by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന്റെ താല്ക്കാലിക ചുമതല നടന് പ്രേം കുമാറിന്. നിലവില് അക്കാദമി വൈസ് ചെയര്മാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു ചെയര്മാന് സ്ഥാനത്തേക്ക് പ്രേംകുമാറിന്റെ നിയമനം.
അക്കാദമി ചെയര്മാന് സ്ഥാനത്തേക്ക് ഷാജി എന് കരുണിന്റെയും ബിനാപോളിന്റെയും പേര് പരിഗണിച്ചിരുന്നു. എന്നാല് സര്ക്കാര് പ്രേംകുമാറിന് അക്കാദമി ചെയര്മാന്റെ താല്ക്കാലിക ചുമതല നല്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്ഡ് വിതരണം, സിനിമ കോണ്ക്ലേവ്, ഐഎഫ്എഫ്കെ ഉള്പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയര്മാന് സ്ഥാനത്ത് ഒരു നടന് വരുന്നത്.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകൽ പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരത്ത് നൽകിയ മൊഴിയാണ് ഊന്നുകൽ പൊലീസിലേക്ക് പരാതിയായി നൽകിയത്.
കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. വിദേശത്ത് വെച്ചു പീഡിപ്പിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്താണ് യുവതി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. നേര്യമംഗലം സ്വദേശിനിയാണ് പരാതിക്കാരി. ശ്രേയാ, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
by Midhun HP News | Sep 3, 2024 | Latest News, ദേശീയ വാർത്ത
കൊല്ക്കത്ത: ബലാത്സംഗക്കേസുകളില് അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന ‘അപരാജിത ബില്’ പശ്ചിമ ബംഗാള് നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില് പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്ന്ന അവസ്ഥയിലാകുകയോ ചെയ്താല് പ്രതിക്ക് വധശിക്ഷ ബില്ലില് നിര്ദേശിക്കുന്നു. ലൈംഗികപീഡനങ്ങളില് പ്രതിക്ക് പരോള് ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും ശുപാര്ശ ചെയ്യുന്നു.നിയമസഭ പാസ്സാക്കിയ ബില് അംഗീകാരത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്മുവിന് നല്കാനാണ് മമത സര്ക്കാരിന്റെ തീരുമാനം. ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള് എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില് ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി ഇതോടെ ബംഗാള് മാറി. കല്ക്കത്ത ആര് ജി കര് മെഡിക്കല് കോളജില് യുവ ഡോക്ടര് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം ശക്തമായതോടെയാണ് പുതിയ ബില് കൊണ്ടു വരാന് സര്ക്കാര് തീരുമാനിച്ചത്.
ബലാത്സംഗം മനുഷ്യത്വത്തിന് നേര്ക്കുള്ള ശാപമാണ്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള് തടയാന് സാമൂഹ്യ പരിഷ്കരണങ്ങള് ആവശ്യമാണ്. ബില് ചരിത്രപരമാണെന്നും, മറ്റു സംസ്ഥാനങ്ങള്ക്ക് മാതൃകയാണെന്നും, അപരാജിത ബില് നിയമസഭയില് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനര്ജി പറഞ്ഞു. ഭേദഗതി കൊണ്ടു വരുന്നതിലൂടെ, നിലവിലെ നിയമങ്ങളിലെ പഴുതുകള് അടയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. ബില് നിയമമായാല്, അന്വേഷണം അതിവേഗം പൂര്ത്തീകരിക്കുന്നതിനായി സ്പെഷല് അപരാജിത ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി മമത പറഞ്ഞു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തൃശൂര്: തൃശൂര് പൂരം അലങ്കോലമാക്കിയതില് രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില് പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്.
അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില് പൊലീസ് മാത്രമല്ല, മറ്റ് ചിലര് കൂടിയുണ്ടെന്ന് കൂടുതല് വിവരങ്ങള് പുറത്ത് വരുന്ന സാഹചര്യത്തില് സംശയിക്കുന്നുവെന്ന് സെക്രട്ടറി കെ ഗിരീഷ്കുമാര് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂര് പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉള്പ്പെട്ട ആളുകള് ദേവസ്വങ്ങളില് ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്കുമാര് പറഞ്ഞു.അതേ സമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്ട്ട് സര്ക്കാര് പുറത്ത് വിടാത്തത് ദുരൂഹമാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
by Midhun HP News | Sep 3, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്കൂര് ജാമ്യാപേക്ഷകളില് മറ്റന്നാള് കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന് എന്നിവരുടെ മുന്കൂര് ജാമ്യാപേക്ഷയില് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്ദേശിച്ചു.
മണിയന് പിള്ള രാജുവിന് എതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് എന്ന് പ്രോസിക്യൂഷന് പറഞ്ഞു. ഇതേതുടര്ന്ന് മണിയന് പിള്ള രാജുവിന്റെ മുന്കൂര് ജാമ്യാപേക്ഷ കോടതി തീര്പ്പാക്കി. മണിയന് പിള്ള രാജുവിന് സ്റ്റേഷനില് ഹാജരായി ജാമ്യം തേടാം എന്നും കോടതി ഉത്തരവിട്ടു.
പ്രതികള്ക്ക് മുന്കൂര് ജാമ്യാപേക്ഷ നല്കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടികള് രഹസ്യ മൊഴികളടക്കം നല്കിയ സാഹചര്യത്തില് മുന് കൂര് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില് മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് മുകേഷ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Recent Comments