കുഴിയിൽ വീണ് കെഎസ്ആർടിസി ബസിന്റെ ചില്ലു പൊട്ടി; വിദ്യാർഥി റോഡിലേക്കു തെറിച്ചു വീണു

കുഴിയിൽ വീണ് കെഎസ്ആർടിസി ബസിന്റെ ചില്ലു പൊട്ടി; വിദ്യാർഥി റോഡിലേക്കു തെറിച്ചു വീണു

പോത്തൻകോട്: റോഡിലെ കുഴിയിൽ വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ഉള്ളിൽ നിന്ന വിദ്യാർഥി പുറത്തേക്കു തെറിച്ചു വീണു. തലയ്ക്കു പരുക്കേറ്റ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി ആറ്റിങ്ങൽ വലിയകുന്ന് നവഭാരത് ഹയർസെക്കൻഡറി സ്കൂളിനു സമീപം ‘നിലാവ്’ ൽ പി.നവനീത് കൃഷ്ണ (17) യെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർമാണം നടക്കുന്ന ദേശീയപാത 66ൽ പള്ളിപ്പുറം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്കു പോകുകയായിരുന്നു ബസ്. പള്ളിപ്പുറം ജംക്ഷനിൽ നിന്നാണ് നവനീത് കൃഷ്ണ ബസിൽ കയറിയത്. ബസ് റോഡിലെ കുഴിയിൽ വീണതും ഗ്ലാസ് പൊട്ടുകയും പിടിവിട്ട് നവനീത് കൃഷ്ണ പുറത്തേക്കു തെറിക്കുകയുമായിരുന്നു. ദേശീയപാത 66 നിർമാണത്തിനായുള്ള വലിയ വാഹനങ്ങൾ കയറി റോഡിൽ വൻ കുഴികളുണ്ടായിട്ടും കരാർ കമ്പനി അധികൃത‍ർ അനങ്ങുന്നില്ല. അപകടങ്ങളും വർധിച്ചു. മംഗലപുരം ജംക്ഷനിൽ നിന്നു കാരമൂട് സിആർപിഎഫ് ജംക്ഷൻ വഴിയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. ഈ ഭാഗത്തും റോഡിൽ വൻ കുഴികളാണ്. ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും കരാ‍ർ ഏറ്റെടുത്തിട്ടുള്ള ആർഡിഎസ് കമ്പനി അനങ്ങാപ്പാറ നയത്തിലാണ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവില പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ഇടിവുണ്ട്. നാല് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെയും ഇന്നും സ്വർണവ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.

നിലയ്ക്കാമുക്ക് ഗവ. യു. പി. എസിൽ ബാല പദ്ധതികളുടെ ഉദ്ഘാടനം നടന്നു

നിലയ്ക്കാമുക്ക് ഗവ. യു. പി. എസിൽ ബാല പദ്ധതികളുടെ ഉദ്ഘാടനം നടന്നു

സ്റ്റാർസ് പദ്ധതിയുടെ കീഴിൽ എസ്. എസ്. കെ. നടപ്പിലാക്കിയ നിലയ്ക്കാമുക്ക് ഗവ. യു. പി. എസിലെ വർണ്ണക്കൂടാരം, ബാല പദ്ധതികളുടെ ഉദ്ഘാടനം ഒ. എസ്. അംബിക എം. എൽ. എ നിർവഹിച്ചു.
വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലാലിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ദേവദാസ് സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

എസ്. എസ്. കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി. വക്കം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ, വർക്കല ബി. ആർ. സി. ബി പി സി ദിനിൽ കെ. എസ്, സ്കൂൾ വികസന സമിതി ചെയർമാൻ പ്രവീൺ കുമാർ എന്നിവർ ആശംസ അറിയിച്ചു. എസ്. എം. സി. ചെയർമാൻ എസ്. വിജയൻ കൃതജ്ഞത രേഖപ്പെടുത്തുകയും വിശിഷ്ടാതിഥികളെല്ലാപേരും ചേർന്ന് വർണ്ണക്കൂടാരത്തിലെ വിവിധയിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം?; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധം?; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും

കൊച്ചി: സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണവും. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായാണ് വിവരം.

ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. ‘കസ്റ്റംസില്‍ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസില്‍ അയാള്‍ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കാണുന്നുണ്ട്. അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വര്‍ണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി.’- കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ സുജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

അതിനിടെ, മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാന്‍ പി വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ്പിയായിരിക്കെ, ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ പ്രശ്നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തില്‍ സുജിത് ദാസ് എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ സംസാരിക്കുന്നുണ്ട്.

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാ​ഗത്തിന് നാളെമുതൽ

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാ​ഗത്തിന് നാളെമുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിച്ചു. ഹൈസ്‌കൂൾ വിഭാഗം പരീക്ഷകളാണ്‌ ഇന്ന് നടക്കുക. യുപി പരീക്ഷകൾ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എൽപി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും പകൽ 1.30 മുതൽ 1.45 വരെയും കൂൾ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതൽ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളിൽ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകൾ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂൾ അടയ്‌ക്കും.

മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം നേടി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബു

മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം നേടി അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബു

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. വിദ്യാഭ്യാസമേഖലയിലെ പാഠ്യ – പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. 25 വർഷത്തിലേറെയായി അധ്യാപന മേഖലയിൽ മികവുറ്റ സേവനം നടത്തുന്ന എൻ. സാബു കുട്ടികളുടെ ക്രിയാത്മകവും സർഗപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 40 ഓളം പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. കെപിഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. സെപ്റ്റംബർ അഞ്ചിന് ദേശീയ അധ്യാപക ദിനത്തിൽ തിരൂർ തുഞ്ചൻ പറമ്പിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.