധി ഇങ്ങനെയാണ് സംഭവിച്ചത്.’ -ബന്ധു പറഞ്ഞു.
അഞ്ച് വാഹനങ്ങളാണ് അപകടത്തില് പെട്ടത്. അപകടത്തില്പ്പെട്ടവര് സഞ്ചരിച്ചിരുന്ന എസ്യുവിയുടെ പിന്നില് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന് തീപിടിച്ച് യാത്രക്കാരെല്ലാം വെന്തുമരിക്കുകയായിരുന്നു.
by Midhun HP News | Sep 4, 2024 | Latest News, ദേശീയ വാർത്ത
ഡല്ഹി: ആഗോള തലത്തില് ഇന്ത്യന് മദ്യത്തിന് ആവശ്യകത വര്ധിച്ച പശ്ചാത്തലത്തില് മദ്യത്തിന്റെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന് കേന്ദ്രസര്ക്കാര് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. വരുംവര്ഷങ്ങളില് രാജ്യാന്തര വിപണിയില് മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപ സമ്പാദിക്കാനാണ് കേന്ദ്രസര്ക്കാര് ലക്ഷ്യമിടുന്നത്.
മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. നിലവില് ആഗോള മദ്യ കയറ്റുമതിയില് ഇന്ത്യ 40-ാം സ്ഥാനത്താണ്. മദ്യ കയറ്റുമതിയില് ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്ച്ചറല് ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്ട്ട് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ വിലയിരുത്തല്.
മെയ്ക്ക് ഇന് ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന് മദ്യത്തിന്റെ കയറ്റുമതി വര്ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത കുറച്ച് വര്ഷങ്ങള്ക്കുള്ളില് 8000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് അതോറ്റിയുടെ പ്രസ്താവനയില് പറയുന്നു. 2023-24ല് മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. യുഎഇ, സിംഗപ്പൂര്, നെതര്ലാന്ഡ്സ്, ടാന്സാനിയ, അംഗോള, കെനിയ, റുവാണ്ട എന്നി രാജ്യങ്ങളിലേക്കാണ് പ്രധാനമായി മദ്യം കയറ്റി അയക്കുന്നത്. ഡിയാജിയോ ഇന്ത്യ (യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്) യുകെയില് ‘Godawan’ എന്ന പേരില് മദ്യം വില്ക്കാന് ഒരുങ്ങുകയാണ്. രാജസ്ഥാനില് ഉല്പ്പാദിപ്പിക്കുന്ന മാള്ട്ട് വിസ്കി കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
by Midhun HP News | Sep 4, 2024 | Latest News, കേരളം
സിനിമ സീരിയല് നാടക നടന് വി പി രാമചന്ദ്രന് (81) അന്തരിച്ചു. സംവിധായകനും സംഗീത നാടക അക്കാദമി അവാര്ഡ് ജേതാവുമായിരുന്നു. 19 സിനിമകളില് അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്ഫോഴ്സ് ഉദ്യോഗസ്ഥനായ രാമചന്ദ്രന് 1987 മുതല് 2016 വരെ സിനിമയില് സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യര് ദ് ഗ്രേറ്റ് തുടങ്ങിയ സിനിമകളില് അഭിനയിച്ചു. നിരവധി സിനിമകളില് ശബ്ദം നല്കി.
ഭാര്യ: വത്സ രാമചന്ദ്രന് (ഓമന). മക്കള്: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന് (നര്ത്തകി, ചെന്നൈ). മരുമക്കള് : കെ മാധവന് (ബിസിനസ്, ദുബായ്), ശിവസുന്ദര് (ബിസിനസ്, ചെന്നൈ). സഹോദരങ്ങള്: പദ്മഭൂഷന് വി പി ധനജ്ഞയന്, വി പി മനോമോഹന്, വി പി വസുമതി, പരേതരായ വേണുഗോപാലന് മാസ്റ്റര്, രാജലക്ഷ്മി, മാധവികുട്ടി, പുഷ്പവേണി. പ്രശസ്ത നര്ത്തകന് പത്മഭൂഷന് വി.പി.ധനഞ്ജയന്റെ സഹോദരനാണ്.
by Midhun HP News | Sep 4, 2024 | Latest News, കേരളം
തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും.
ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തിൽ സർക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങൾ അപേക്ഷകനിൽ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകൻ സാക്ഷ്യപ്പെടുത്തണം.
കൃത്യമായ വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയുന്നത് സർക്കാർ– പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രമാണെന്നും സർക്കാർ ഇതര മേഖലയിൽ ജോലി ചെയ്യുന്നവർ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണു സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു റവന്യു വകുപ്പിന്റെ പുതിയ ഉത്തരവ്.
Recent Comments